LiveTV

Live

National

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസ്‌ ചിത്രത്തിലേയില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 22 ശതമാനം വോട്ട് ഉണ്ടായിരുന്ന പാർട്ടിയുടെ അടിവേരിളക്കുന്ന ഫലമാണ് പുറത്ത് വന്നത്. ഒരു സീറ്റ്‌ പോലും ലഭിക്കാത്ത കോണ്‍ഗ്രസിന് 4.26 ശതമാനം മാത്രമാണ് വോട്ടിംഗ് ശതമാനം. 15 വർഷം അടുപ്പിച്ചു ഡൽഹി ഭരിച്ച പാർട്ടിക്കാണ് രണ്ട് തവണയായി പൂജ്യം സീറ്റിൽ ഒതുങ്ങിപ്പോയത്.

ആംആദ്മി പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് കോൺഗ്രസ്സിൽ ചേർന്ന അൽക്ക ലാംബ, ആദർശ് ശാസ്ത്രി എന്നിവരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ പരാജയപ്പെട്ടവരിലുള്‍പ്പെടും. അടിത്തട്ടിൽ പ്രവർത്തനങ്ങൾ ഏകോപിക്കാൻ കഴിയാതിരുന്നതും തന്ത്രങ്ങളിൽ ഉണ്ടായ പാളിച്ചയുമാണ് തോൽവിക്ക് കാരണമെന്നാണ് നേതാക്കളുടെ വിശദീകരണം.

അതേ സമയം വോട്ടുകൾ കോൺഗ്രസിലും ആം ആദ്മി പാര്‍ട്ടിയിലുമായി ഭിന്നിച്ചു പോകാതിരിക്കാൻ മനഃപൂർവ്വം മാറി നിന്നുവെന്ന നിരീക്ഷണവുമുണ്ട്. വോട്ടിംഗ് ശതമാന കണക്കുകളും അത് ശരി വെക്കുന്നതാണ്. ആംആദ്മി പാര്‍ട്ടിയുടെ ഉജ്വല വിജയത്തില്‍ കെജ്‍രിവാളിനെ കോൺഗ്രസ്‌ അഭിനന്ദിച്ചു.