LiveTV

Live

National

നിര്‍ഭയ കേസ്: മരണ വാറണ്ട് പുറപ്പെടുവിക്കുന്നത് നീട്ടി, ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്ന മൌലികാവകാശങ്ങളുണ്ടെന്ന് പാട്യാല ഹൗസ് കോടതി അഡീ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണ നിരീക്ഷിച്ചു

നിര്‍ഭയ കേസ്: മരണ വാറണ്ട് പുറപ്പെടുവിക്കുന്നത് നീട്ടി, ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

നിർഭയ കൂട്ട ബലാത്സംഗ കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് പാട്യാല ഹൗസ് കോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റിവെച്ചു. ദയാഹരജി തള്ളിയത് ചോദ്യം ചെയ്തുള്ള പ്രതി വിനയ് ശർമയുടെ ഹരജി യില്‍ സുപ്രീംകോടതി വിധി വരാനിരിക്കുന്നത് കണക്കിലെടുത്താണ് കോടതി നടപടി.

വധശിക്ഷ നടപ്പാക്കുന്നതിനെ എതിർത്തും അനുകൂലിച്ചും പാട്യാല ഹൗസ് കോടതിക്ക് മുമ്പിൽ പ്രതിഷേധം അരങ്ങേറി. രാഷ്ട്രപതി ദയാഹരജി തള്ളിയ നടപടി ചോദ്യം ചെയ്ത് നിർഭയ കേസ് പ്രതി വിനയ് ശർമ നൽകിയ ഹരജിയിൽ സുപ്രീംകോടതി നാളെ വിധി പറയാനിരിക്കുന്നത് കണക്കിലെടുത്താണ് മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നാവിശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് പാട്യാല ഹൗസ് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചത്.

ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്ന മൌലികാവകാശങ്ങളുണ്ടെന്ന് പാട്യാല ഹൗസ് കോടതി അഡീ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണ നിരീക്ഷിച്ചു. ഇപ്പോള്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കുന്നത് നിയമപരമായ സങ്കീര്‍ണതകളുണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.

എത്ര നീട്ടിക്കൊണ്ടുപോയാലും ഒരു ദിവസം തൂക്കിലേറേണ്ടി വരുമെന്ന് കോടതി നടപടികൾക്ക് ശേഷം നിർഭയയുടെ മാതാവ് ആശാ ദേവി പറഞ്ഞു. വധശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പാട്യാല ഹൗസ് കോടതിക്ക് മുമ്പിൽ നടന്ന പ്രതിഷേധത്തിൽ ആശാ ദേവിയും പങ്കെടുത്തു.

അതേസമയം വധശിക്ഷക്കെതിരെയും കോടതിക്ക് മുമ്പിൽ പ്രതിഷേധം അരങ്ങേറി. വധശിക്ഷ നടപ്പിലാക്കുന്നത് കൊണ്ടു മാത്രം പീഡനങ്ങളില്ലാതാകില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.