LiveTV

Live

National

സ്വബോധമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ ? ‘വിവാഹമോചന’ പരാമര്‍ശത്തില്‍ മോഹന്‍ ഭഗവതിനെതിരെ സോനം കപൂര്‍

സ്ത്രീകൾ വീടുകളിൽ ഒതുങ്ങിയിരുന്നു. 2,000 വർഷം മുമ്പുള്ളത് മാത്രമല്ല, അതായിരുന്നു നമ്മുടെ സമൂഹത്തിന്റെ സുവർണ്ണകാലം

സ്വബോധമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ ? ‘വിവാഹമോചന’ പരാമര്‍ശത്തില്‍ മോഹന്‍ ഭഗവതിനെതിരെ സോനം കപൂര്‍

വിവാഹമോചനത്തെ കുറിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ചുമുള്ള ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവനക്ക് ബോളിവുഡ് താരം സോനം കപൂറിന്റെ മറുപടി. ഫെബ്രുവരി 16 ന് അഹമ്മദാബാദില്‍ ആർ‌.എസ്‌.എസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഭഗവതിന്റെ വിവാദ പ്രസ്താവന. വിദ്യാഭ്യാസവും സമ്പദ് ഭദ്രതയുമുള്ള കുടുംബങ്ങളിലാണ് വിവാഹമോചന കേസുകൾ കൂടുതലായി കാണപ്പെടുന്നത്. കാരണം വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരം കൂട്ടുമെന്നും ഇതോടെ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ''സ്വബോധമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ? പിന്തിരിപ്പൻ മണ്ടൻ പ്രസ്താവനകൾ'' എന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം.

രാഷ്ട്രീയ വിഷയങ്ങളിലും നേതാക്കളുടെ പ്രസ്താവനകളിലും തന്റെ അഭിപ്രായങ്ങൾ പതിവായി പ്രകടിപ്പിക്കാറുള്ള അപൂര്‍വം ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് സോനം കപൂര്‍. വിവാഹമോചനത്തെക്കുറിച്ച് ഭഗവത് സംസാരിച്ച പരിപാടിയിൽ ആർ‌.എസ്‌.എസ് പ്രവർത്തകർ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. "ഇപ്പോൾ വിവാഹമോചന കേസുകളുടെ എണ്ണം വളരെയധികം വർധിച്ചു. ആളുകൾ നിസ്സാര പ്രശ്‌നങ്ങളെച്ചൊല്ലി പോരടിക്കുകയാണ്. വിദ്യാസമ്പന്നരും സമ്പദ് ഭദ്രതയുമുള്ള കുടുംബങ്ങളിൽ വിവാഹമോചന കേസുകൾ കൂടുതലാണ്. കാരണം വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരം കൂട്ടും. അതിന്റെ ഫലമായി കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴും. കുടുംബം തകര്‍ന്നാല്‍ അത് പൊതു സമൂഹത്തേയും ബാധിക്കും. ഹിന്ദു സമൂഹം “സദ്‌ഗുണ സമ്പന്നവും സംഘടിതവും” ആയിരിക്കണം. സമൂഹം എന്ന് പറയുമ്പോൾ അത് പുരുഷന്മാർ മാത്രമല്ല. കഴിഞ്ഞ 2,000 വർഷമായി ഇവിടുത്തെ ആചാരങ്ങളുടെ ഫലമാണ് ഈ സമൂഹത്തിന്റെ അവസ്ഥയ്ക്ക് കാരണം. സ്ത്രീകൾ വീടുകളിൽ ഒതുങ്ങിയിരുന്നു. 2,000 വർഷം മുമ്പുള്ളത് മാത്രമല്ല, അതായിരുന്നു നമ്മുടെ സമൂഹത്തിന്റെ സുവർണ്ണകാലം,” ഭഗവത് പറഞ്ഞു.