LiveTV

Live

National

ആം ആദ്മി ജയിച്ചു; ഡല്‍ഹിയില്‍ ബിരിയാണി വില്‍പ്പന പൊടിപൊടിച്ചു

ആം ആദ്മി പാർട്ടിയുടെ വിജയം ബിരിയാണി കഴിച്ച് ആഘോഷിക്കുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറഞ്ഞു കഴിഞ്ഞു.

ആം ആദ്മി ജയിച്ചു; ഡല്‍ഹിയില്‍ ബിരിയാണി വില്‍പ്പന പൊടിപൊടിച്ചു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തകർപ്പൻ വിജയം നേടിയപ്പോള്‍ നല്ല നേരം തെളിഞ്ഞത് രാജ്യ തലസ്ഥാനത്തെ ബിരിയാണി കച്ചവടക്കാര്‍ക്ക് കൂടിയാണ്. കെജ്‍രിവാളിന്റെ എ.എ.പി വിജയിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ ബിരിയാണി വിൽപ്പനയിൽ വന്‍ വർധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിരിയാണിക്ക് ആവശ്യക്കാര്‍ പെട്ടെന്ന് കൂടിയതോടെ ചില റെസ്റ്റോറന്റുകള്‍ പലതരം ഓഫറുകളുമായി രംഗത്തുവന്നിട്ടുണ്ട്.

ആം ആദ്മി പാർട്ടിയുടെ വിജയം ബിരിയാണി കഴിച്ച് ആഘോഷിക്കുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്നലെ തന്നെ നിറഞ്ഞു കഴിഞ്ഞിരുന്നു. ദക്ഷിണ ഡൽഹിയിലെ ശാഹീൻ ബാഗിൽ നടന്ന പൗരത്വ വിരുദ്ധ നിയമ (സി.‌എ‌.എ) പ്രക്ഷോഭകർക്ക് ആം ആദ്മി പാർട്ടി ബിരിയാണി വിളമ്പുന്നുവെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തിന് മറുപടി നല്‍കാനാണ് ഈ ബിരിയാണി 'വിപ്ലവം'.

“ഇന്നലെ ഉച്ചയോടെയാണ് ബിരിയാണിക്ക് കൂടുതല്‍ ഓഡറുകള്‍ ലഭിക്കാന്‍ തുടങ്ങിയത്. വൈകീട്ടോടെ ആവശ്യക്കാരുടെ എണ്ണം പതിന്മടങ്ങായി വര്‍ധിച്ചു.” ഡല്‍ഹിയിലെ റെസ്റ്റോറന്റ് ശൃംഖലയായ ബിരിയാണി ബ്ലൂസ് ഉടമ റെയ്മണ്ട് ആൻഡ്രൂസ് പറഞ്ഞു. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ നിരവധി റെസ്റ്റോറന്റുകൾ ബിരിയാണിക്ക് പ്രൊമോഷണൽ ഓഫറുകളുമായി രംഗത്തുവരികയും ചെയ്തു. ഒരു ബിരിയാണിക്ക് ഒരു ബിരിയാണി സൌജന്യം എന്ന നിലയില്‍ വരെ കച്ചവടം നടന്നതായി സാകേത്തിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റായ മഹാബെല്ലിയുടെ ഉടമകളിലൊരാളായ തോമസ് ഫെൻ പറഞ്ഞു. മതപരമായ കാരണങ്ങളാൽ ചൊവ്വാഴ്ച പൊതുവെ മാംസാഹാര വില്‍പ്പന കുറവാണ്. എന്നാല്‍ ഇന്നലെ കച്ചവടം കുത്തനെ വര്‍ധിക്കുകയായിരുന്നു.