LiveTV

Live

National

ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണം ‘ഫലം കാണാത്ത’ ഡല്‍ഹി തെരഞ്ഞെടുപ്പ്

ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണം ‘ഫലം കാണാത്ത’ ഡല്‍ഹി തെരഞ്ഞെടുപ്പ്

കടുത്ത വര്‍ഗീയത പ്രചാരണായുധമാക്കുന്ന ബി.ജെ.പിയുടെ പതിവ് തന്ത്രമാണ് ഡല്‍ഹിയില്‍ തകര്‍ന്നടിഞ്ഞത്. പൗരത്വ നിയമവും ശാഹീന്‍ ബാഗും മുസ്‍ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസ്താവനകളും പാകിസ്ഥാന്‍ വിരോധവും പ്രചാരണ വിഷയമാക്കിയെങ്കിലും അവയൊന്നും ഫലം കണ്ടില്ല. വികസനത്തിലും ജനകീയ പ്രശ്നങ്ങളിലും കേന്ദ്രീകരിച്ച ആം ആദ്മി പാര്‍ട്ടി യുടെ തന്ത്രം വിജയിക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടിയുടെ വികസന രാഷ്ട്രീയത്തെ നേരിടാനാവാതെ കൊടും വര്‍ഗീയത പ്രസംഗിച്ച ബി.ജെ.പിക്ക് സമീപകാലത്തേറ്റ ഏറ്റവും കനത്ത തിരിച്ചടിയാണ് ദല്‍ഹി തെരഞ്ഞെടുപ്പ്.

പരാജയപ്പെട്ട 18 സീറ്റുകളില്‍ ഇരുപതിനായിരത്തിനു മുകളിലാണ് തോല്‍വിയുടെ മാര്‍ജിന്‍. ആം ആദ്മി-ബി.ജെ.പി പോരാട്ടത്തെ ഹിന്ദു-മുസ്‌ലിം, ഇന്ത്യാ-പാകിസ്ഥാന്‍ തര്‍ക്കങ്ങളുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ച ബി.ജെ.പിയെ ജനം കൂട്ടത്തോടെ കൈയ്യൊഴിഞ്ഞുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പഞ്ചാബി, സിഖ്, ദലിത്, മുസ്‌ലിം, കുടിയേറ്റ മേഖലകളിലെല്ലാം ബി.ജെ.പിക്ക് പിന്തുണ നഷ്ടമായി. അമിത് ഷാ- മോദി കൂട്ടുകെട്ടിനെ ബുദ്ധിപരമായി നേരിട്ട കെജ്‍രിവാള്‍ ഒരരേസമയം വികസനവുമായും ഒപ്പം ഹിന്ദുമതവുമായും അതിസമര്‍ഥമായി തന്റെ പ്രചാരണത്തെ കൂട്ടിക്കെട്ടി. വോട്ടെടുപ്പു ദിവസം ഹനുമാന്‍ പൂജ നടത്തിയും റാലികളില്‍ വന്ദേമാതരം വിളിച്ചും ഒരേസമയം നല്ല ഹിന്ദുവും ഒപ്പം വിവിധ പദ്ധതികള്‍ അക്കമിട്ടു നിരത്തി നല്ല ഭരണാധികാരിയും ആണെന്ന് തെളിയിക്കാന്‍ കെജ്‍രിവാളിനായി.

ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ പറയാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ബി.ജെ.പി കെജ്‍രിവാളിന്റെ ഭരണം പരാജയപ്പെട്ടുവെന്ന് സ്ഥാപിക്കാനായിരുന്നു രണ്ടാംഘട്ടത്തില്‍ ശ്രമിച്ചത്. രണ്ട് ശ്രമങ്ങളിലും ദയനീയമായി പരാജയപ്പെട്ടതോടെയാണ് മുഴുത്ത വര്‍ഗീയ പ്രചാരണത്തിലേക്കു മാത്രമായി അവസാനഘട്ടത്തില്‍ ബി.ജെ.പിയുടെ പ്രചാരണം ചുരുങ്ങിയത്. നരേന്ദ്ര മോദി മുന്നില്‍ നിന്ന് നയിച്ച ഈ വര്‍ഗീയ പ്രചാരണത്തോട് കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍ പ്രതികരിച്ചുവെങ്കിലും ആം ആദ്മി ബുദ്ധിപരമായ മൗനം പാലിച്ചു. പ്രധാനമന്ത്രിയെ യുവാക്കള്‍ ചാട്ടയടിക്കുമെന്ന രാഹുലിന്റെ പ്രസംഗം അവസാനഘട്ടത്തില്‍ നരേന്ദ്ര മോദി ആയുധമാക്കാനും ശ്രമിച്ചു. ആദിത്യനാഥിന്റെ ബിരിയാണി പ്രസംഗവും പര്‍വേഷ് വര്‍മ്മയുടെ ‘ബലാല്‍സംഗി’ ആരോപണവും അനുരാഗ് താക്കുറിന്റെ ‘വെടിവെക്കല്‍’ ആഹ്വാനവും തേജസ്വി സൂര്യയുടെ മുഗള്‍ ഭരണ ഭീഷണിയുമൊന്നും ഒരു ചലനവും ദല്‍ഹിയില്‍ ഉണ്ടാക്കിയില്ല. എണ്ണമറ്റ വര്‍ഗീയ പ്രസ്താവനകള്‍ക്കു ശേഷവും ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ ലഘുവായ ശിക്ഷകള്‍ ഏറ്റുവാങ്ങി രക്ഷപ്പെടുന്നതിനും രാജ്യം സാക്ഷിയായി.

ആസന്നമായ ബീഹാര്‍, ബംഗാള്‍ തെരഞ്ഞെടുപ്പുകളില്‍ പൗരത്വ നിയമവും, പാകിസ്ഥാനും, ഭരണഘടനയുടെ 370ാം വകുപ്പും ബി.ജെ.പിയെ ഇനിയും എത്രത്തോളം ആശ്രയിക്കുമെന്ന ചോദ്യമാണ് ബാക്കിയാവുന്നത്.