LiveTV

Live

National

‘കാമുകി-കാമുകന്‍മാരെ വളഞ്ഞ് നിര്‍ത്തി പുല്‍വാമ രക്തസാക്ഷി ദിനം ഓര്‍മിപ്പിക്കും’; ബജ്റംഗ്ദള്‍ പ്രണയദിനം ‘ആഘോഷിക്കുന്നത്’ ഇങ്ങനെ

‘കാമുകി-കാമുകന്‍മാരെ വളഞ്ഞ് നിര്‍ത്തി പുല്‍വാമ രക്തസാക്ഷി ദിനം ഓര്‍മിപ്പിക്കും’; ബജ്റംഗ്ദള്‍ പ്രണയദിനം ‘ആഘോഷിക്കുന്നത്’ ഇങ്ങനെ

പ്രണയദിനത്തില്‍ കാമുകി-കാമുകന്‍മാരായി പുറത്തിറങ്ങുന്നവര്‍ക്ക് നേരെ ബജ്റംഗ്ദളിന്റെ പുല്‍വാമ രക്തസാക്ഷി ദിന ഓര്‍മ്മപ്പെടുത്തല്‍. വി.എച്ച്.പിയുടെ വിദ്യാര്‍ഥി വിഭാഗമായി ബജ്റംഗ്ദളാണ് പ്രണയദിനമായ ഫെബ്രുവരി 14 പുല്‍വാമ രക്തസാക്ഷി ദിനമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ തിയതിയിലാണ് പുല്‍വാമയില്‍ ചാവേര്‍ ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ഓര്‍മ്മ പുതുക്കിയാണ് ബജ്റംഗ്ദള്‍ വ്യത്യസ്തമായ രക്തസാക്ഷി ദിന ഓര്‍മ്മപ്പെടുത്തലുമായി നിരത്തിലിറങ്ങുന്നത്.

പുല്‍വാമ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി തെലങ്കാനയുടെ 150ഓളം വിവിധ കേന്ദ്രങ്ങളില്‍ പുല്‍വാമ ദിനാചരണമുണ്ടാകുമെന്ന് ബജ്റംഗ്ദള്‍ വ്യക്തമാക്കി. ഹൈദരാബാദിലെ എല്‍.ബി നഗര്‍, അബിഡ്സ്, സെക്കന്തരാബാദ്, ഇന്ദിര പാര്‍ക്ക്, മൂസപേട്ട്, ബൊവന്‍പള്ളി എന്നീ പ്രദേശങ്ങളുള്‍പ്പെട്ട 25 കേന്ദ്രങ്ങളിലാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടി കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരവര്‍പ്പിക്കുന്നത്. പരിപാടി സംഘടിപ്പിക്കുന്നയിടങ്ങളില്‍ കാണുന്ന കാമുകി-കാമുകന്‍മാരെ നിരീക്ഷിക്കുകയും വളഞ്ഞുവെക്കുകയും ചെയ്യുമെന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. വളഞ്ഞുവെക്കുന്ന കാമുകി-കാമുകന്മാരോട് പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരവര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും ബജ്റംഗ്ദള്‍ വ്യക്തമാക്കി.

അതെ സമയം വിഷയത്തില്‍ പ്രതികരണവുമായി ബജ്റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ രംഗത്തുവന്നു. ‘പ്രണയദിനം എന്നത് വിഷമേറിയ പാശ്ചാത്യ സംസ്കാരമാണ്. അത് നമ്മുടെ രാജ്യത്ത് പ്രചരിച്ച് നമ്മുടെ യുവാക്കളുടെ ധാര്‍മികമായ മൂല്യങ്ങള്‍ ഇല്ലാതാക്കുന്നു. നിരവധി യുവതി-യുവാക്കളുടെ വിലപ്പെട്ട ജീവിതമാണ് ഈ പാശ്ചാത്യ ആശയം കാരണം നഷ്ടപ്പെട്ടു പോകുന്നത്. ഈ പാശ്ചാത്യ സംസ്കാരം നമ്മുടെ യുവാക്കളെ വഴിതെറ്റിക്കുകയാണ്’; ബജ്റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ പ്രതികരിച്ചു.

ഫെബ്രുവരി 14ന് ഏതെങ്കിലും കാമുകി-കാമുകന്‍മാരെ നിരത്തുകളില്‍ കാണുകയാണെങ്കില്‍ എന്ത് കൊണ്ടാണ് ഇങ്ങനെ കറങ്ങിനടക്കുന്നതെന്ന് ചോദിക്കുമെന്നും അവരുടെ മാതാപിതാക്കളെ വിളിക്കുമെന്നും ബജ്റംഗ്ദളിന്റെ ഭീഷണിയുണ്ട്. കാമുകി-കാമുകന്‍മാര്‍ക്ക് കൗണ്‍സിലിംഗ് സെഷന്‍ നല്‍കുമെന്നും അതിന് ശേഷമായിരിക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരവര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയെന്നും സുഭാഷ് ചന്ദര്‍ പറയുന്നു.

അതെ സമയം ഇക്കഴിഞ്ഞ ബുധനാഴ്ച്ച ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹൈദരാബാദില്‍ പ്രണയദിന ഗ്രീറ്റിംഗ് കാര്‍ഡുകള്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. പ്രണയദിനത്തില്‍ പ്രത്യേക ഓഫറുകളുമായി രംഗത്തുവരുന്ന മാളുകള്‍, പബ്ബുകള്‍, ഹോട്ടലുകള്‍, കോഫി കടകള്‍ എന്നിവര്‍ക്കെതിരെ മുന്നറിയിപ്പുമായി ബജ്റംഗ്ദള്‍ നേരത്തെ രംഗത്തുവന്നിരുന്നു.