LiveTV

Live

National

അമാനത്തുല്ല ഖാന്റെ വിജയം ആഘോഷിച്ചതിന് ബന്ധുക്കള്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദനം

അടുത്തിടെ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ബ്രഹ്മ സിങിനെ 71,827 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഒഖ്‌ല നിയോജകമണ്ഡലത്തിലെ എം‌.എൽ.‌എ ആയിരുന്ന അമാനത്തുല്ല ഖാൻ സീറ്റ് നിലനിർത്തിയത്

അമാനത്തുല്ല ഖാന്റെ വിജയം ആഘോഷിച്ചതിന് ബന്ധുക്കള്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദനം

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുല്ല ഖാന്റെ വമ്പന്‍ ജയം ആഘോഷമാക്കിയതിന് ബന്ധുക്കളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. മീററ്റിലാണ് സംഭവം. യു.പി പൊലീസ് തന്നെ ക്രൂരമായി ആക്രമിച്ചുവെന്ന് അമാനത്തുല്ല ഖാന്റെ ബന്ധു പറഞ്ഞു. ജയം ആഘോഷിക്കുന്നതിനിടെ പൊലീസ് തന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചതായും മറ്റ് ബന്ധുക്കളെയും ഗ്രാമീണരെയും മർദ്ദിച്ചതായും യുവതി ആരോപിച്ചു.

അടുത്തിടെ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ബ്രഹ്മ സിങിനെ 71,827 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ശാഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഒഖ്‌ല നിയോജകമണ്ഡലത്തിലെ എം‌.എൽ.‌എ ആയിരുന്ന അമാനത്തുല്ല ഖാൻ സീറ്റ് നിലനിർത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം വോട്ടെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി എം‌.എൽ‌.എയുടെ ബന്ധുക്കൾ ആഘോഷം ആരംഭിച്ചു. ഇതിനിടെയാണ് പൊലീസ് ഇടപെടലുണ്ടായത്. ബന്ധുക്കളെ പൊലീസുകാർ ലാത്തിചാർജ് ചെയ്തുവെന്നും സ്ത്രീകളോട് മോശമായി പെരുമാറിയെന്നും യുവതി ആരോപിച്ചു.

“എന്റെ അമ്മാവൻ സമീപത്തുണ്ടായിരുന്ന പൊലീസുകാര്‍ക്ക് മധുരപലഹാരങ്ങൾ നല്‍കാന്‍ പോയതായിരുന്നു. ഇത് ഒരു ആഘോഷമാണെന്നും പ്രതിഷേധമല്ലെന്നും അദ്ദേഹം പൊലീസുകാരോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസ് ഇദ്ദേഹത്തെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും അവരുടെ വാഹനത്തിലേക്ക് വലിച്ചിടുകയും ചെയ്തത്. ഞാൻ ഇത് കണ്ട് രക്ഷിക്കാൻ ഓടിച്ചെന്നു. അപ്പോള്‍ ആ പൊലീസുകാർ എന്നെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു. ”ബന്ധുവായ യുവതി ആരോപിച്ചു.

യുവതിയുടെ കഴുത്തിൽ ചുവന്ന അടയാളവും വ്യക്തമാണ്. ഒരു പൊലീസുകാരൻ തന്റെ ‘ദുപ്പട്ട’ ബലമായി വലിച്ചുമാറ്റിയെന്നും യുവതി ആരോപിച്ചു. എന്നാല്‍ പ്രദേശത്ത് 144-ാം വകുപ്പ് ചുമത്തിയിരുന്നതിനാൽ വിജയാഘോഷം നടത്താൻ അനുമതിയുണ്ടായിരുന്നില്ലെന്നാണ് പൊലീസ് വാദം. ഖാന്റെ ബന്ധുക്കൾക്കും ഗ്രാമവാസികൾക്കുമെതിരെ പൊലീസ് 144 വകുപ്പ് ലംഘിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.