LiveTV

Live

National

വിദ്വേഷം വിളമ്പിയിടത്തെല്ലാം ബി.ജെ.പിക്ക് ദയനീയ തോല്‍വി

പ്രചാരണത്തിനിടെ എതിരാളികളെ ലക്ഷ്യമിട്ട് നേതാക്കൾ വിവാദ പരാമർശങ്ങൾ നടത്തിയ മണ്ഡലങ്ങളിൽ ബി.ജെ.പി വന്‍തിരിച്ചടിയാണ് നേരിട്ടത്.   

വിദ്വേഷം വിളമ്പിയിടത്തെല്ലാം ബി.ജെ.പിക്ക് ദയനീയ തോല്‍വി

സമീപകാലത്ത് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രചാരണം നടന്ന തെരഞ്ഞെടുപ്പായിരുന്നു ഡല്‍ഹിയില്‍ കഴിഞ്ഞുപോയത്. ബി.ജെ.പി നേതാക്കളെല്ലാം പരമാവധി വിദ്വേഷ, വര്‍ഗീയ പ്രസ്താവനകള്‍ നടത്താന്‍ മത്സരിക്കുകയായിരുന്നു. സി.എ.എക്കെതിരായ പ്രതിഷേധത്തെ ഉന്നംവെച്ചായിരുന്നു ഇതില്‍ ബഹുഭൂരിപക്ഷവും വിദ്വേഷ പ്രചാരണം തുറന്നുവിട്ടത്. ഇതിന്റെ പേരില്‍ ബി.ജെ.പിയുടെ പല നേതാക്കള്‍ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തിരുന്നു. ഏതായാലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബി.ജെ.പിയുടെ സകല കണക്കുകൂട്ടലുകളും തെറ്റി. വിദ്വേഷം വിളമ്പിയിടത്തെല്ലാം ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിരാളികളെ ലക്ഷ്യമിട്ട് നേതാക്കൾ വിവാദ പരാമർശങ്ങൾ നടത്തിയ മണ്ഡലങ്ങളിൽ ബി.ജെ.പി വന്‍തിരിച്ചടിയാണ് നേരിട്ടത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു ബി.ജെ.പിയുടെ വിവാദ പ്രസ്താവനകള്‍ക്ക് ചുക്കാന്‍ പിടിച്ചവരില്‍ ഒരാള്‍. യോഗി റാലി നയിച്ച 12 നിയോജകമണ്ഡലങ്ങളിൽ മൂന്ന് സീറ്റുകൾ മാത്രമാണ് ബി.ജെ.പി നേടിയത്. ആം ആദ്മി പാർട്ടി 62 സീറ്റുകള്‍ പിടിച്ചടക്കിയപ്പോള്‍ ബി.ജെ.പി വെറും എട്ടു സീറ്റുകളില്‍ ഒതുങ്ങി. പത്‌പർഗഞ്ച്, കിരാരി, മെഹ്‌റൌലി, ഉത്തം നഗർ, ദ്വാരക, തുഗ്ലകാബാദ്, വികാസ്പുരി, രോഹിണി, കാരവാൽ നഗർ, ജഹാംഗീർപുരി, ബദർപൂർ എന്നിവിടങ്ങളിലെ ബി.ജെ.പി സ്ഥാനാർഥികൾക്കായാണ് യോഗി തെരഞ്ഞെടുപ്പ് റാലികള്‍ നയിച്ചത്. ആം ആദ്മി സർക്കാർ ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് “ബിരിയാണി” വിളമ്പുകയാണെന്നായിരുന്നു യോഗിയുടെ റാലികളില്‍ ആവര്‍ത്തിച്ചുകേട്ട പ്രസ്താവന. ഇതിന്റെ പേരില്‍ യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ബി.ജെ.പിയുടെ രാംവീർ സിങ് ബിദുരി, മോഹൻ സിങ് ബിഷ്ത്, വിജേന്ദർ ഗുപ്ത എന്നിവർ വിജയികളായ ബദർപൂർ, കാരവാൾ നഗർ, രോഹിണി എന്നിവിടങ്ങളില്‍ ഒഴികെ ബാക്കി പാർട്ടി സ്ഥാനാർഥികളെല്ലാം തോറ്റു. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചെങ്കിലും ചെറിയ ഭൂരിപക്ഷമാണ് ലഭിച്ചത്. രോഹിണിയില്‍ മാത്രമാണ് കുറച്ചെങ്കിലും മെച്ചപ്പെട്ട വിജയമുണ്ടാക്കാന്‍ ബി.ജെ.പിക്കായത്.

പശ്ചിമ ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പി പർവേഷ് വർമ്മ വിവാദ പരാമർശം നടത്തിയ ജനക്പുരിയിൽ ബി.ജെ.പി സ്ഥാനാർഥി ആശിഷ് സൂദ് ആം ആദ്മി പാർട്ടിയുടെ രാജേഷ് റിഷിയോട് 14,917 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. പണ്ഡിറ്റുകള്‍ക്ക് കശ്മീരിൽ സംഭവിച്ചത് ഡല്‍ഹിയിലും സംഭവിക്കാം. ലക്ഷക്കണക്കിന് ആളുകൾ ശാഹീൻ ബാഗിൽ ഒത്തുകൂടുന്നു, അവർക്ക് നിങ്ങളുടെ വീടുകളിൽ കയറി സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്ത് കൊന്നേക്കാം, എന്നായിരുന്നു പര്‍വേഷ് വർമ്മയുടെ വിവാദ വിദ്വേഷ പരാമര്‍ശം. പരാമർശത്തെത്തുടർന്ന് നാല് ദിവസത്തേക്ക് പ്രചാരണത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പര്‍വേഷിനെ വിലക്കിയിരുന്നു.

തെക്കൻ ഡല്‍ഹിയിലെ സി.‌എ‌.എ വിരുദ്ധ പ്രക്ഷോഭ മേഖലയായ ശാഹീൻ ബാഗായിരുന്നു ബി.ജെ.പിയുടെ വോട്ടെടുപ്പ് പ്രചാരണത്തിൽ മുഖ്യവിഷയം. പര്‍വേഷ് വർമയുടെ അമ്മാവനും മുണ്ട്കയിൽ നിന്നുള്ള പാർട്ടി സ്ഥാനാർഥിയുമായ ആസാദ് സിങ് ആം ആദ്മി പാർട്ടിയുടെ ധരംപാൽ ലക്രയോട് 19,158 വോട്ടുകൾക്കാണ് തോറ്റത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ കുപ്രസിദ്ധമായ "ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ" എന്ന ആഹ്വാനം നടത്തിയ റിത്താലയിൽ ആം ആദ്മി പാർട്ടിയുടെ മൊഹീന്ദർ ഗോയൽ ബി.ജെ.പിയുടെ മനീഷ് ചൗധരിയെ 13,817 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഡല്‍ഹി തെരഞ്ഞെടുപ്പിനെ ഇന്ത്യ - പാകിസ്താന്‍ മത്സരമായി വിശേഷിപ്പിച്ചതിന്റെ പേരില്‍ കമ്മീഷന്റെ നടപടി നേരിട്ട മോഡൽ ടൌണിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർഥി കപില്‍ മിശ്ര ആം ആദ്മി പാർട്ടിയുടെ അഖിലേഷ് പടി ത്രിപാഠിയോട് പരാജയപ്പെട്ടു. 11133 വോട്ടുകള്‍ക്കായിരുന്നു എ.എ.പി സ്ഥാനാര്‍ഥിയുടെ വിജയം.