LiveTV

Live

National

പൗരത്വ ഭേദഗതിക്കെതിരായ നാടകം: അറസ്റ്റിലായ രണ്ട് സ്ത്രീകൾക്കും ജാമ്യം

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ഇരുവരും 14 ദിവസമായി ജയിലിലായിരുന്നു.

പൗരത്വ ഭേദഗതിക്കെതിരായ നാടകം: അറസ്റ്റിലായ രണ്ട് സ്ത്രീകൾക്കും ജാമ്യം

കർണാടകയിലെ ബീദറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന് പിന്നാലെ അറസ്റ്റിലായ രണ്ട് സ്ത്രീകൾക്കും ജാമ്യം. സ്കൂളിലെ പ്രധാനാധ്യാപികക്കും രക്ഷിതാവിനുമാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ഇരുവരും 14 ദിവസമായി ജയിലിലായിരുന്നു.

അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജിയിൽ കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. അഞ്ച് ദിവസത്തിനുളളിൽ മറുപടി നൽകാനാണ് നിർദേശം. ജനുവരി 26ന് വിദ്യാർഥികൾ സ്കൂളിൽ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിക്കെതിരെ പരാമർശമുണ്ടെന്ന് പറഞ്ഞാണ് പൊലീസ് കേസെടുത്തത്.

ജനുവരി 21നാണ് ബീദറിലെ ഷഹീന്‍ സ്‌കൂളിലെ കുട്ടികള്‍ പൌരത്വ നിയമം പ്രമേയമാക്കി നാടകം അവതരിപ്പിച്ചത്. നാടകത്തില്‍ മോദിയെ പരിഹസിച്ചു എന്നാരോപിച്ച് നാലും അ‍ഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ കേസില്‍ നിരന്തരം ചോദ്യം ചെയ്തു. 85 വിദ്യാര്‍ഥികളെയാണ് ചോദ്യം ചെയ്തത്. ദിവസവും അഞ്ചും ആറും മണിക്കൂറായിരുന്നു ചോദ്യം ചെയ്യല്‍.

പൊലീസ് യൂണിഫോമിലാണ് കുട്ടികളെ ക്ലാസില്‍ നിന്നിറക്കി ചോദ്യം ചെയ്തത്. പ്രതിഷേധം ശക്തമായപ്പോള്‍ യൂണിഫോം മാറ്റി പൊലീസ് സിവില്‍ വേഷത്തിലെത്തി. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പലരും കരഞ്ഞും വിറച്ചുമാണ് ക്ലാസുകളിലെത്തിയതെന്ന് രക്ഷിതാക്കള്‍ പറയുകയുണ്ടായി. കടുത്ത മാനസിക പീഡനമാണ് കുട്ടികള്‍ നേരിട്ടതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. പൊലീസ് അവരുടെ ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്നും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നുമാണ് പൊലീസ് അവകാശപ്പെട്ടത്.