LiveTV

Live

National

ദല്‍ഹി ബി.ജെ.പി നേതൃമാറ്റം; ആവശ്യം ശക്തമാകുന്നു

ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ വോട്ടര്‍മാരെ മുന്നില്‍ കണ്ടാണ് ബി.ജെ.പി ദല്‍ഹി തെരഞ്ഞെടുപ്പില്‍ തന്ത്രം മെനഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍

ദല്‍ഹി ബി.ജെ.പി നേതൃമാറ്റം; ആവശ്യം ശക്തമാകുന്നു

തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു ശേഷം ദല്‍ഹി ബി.ജെ.പിയില്‍ നേതൃമാറ്റ ആവശ്യം ശക്തമാകുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ‍ രാജിക്കൊരുങ്ങിയെന്ന റിപ്പോര്‍ട്ടുകളെ ബി.ജെ.പി ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി തള്ളി.

ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ വോട്ടര്‍മാരെ മുന്നില്‍ കണ്ടാണ് ബി.ജെ.പി ദല്‍ഹി തെരഞ്ഞെടുപ്പില്‍ തന്ത്രം മെനഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. മനോജ് തിവാരിയെ പാര്‍ട്ടിയുടെ അധ്യക്ഷനാക്കിയതിനു പിന്നിലും ഇതായിരുന്നു പ്രധാന പരിഗണന. ബി.ജെ.പി ദല്‍ഹിയില്‍ നേടിയ എട്ടില്‍ ആറ് സീറ്റും തിവാരിയുടെ സ്വാധീന മേഖലയില്‍ നിന്നാണ്. മറുഭാഗത്ത് ജനസംഘകാലം തൊട്ട് ഒപ്പം നില്‍ക്കുന്ന ഹിന്ദുത്വ വോട്ടുബാങ്കില്‍ തിവാരിക്കെതിരെ അസംതൃപ്തി ഉണ്ടായിരുന്നുവെന്നാണ് സൂചന. വിജയ് ഗോയല്‍, ഹര്‍ഷ്‌വര്‍ധന്‍ സിംഗ് മുതലായ ദല്‍ഹി നേതാക്കള്‍ക്കു കാര്യമായ പങ്ക് ഉണ്ടായിരുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംഘവുമാണ് ദല്‍ഹി തെരഞ്ഞെടുപ്പിലെ ഓരോ കരുക്കളും നീക്കികൊണ്ടിരുന്നത്. കേജരിവാളില്‍ നിന്നും ഏറ്റുവാങ്ങിയ കനത്ത പരാജയം ഞെട്ടിച്ചുവെങ്കിലും ദല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനം കൂടിയത് ചൂണ്ടിക്കാട്ടി പിടിച്ചു നില്‍ക്കുകയാണ് ബി.ജെ.പി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു തൊട്ടുപിന്നാലെ ദല്‍ഹിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതാണ് ആം ആദ്മിക്ക് നേട്ടമായത്. എന്നാല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവുമൊക്കെ ഏറെ വൈകിയാണ് ആരംഭിച്ചത്. ഭരണനേട്ടങ്ങള്‍ ചര്‍ച്ചക്കുവെച്ച് കെജ്‍രിവാള്‍ കാണിച്ച മാതൃക പരക്കെ പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും ആസന്നമായ ബീഹാര്‍, ബംഗാള്‍ തെരഞ്ഞെടുപ്പുകളില്‍ തീ്രവദേശീയ വിഷയങ്ങളിലൂന്നിയ പ്രചാരണം ബി.ജെ.പി ഉപേക്ഷിക്കാനിടയില്ല. കനത്ത പരാജയത്തിനിടയിലും 6ശതമാനം വോട്ടുകള്‍ വര്‍ധിച്ചത് ദല്‍ഹിയില്‍ നടത്തിയ പ്രചാരണ ശൈലിക്ക് ലഭിച്ച അംഗീകാരമായാണ് ബി.ജെ.പി കാണുന്നത്.