LiveTV

Live

National

അമിത് ഷായുടെ വാക്കിനു വിലയില്ലേ? സാരമില്ല, ഞാനിനി നിർബന്ധിക്കില്ല: കണ്ണൻ ഗോപിനാഥൻ

താൻ ഇപ്പോൾ ഡൽഹിയിൽ ഇല്ലാത്തതിനാൽ ചര്‍ചക്കുള്ള സമയം ഒരുദിവസം മുൻകൂട്ടി അറിയിക്കണമെന്നും കണ്ണൻ കത്തിൽ പറഞ്ഞു.

അമിത് ഷായുടെ വാക്കിനു വിലയില്ലേ? സാരമില്ല, ഞാനിനി നിർബന്ധിക്കില്ല: കണ്ണൻ ഗോപിനാഥൻ

ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ വിമർശനവുമായി സിവിൽ സർവീസിൽ നിന്നു രാജിവെച്ച കണ്ണൻ ഗോപിനാഥ് ഐ.എ.എസ്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംശയമുള്ളവരുമായി മൂന്നു ദിവസത്തിനുള്ളിൽ ചർച്ചയ്ക്കു തയ്യാറാണെന്നു പറഞ്ഞ അമിത് ഷായ്ക്ക്, സമയം ചോദിച്ച് കണ്ണൻ ഗോപിനാഥൻ കത്തയച്ചിരുന്നു. എന്നാൽ, മൂന്നു ദിവസമായിട്ടും മറുപടിയൊന്നുമില്ലെന്നും ഇത് ജനാധിപത്യത്തിന്റെ പാഠമാണെന്നും കണ്ണൻ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ഇംഗ്ലീഷ് ചാനലായ ടൈംസ് നൗ സംഘടിപ്പിച്ച ടൈംസ് നൗ സമ്മിറ്റിൽ മാധ്യമപ്രവർത്തക നവിക കുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് ചർച്ചക്കു തയ്യാറാണെന്ന കാര്യം അമിത് ഷാ പ്രഖ്യാപിച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് ഈ പ്രഖ്യാപനത്തിനെ എതിരേറ്റത്. അന്നേ ദിവസം തന്നെ കണ്ണൻ ഗോപിനാഥൻ ചർച്ചക്കു സമയം ചോദിച്ച് കണ്ണൻ ഗോപിനാഥൻ ആഭ്യന്തരമന്ത്രിക്ക് കത്തയക്കുകയും കത്തിന്റെ വിശദാംശങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവ സംബന്ധിച്ച് ചർച്ച നടത്താനുള്ള ക്ഷണം സ്വീകരിക്കുകയാണെന്നും സമയം അനുവദിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. താൻ ഇപ്പോൾ ഡൽഹിയിൽ ഇല്ലാത്തതിനാൽ ചര്‍ചക്കുള്ള സമയം ഒരുദിവസം മുൻകൂട്ടി അറിയിക്കണമെന്നും കണ്ണൻ കത്തിൽ പറഞ്ഞു. അമിത് ഷായെ ടാഗ് ചെയ്ത് ഇതേവിഷയത്തിൽ കണ്ണൻ ട്വീറ്റും ചെയ്തു.

എന്നാൽ, അമിത് ഷാ പ്രഖ്യാപിച്ച മൂന്നുദിവസ പരിധി അവസാനിച്ചിട്ടും ഇതുവരെ തനിക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്ന് കണ്ണൻ ട്വീറ്റ് ചെയ്തു.

'മൂന്നു ദിവസമായി. ഒരു പ്രതികരണവുമില്ല. അമിത് ഷായുടെ വാക്കുകൾക്ക് ഒരു വിലയും നൽകരുതായിരുന്നു. ഇതിനെ കബളിപ്പിക്കൽ എന്നു വിളിക്കേണ്ടി വരികയാണ്. ടെലിവിഷനിലിരുന്ന് എന്തെങ്കിലും വിളിച്ചുപറയുക, എന്നിട്ട് രക്ഷപ്പെടുക എന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് ചേർന്നതല്ല. വിഷമിക്കേണ്ട, ഞാനിനി ഇതിന്റെ പിന്നാലെ കൂടുന്നില്ല. പക്ഷേ, ഇത് ജനാധിപത്യത്തിലെ ഒരു പാഠമായി ഉൾക്കൊള്ളുക.'
കണ്ണൻ ഗോപിനാഥന്റെ ട്വീറ്റ്