LiveTV

Live

National

കെജ്‍രിവാളിന്റെ സത്യപ്രതിജ്ഞക്ക് കുഞ്ഞ് കെജ്‍രിവാളിന് ക്ഷണം

ഫെബ്രുവരി 16 ന് അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബേബി മഫ്ലർമാനെ ക്ഷണിച്ചിട്ടുണ്ടെന്ന് ആം ആദ്മി പാർട്ടി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

കെജ്‍രിവാളിന്റെ സത്യപ്രതിജ്ഞക്ക് കുഞ്ഞ് കെജ്‍രിവാളിന് ക്ഷണം

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ തകർപ്പൻ വിജയത്തിലേക്ക് നയിച്ച അരവിന്ദ് കെജ്‌രിവാൾ ഫെബ്രുവരി 16 ന് മുഖ്യമന്ത്രിയായി മൂന്നാം വട്ടം സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരു പ്രത്യേക അതിഥിയുമുണ്ടാകും. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം കെജ്‌രിവാളിനെപ്പോലെ വസ്ത്രം ധരിച്ച ആം ആദ്മി ഓഫീസിൽ എത്തിയ ഒരു വയസുകാരനാണ് ആ പ്രത്യേക അതിഥി. എ.എ.പി തൊപ്പിയും കണ്ണടയും ചുവന്ന സ്വെറ്ററും മഫ്ലറുമൊക്കെയായി എത്തിയ ആ കുഞ്ഞിനെ സോഷ്യല്‍മീഡിയ നെഞ്ചിലേറ്റിയിരുന്നു. ആം ആദ്മി പാർട്ടി ഈ കുഞ്ഞിനെ 'മഫ്ലർമാൻ' എന്നാണ് വിശേഷിപ്പിച്ചത്.

ഫെബ്രുവരി 16 ന് അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബേബി മഫ്ലർമാനെ ക്ഷണിച്ചിട്ടുണ്ടെന്ന് ആം ആദ്മി പാർട്ടി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഫെബ്രുവരി 16 ന് രാംലീല മൈതാനത്ത് നടക്കുന്ന പൊതുചടങ്ങിൽ ആം ആദ്മി മേധാവി അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി എം‌.എൽ‌.എമാരും തങ്ങളുടെ മണ്ഡലങ്ങളിൽ നിന്ന് വൻ ജനപങ്കാളിത്തം ഉറപ്പാക്കാൻ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 70 അംഗ നിയമസഭയിൽ 62 സീറ്റുകൾ ആം ആദ്മി പാർട്ടി നേടി. ബാക്കി 8 എണ്ണത്തിൽ ബി.ജെ.പിയും കോൺഗ്രസ് പൂജ്യത്തിലും ഒതുങ്ങി.

ആം ആദ്മി ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ സംസാരിച്ച മുതിർന്ന നേതാവ് മനീഷ് സിസോദിയ, കെജ്‌രിവാളിനൊപ്പം മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് വ്യക്തമാക്കി. മന്ത്രിമാരുടെ വകുപ്പുകൾ പിന്നീട് തീരുമാനിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു.

ആരായിരുന്നു ആ കുഞ്ഞ് കെജ്‍രിവാള്‍?

ഡല്‍ഹിയില്‍ ബി.ജെ.പിക്കെതിരായ ആംആദ്മിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ട്വിറ്ററില്‍ വൈറലായത് ഒരു കുഞ്ഞ് മഫ്ളറുടെ ഫോട്ടോയായിരുന്നു. ആംആദ്മിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ പുറത്തുവിട്ട മഫ്ളര്‍ ധരിച്ച കുഞ്ഞു കെജ്‍രിവാള്‍ ആരാണെന്ന് ചോദ്യം പിന്നീട് വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു. ഇതിനെല്ലാമുള്ള ഉത്തരം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

കെജ്‍രിവാളിന്റെ സത്യപ്രതിജ്ഞക്ക് കുഞ്ഞ് കെജ്‍രിവാളിന് ക്ഷണം

ഡല്‍ഹി ആംആദ്മി പ്രവര്‍ത്തകരായ രാഹുല്‍ തൊമാര്‍-മീനാക്ഷി ദമ്പതികളുടെ മകനാണ് ഒരുവയസുകാരനായ കുഞ്ഞ് മഫ്ളര്‍ അവ്യാന്‍ തോമര്‍. പിതാവ് രാഹുലിന്റെ തോളിലേന്തിയായിരുന്നു വിജയാഹ്ലാദവേദിയിലേക്കുള്ള അവ്യാന്റെ വരവ്. നേരത്തേയും രാഹുലിന്റെ കുടുംബം ആംആദ്മി പരിപാടികളില്‍ പങ്കെടുത്തിരുന്നു. 2015 ല്‍ രാംലീല മൈതാനത്ത് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍ അവ്യാന്റെ സഹോദരി ഫെയറിയായിരുന്നു കെജ്‌രിവാളിന്റെ രൂപത്തിലെത്തിയത്.

അതെ സമയം കുഞ്ഞ് കെജ്‍രിവാളിന്റെ ഫോട്ടോ വലിയ രീതിയിലാണ് ആംആദ്മിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും റീട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 3800ന് മുകളില്‍ പേരാണ് ഈ ഫോട്ടോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.