LiveTV

Live

National

ശാഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഒഖ്‍ലയില്‍ അമാനത്തുല്ല ഖാന് തകര്‍പ്പന്‍ ജയം; റെക്കോര്‍ഡ് ഭൂരിപക്ഷം

ഒഖ്‍ലയില്‍ നിന്ന് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 82 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് അമാനത്തുല്ല ഖാന്‍ വിജയത്തേരിലേറിയത്. 

ശാഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഒഖ്‍ലയില്‍ അമാനത്തുല്ല ഖാന് തകര്‍പ്പന്‍ ജയം;  റെക്കോര്‍ഡ് ഭൂരിപക്ഷം

ഡല്‍ഹിയില്‍ അരവിന്ദ് കെജ്‍രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഗംഭീര വിജയം നേടി വീണ്ടും അധികാരത്തിലേക്ക് കുതിച്ചു കയറുമ്പോള്‍ അതില്‍ ഏറ്റവും വലിയ തിളക്കം ശാഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഒഖ്‍ലയില്‍ നിന്ന് വിജയിച്ച എ.എ.പി സ്ഥാനാര്‍ഥി അമാനത്തുല്ല ഖാനിന്റെ ജൈത്രയാത്രക്കാണ്. മുന്‍കാലങ്ങളിലും റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ കണക്കുകള്‍ നമ്മളെ പലവട്ടം അമ്പരിപ്പിച്ചിട്ടുണ്ടെങ്കിലും മണ്ഡലത്തിലെ 82 ശതമാനം വോട്ടുകളും നേടി വിജയിക്കുക എന്നതിനെ അവിശ്വസനീയം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും.

ഒഖ്‍ലയില്‍ നിന്ന് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 82 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് അമാനത്തുല്ല ഖാന്‍ വിജയത്തേരിലേറിയത്. ഇവിടെ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുടെ ബ്രഹം സിങ് 13 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പര്‍വേസ് ഹാശ്മിക്ക് കേവലം രണ്ട് ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചത്. തലസ്ഥാനത്തെ സി.‌എ‌.എ വിരുദ്ധ പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ ശാഹീൻ ബാഗ് പ്രദേശം ഉൾപ്പെടുന്ന ന്യൂനപക്ഷ ആധിപത്യമുള്ള ഒഖ്‌ല സീറ്റിൽ ബി.ജെ.പി നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 91,000 ലേറെ വോട്ടുകള്‍ അമാനത്തുല്ല ഖാന്‍ നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 14543 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചതാകട്ടെ 3014 വോട്ടുകളും. ആം ആദ്മി പാർട്ടിയുടെ സിറ്റിങ് എം‌.എൽ.‌എയാണ് അമാനത്തുല്ല ഖാന്‍. 2015 ൽ 64,000 വോട്ടുകളുമായാണ് അമാനത്തുല്ല ഖാൻ ഈ സീറ്റില്‍ വിജയിച്ചത്.