LiveTV

Live

National

ഒരു പൊലീസുകാരി എന്റെ ബുര്‍ഖ വലിച്ചുകീറി, സ്വകാര്യ ഭാഗങ്ങളില്‍ ലാത്തികൊണ്ട് അടിച്ചു; ജാമിഅ വിദ്യാര്‍ഥിനി

പാര്‍ലമെന്റിന് രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് വെച്ചാണ് മാര്‍ച്ച് പൊലീസ് തടഞ്ഞത്. 

ഒരു പൊലീസുകാരി എന്റെ ബുര്‍ഖ വലിച്ചുകീറി, സ്വകാര്യ ഭാഗങ്ങളില്‍ ലാത്തികൊണ്ട് അടിച്ചു; ജാമിഅ വിദ്യാര്‍ഥിനി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ഥികള്‍ക്ക് നേരെ ഇന്നലെ പൊലീസ് ക്രൂരമായ ആക്രമണമാണ് അഴിച്ചു വിട്ടത്. സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം വരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതായി പരാതിയുണ്ട്. പൗരത്വ വിഷയത്തില്‍ മൂന്നാം വട്ടവും ജാമിഅ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെയാണ് പൊലീസിന്റെ ക്രൂരമായ അതിക്രമം നടന്നത്.

പാര്‍ലമെന്റിന് രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടന്ന് മാര്‍ച്ച് തുടരാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.എ.എക്കെതിരെ രണ്ടു മാസമായി തുടരുന്ന ശാഹീന്‍ ബാഗ് സമരത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ശാഹീന്‍ ബാഗിന് പുറമെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ച ഇടമാണ് ജാമിഅ സര്‍വകലാശാല.

പൊലീസിന്റെ ആക്രമണത്തില്‍ നിരവധി വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചികത്സിച്ച ജാമിഅ ഹെൽത്ത് സെന്ററിലെ ഒരു ഡോക്ടർ ഞെട്ടിക്കുന്ന വിവരമാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്. പത്തിലധികം വിദ്യാർഥിനികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവുകള്‍ പോലെ ആയിരുന്നു അതില്‍ പലതും. ഗുരുതര പരിക്കുള്ളവരെ അൽ ഷിഫയിലേക്ക് മാറ്റേണ്ടിവന്നതായും ഡോക്ടര്‍ പറഞ്ഞു.

ഇതിനിടെ തനിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ മര്‍ദനമാണെന്ന് ഒരു വിദ്യാര്‍ഥിനി പറഞ്ഞു. ഒരു വനിത പൊലീസ് ഓഫീസര്‍ താന്‍ ധരിച്ചിരുന്ന ബുർഖ നീക്കം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി വിദ്യാർഥിനി പറഞ്ഞു. “എന്റെ സ്വകാര്യ ഭാഗങ്ങളിൽ പൊലീസുകാർ ബൂട്ട് ഉപയോഗിച്ച് ചവിട്ടി. ഒരു വനിതാ പോലീസുകാരി എന്റെ ബുർഖ വലിച്ചുകീറി, എന്റെ സ്വകാര്യ ഭാഗങ്ങളിൽ ഒരു ലാത്തി ഉപയോഗിച്ച് അടിച്ചു.” വിദ്യാര്‍ഥിനി പറഞ്ഞു.