LiveTV

Live

National

എന്‍.പി.ആറില്‍ കേന്ദ്ര സര്‍ക്കാര്‍ അനുനയ ചര്‍ച്ചക്ക്; പഞ്ചാബ് മുഖ്യമന്ത്രിയുമായി സെന്‍സസ് കമ്മീഷണര്‍ കൂടിക്കാഴ്ച നടത്തി

കേരളം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് എന്‍.പി.ആറിനെതിരായി പ്രമേയം പാസാക്കിയിട്ടുള്ളത്

എന്‍.പി.ആറില്‍ കേന്ദ്ര സര്‍ക്കാര്‍ അനുനയ ചര്‍ച്ചക്ക്; പഞ്ചാബ് മുഖ്യമന്ത്രിയുമായി സെന്‍സസ് കമ്മീഷണര്‍ കൂടിക്കാഴ്ച നടത്തി

എന്‍.പി.ആറില്‍ എതിര്‍പ്പറിയിച്ച സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചു. ചർച്ചകളുടെ ഭാഗമായി കേന്ദ്ര സെൻസസ് കമ്മീഷണർ വിവേക് ജോഷി പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ് തള്ളി മെയ് ഒന്നു മുതല്‍ എന്‍.പി.ആര്‍ നടപടികള്‍ ആരംഭിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി തുടങ്ങി.

എന്‍.പി.ആറില്‍ ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ ദൂരീകരിച്ച് എല്ലാ സംസ്ഥാനങ്ങളെയും ഒപ്പം നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ഇതിനായി സെന്‍സസ്, എന്‍.പി.ആര്‍ വിവര ശേഖരണത്തിന് നേതൃത്വം നല്‍കുന്ന രജിസ്ട്രോള്‍ ജനറല്‍ കൂടിയായ സെന്‍സസ് കമ്മീഷണര്‍ വിവേക് ജോഷിയെ നിയോഗിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഓരോരത്തരെയായി കണ്ട് കൂടിക്കാഴ്ച നടത്തും. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങുമായി വിവേക് ജോഷി കൂടിക്കാഴ്ച നടത്തി. കേരളം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് എന്‍.പി.ആറിനെതിരായി പ്രമേയം പാസാക്കിയിട്ടുള്ളത്.

ഇതിനിടെ മെയ് ഒന്ന് മുതല്‍ എന്‍.പി.ആര്‍ നടപടികള്‍ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. സഖ്യകക്ഷികളായ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും എതിര്‍പ്പ് തള്ളിയാണ് ഉദ്ധവ് താക്കറെ മുന്നോട്ട് പോകുന്നത്. ഭീമാ കൊറേഗാവ് കേസ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയതില്‍ എതിർപ്പില്ലെന്ന് കേന്ദ്രത്തെ അറിയിച്ച ഉദ്ധവ് താക്കറെയുടെ നടപടിക്കെതിരെ സഖ്യകക്ഷികളില്‍ അതൃപ്തി ശകതമായിരിക്കെയാണ് പുതിയ നീക്കം.