LiveTV

Live

National

ബി.ജെ.പി യോഗത്തിനിടെ ‘ഡൗണ്‍ ‍ഡൗണ്‍ മോദി’ മുദ്രാവാക്യം മുഴക്കിയയാളെ അറസ്റ്റ് ചെയ്തു

ബി.ജെ.പി യോഗത്തിനിടെ ‘ഡൗണ്‍ ‍ഡൗണ്‍ മോദി’ മുദ്രാവാക്യം മുഴക്കിയയാളെ അറസ്റ്റ് ചെയ്തു

ബി.ജെ.പി യോഗത്തിനിടെ മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ ബി.ജെ.പി സംഘടിപ്പിച്ച യോഗത്തിനിടെയാണ് പ്രദേശവാസിയായ കനകനാഥന്‍ മോദിക്കെതിരായി പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം കേട്ടതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ യുവാവ് താമസിച്ച വീട് വളയുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ‘ഡൗണ്‍ ‍ഡൗണ്‍ മോദി’ എന്നാണ് കനകനാഥന്‍ താഴെ നടക്കുന്ന ബി.ജെ.പി യോഗത്തിനെതിരായി വീടിന്റെ ടെറസിന് മുകളില്‍ നിന്നും വിളിച്ചത്.

അതെ സമയം യുവാവിനെ എന്ത് കാരണത്താലാണ് അറസ്റ്റ് ചെയ്തതെന്ന ന്യൂസ് മിനുറ്റി-ന്റെ ചോദ്യത്തിന് ‘ബി.ജെ.പി യോഗത്തിനിടെ മുദ്രാവാക്യം വിളിച്ചതോടെ സമാധാനാന്തരീക്ഷം തകര്‍ത്തു’ എന്നാണ് ഇന്‍സ്പെക്ടര്‍ നല്‍കിയ വിശദീകരണം. അതെ സമയം യുവാവിന്റെ അറസ്റ്റിനെതിരെ മനുഷ്യാവകാശ അഭിഭാഷകനായ സുധാ രാമലിങ്കം രംഗത്തുവന്നു. കനകനാഥന്‍റെ അറസ്റ്റ് തന്നെ നിയമവിരുദ്ധമാണെന്ന് പറഞ്ഞ സുധാ രാമലിങ്കം ഈ വിഷയത്തില്‍ സുപ്രീം കോടതി മുമ്പൊരു പരാമര്‍ശം തന്നെ നടത്തിയിട്ടുണ്ടെന്നും പ്രതികരിച്ചു.

‘വീട്ടില്‍ നിന്നോ റോഡില്‍ നിന്നോ അലറിവിളിച്ചെന്ന്, മുദ്രാവാക്യം വിളിച്ചെന്ന് കരുതി ഒരാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ഇങ്ങനെയല്ല ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത്. സാക്ഷികളെ സ്വാധീനിക്കുകയോ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യാത്ത പക്ഷം ഒരാളെ റിമാന്റ് ചെയ്യാന്‍ അവകാശമില്ലെന്ന് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒരാളുടെ അഭിപ്രായ സ്വാതന്ത്രൃത്തിന് എതിരായി ഒരു നിയമവും ഇവിടെയില്ല, ഇതൊക്കെ പ്രാഥമികമായ അവകാശമാണ്. ഇത് പേടിപ്പിക്കാനുള്ള സര്‍ക്കാരിന്റെയും പൊലീസിന്റെയും ശ്രമങ്ങളാണ്.’; സുധാ രാമലിങ്കം പറ‍ഞ്ഞു.

‘ഇത് അഭിപ്രായസ്വാതന്ത്രൃത്തിന് ശ്രമിക്കുന്ന മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ്. ഈ ഒരു പ്രക്രിയ തന്നെ വലിയ ശിക്ഷയാണ്.’; സുധ കൂട്ടിചേര്‍ത്തു.