LiveTV

Live

National

അസമിലെ തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിച്ചിട്ടുള്ളവരുടെ കണക്ക് നല്‍കണം: കേന്ദ്രത്തോട് സുപ്രീംകോടതി

കോടതി ഉത്തരവ് ലംഘിച്ച് നിരവധി പേരെ ഇപ്പോഴും തടവിലിട്ടിരിക്കുകയാണെന്ന് ആരോപിച്ചുള്ള ഹരജിയിലാണ് കോടതി നടപടി.

അസമിലെ തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിച്ചിട്ടുള്ളവരുടെ കണക്ക് നല്‍കണം: കേന്ദ്രത്തോട് സുപ്രീംകോടതി

അസം പൗരത്വ പട്ടികക്ക് പുറത്ത് വിദേശികളായി പ്രഖ്യാപിച്ച് തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിച്ചിട്ടുള്ളവരുടെ സ്ഥിതിവിവര കണക്കുകള്‍ കൈമാറണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. കോടതി ഉത്തരവ് ലംഘിച്ച് നിരവധി പേരെ ഇപ്പോഴും തടവിലിട്ടിരിക്കുകയാണെന്ന് ആരോപിച്ചുള്ള ഹരജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചിന്‍റേതാണ് ഉത്തരവ്.

അസം പൗരത്വ പട്ടിക പുതുക്കുന്നതിന്‍റെ ഭാഗമായി വിദേശികളെന്ന് കണ്ടെത്തിയവരെ മൂന്ന് വര്‍ഷത്തിലധികം തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ചില നിബന്ധനകള്‍ക്ക് വിധേയമായി ഇവരെ മോചിപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

ഒരു ലക്ഷം രൂപ കെട്ടി‍വെക്കണം. രണ്ട് ആള്‍ജാമ്യം ഏര്‍പ്പാടാക്കണം. മോചനത്തിന് ശേഷം താമസിക്കുന്ന വിലാസം കൈമാറണം. മോചനത്തിന് മുന്‍പ് ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിക്കണം എന്നിങ്ങനെയുള്ള നിബന്ധനകളോടെ മോചിപ്പിക്കണമെന്നായിരുന്നു ഉത്തരവ്.

എന്നാല്‍ ഇതുവരെയും ഈ ഉത്തരവ് പൂര്‍ണമായും നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് ഹരജിക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് കേന്ദ്രത്തോട് വിശദമായ റിപ്പോര്‍ട്ട് തേടിയത്.

ഇങ്ങനെ മൂന്ന് വര്‍ഷത്തിലധികമായി തടവില്‍ കഴിയുന്നവരുടെയും മോചിപ്പിച്ചവരുടെയും വിവരങ്ങള്‍ കൈമാറണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. തടങ്കല്‍ പാളയത്തിലെ ജീവിതം ഏറെ ദുസ്സഹമാണെന്ന് പൌരാവകാശ സംഘടനകൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. മാര്‍ച്ച് 20ന് ഹരജി വീണ്ടും പരിഗണിക്കും.