ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികളുടെ കേസിന്റെ വിശദാംശങ്ങള്‍ പത്രങ്ങളിലും സോഷ്യല്‍മീഡിയയിലും പാര്‍ട്ടികള്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി
കഴിഞ്ഞ അവസാന നാല് പൊതു തെരഞ്ഞെടുപ്പുകളിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.

ക്രിമിനൽ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ കേസുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി. വിധി നടപ്പാക്കാത്ത രാഷ്ട്രപാർട്ടികളെ കുറിച്ചുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയെ അറിയിക്കണം. വിവരം നല്‍കാത്ത പാർട്ടികള്‍ക്കെതിരെ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. കഴിഞ്ഞ അവസാന നാല് പൊതു തെരഞ്ഞെടുപ്പുകളിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. വിധി വരാത്ത ക്രിമിനൽ കേസുകളില്‍ പ്രതികളായവരെ സ്ഥാനാർഥികളാക്കാന്‍ തീരുമാനിച്ചതിന്റെ കാരണം എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യക്തമാക്കണമെന്നും സുപ്രിംകോടതി അറിയിച്ചു.
ജസ്റ്റിസുമാരായ ആർ.എഫ് നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് രാഷ്ട്രീയ പാർട്ടികളോട് പ്രതികളായ സ്ഥാനാര്‍ഥികളുടെ കേസിന്റെ വിശദാംശങ്ങള്‍ ഒരു പ്രാദേശിക ഭാഷാ പത്രത്തിലും ഒരു ദേശീയ പത്രത്തിലും ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം വര്‍ധിക്കുകയാണെന്ന ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. സ്ഥാനാർഥികളുടെ മുന്‍കാല ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട 2018 സെപ്റ്റംബറിലെ വിധിന്യായത്തിലെ സുപ്രിംകോടതിയുടെ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റവാളികളെ സ്ഥാനാര്‍ഥികളാക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാർട്ടികളെ തടയണമെന്ന് സുപ്രിംകോടതി അഭിഭാഷകനും ഹരജിക്കാരനുമായ അശ്വിനി ഉപാധ്യായ ആവശ്യപ്പെട്ടു.