LiveTV

Live

National

‘ബി.ജെ.പിയെ ഓഖ്ലക്കാര്‍ ശരിക്കും ഷോക്കടിപ്പിച്ചു’; ശാഹീന്‍ബാഗിനെതിരായ അമിത് ഷായുടെ പ്രസ്താവനയെ തിരിച്ചടിച്ച് ആം ആദ്മി നേതാവ്

‘ബി.ജെ.പിയെ ഓഖ്ലക്കാര്‍ ശരിക്കും ഷോക്കടിപ്പിച്ചു’; ശാഹീന്‍ബാഗിനെതിരായ അമിത് ഷായുടെ പ്രസ്താവനയെ തിരിച്ചടിച്ച് ആം ആദ്മി നേതാവ്

ബി.ജെ.പിക്കെതിരായി ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച് വിജയിച്ച ആം ആദ്മിയുടെ അമാനത്തുള്ള ഖാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശത്തെ പരിഹസിച്ച് രംഗത്തുവന്നു. ‘ബി.ജെ.പിയെ ഓഖ്ലക്കാര്‍ ശരിക്കും ഷോക്കടിപ്പിച്ചു’; എന്നാണ് 70000 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ച അമാനത്തുള്ള ഖാന്‍ പ്രതികരിച്ചത്. ബി.ജെ.പിയുടെ ബ്രഹം സിംഗിനെയാണ് ശാഹീന്‍ബാഗും ജാമിഅ നഗറും ഉള്‍പ്പെടുന്ന ഓഖ്ല മണ്ഡലത്തില്‍ അമാനത്തുള്ള ഖാന്‍ ഗംഭീര ഭൂരിപക്ഷത്തില്‍ മലര്‍ത്തിയടിച്ചത്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി നേതാക്കള്‍ വലിയ രീതിയിലാണ് വിദ്വേഷ പ്രസംഗം നടത്തിയത്. ‘ശാഹീന്‍ ബാഗ് കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടെയും സൃഷ്ടിയാണ്, ഈ ടുക്ക്ഡെ ടുക്ക്ഡെ സംഘത്തെ തെരഞ്ഞെടുപ്പ് വിധി വരുന്ന ദിവസം ശരിക്കും ഷോക്കടിപ്പിക്കും’; എന്ന അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ചാണ് അമാനത്തുള്ള ഖാന്‍ പ്രതികരിച്ചത്. ബി.ജെ.പിയുടെ വിഭാഗീയ നടപടികള്‍ക്കെതിരെ ആദ്യം മുതലേ ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നിരുന്നു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ എന്നിവര്‍ രാജ്യദ്രോഹികളെയും തിവ്രവാദികളെയും വെടിവെച്ചു കൊല്ലണമെന്ന് പ്രഖ്യാപിച്ചത് ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു. ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെ രണ്ട് തവണ വെടിവെപ്പ് ശ്രമമുണ്ടായതും ശാഹീന്‍ബാഗില്‍ തോക്കുമായി അതിക്രമിച്ച് കടന്നവരെ പ്രതിഷേധക്കാര്‍ കീഴ്പ്പെടുത്തിയതും ബി.ജെ.പിയുടെ വിദ്വേഷ പ്രചരണത്തെ തുറന്നു കാട്ടുന്നതായിരുന്നു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ 63 സീറ്റുകളിൽ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 7 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ്‌ ചിത്രത്തിൽ പോലുമില്ല.