LiveTV

Live

National

സര്‍ക്കാര്‍ ചെലവില്‍ മതപഠനം വേണ്ട; അസമില്‍ 614 മദ്രസകള്‍ക്ക് പൂട്ടിട്ട് സര്‍ക്കാര്‍, 101 സംസ്കൃത പഠന കേന്ദ്രങ്ങളും പൂട്ടും

ഈ പഠന കേന്ദ്രങ്ങളെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തലത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. 

സര്‍ക്കാര്‍ ചെലവില്‍ മതപഠനം വേണ്ട; അസമില്‍ 614 മദ്രസകള്‍ക്ക് പൂട്ടിട്ട്  സര്‍ക്കാര്‍, 101 സംസ്കൃത പഠന കേന്ദ്രങ്ങളും പൂട്ടും

സർക്കാർ എയ്ഡഡ് മദ്രസകളും സംസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള അസം സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 614 സർക്കാർ എയ്ഡഡ് മദ്രസകളും 101 സംസ്‌കൃത പഠന കേന്ദ്രങ്ങളും ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഹൈസ്കൂള്‍, ഹയർ സെക്കൻഡറി സ്‌കൂളുകളാക്കി മാറ്റാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. പൊതുജനങ്ങളുടെ പണം ‘മതവിദ്യാഭ്യാസത്തിന്’ ഉപയോഗിക്കാൻ കഴിയില്ലെന്ന് അസമിലെ ധനകാര്യ വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ പത്രസമ്മേളനത്തിൽ പറഞ്ഞു.

''അറബിയും മതഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത് സർക്കാരിന്റെ ജോലിയല്ല. മതേതര രാജ്യത്ത് മതപഠനങ്ങള്‍ക്ക് സർക്കാർ ധനസഹായം നൽകാനാവില്ലെന്നും ശർമ്മ പറഞ്ഞു. ഈ നടപടി മദ്രസകളുടേത് പോലെ തന്നെ സംസ്‌കൃത പഠന കേന്ദ്രങ്ങള്‍ക്കും ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. “സര്‍ക്കാര്‍ സഹായത്തോടെ മദ്രസകളില്‍ മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഗീതയും ബൈബിളുമൊക്കെ ഇതേ രീതിയില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പഠിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്‌കൃത പഠന കേന്ദ്രങ്ങളിലും മദ്രസകളിലും ജോലി ചെയ്യുന്ന അധ്യാപകർക്ക് ഇനി മുതല്‍ വീട്ടിൽ തന്നെ കഴിയാമെന്നും വിരമിക്കുന്നതുവരെ ശമ്പളം നൽകുമെന്നും തൊഴിൽ നഷ്ടമാകുമെന്ന ഭയം വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രതിവർഷം അഞ്ച് കോടി രൂപയാണ് മതപഠനത്തിനായി സര്‍ക്കാര്‍ നീക്കിവെക്കുന്നത്. ഇതില്‍ മദ്രസകള്‍ക്ക് 3-4 കോടിയും സംസ്കൃത പഠന കേന്ദ്രങ്ങള്‍ക്ക് ഒരു കോടി രൂപയുമാണ് സർക്കാർ ചെലവഴിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.