LiveTV

Live

National

ശാഹീൻ ബാഗ് സമരത്തിനെതിരായ ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രീം കോടതി

ഹരജി 17ന് വീണ്ടും പരിഗണിക്കും. സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചു

ശാഹീൻ ബാഗ് സമരത്തിനെതിരായ ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രീം കോടതി

ശാഹീൻ ബാഗ് സമരത്തിനെതിരായ ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രീം കോടതി. അമ്പത് ദിവസം കാത്ത് നിൽക്കാമെങ്കിൽ ഒരാഴ്ച കൂടി കാത്തിരിക്കാമെന്ന് ഹരജിക്കാരോട് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാറിന്റെ നിലപാട് അറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

കേന്ദ്ര സർക്കാറിന് നോട്ടീസ് നൽകിയ കോടതി ഒരു പൊതുസ്ഥലത്ത് അനിശ്ചിത കാലം പ്രതിഷേധിക്കാനാവില്ലെന്നും നിരീക്ഷിച്ചു. ശാഹീന്‍ ബാഗിലെ റോഡ് സ്തംഭിപ്പിച്ചുള്ള സമരം ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ഹരജി നല്‍കിയ ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പായതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി ഇന്നേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജസ്റ്റിസുമാരായ എസ്. കെ കൌള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

അതേസമയം സമരത്തിനെത്തിയ ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു. കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.സമരത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ധീരതയ്ക്കുള്ള പുരസ്കാരം നേടിയ 12 വയസ്സുകാരി സെന്‍ ഗുണ്‍രതന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുഞ്ഞിന്റെ അവകാശം സംരക്ഷിക്കുന്നതില്‍ മാതാപിതാക്കളും ശാഹീന്‍ബാഗ് സമരത്തിന്റെ സംഘാടകരും പരാജയപ്പെട്ടതായി സെന്‍ ഗുണ്‍രതന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ പറയുന്നു. കുട്ടികളെ സമരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്.

ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാരില്‍ ഒരാളായിരുന്നു നാസിയ എന്ന യുവതി. നാസിയയുടെ മകനായ മുഹമ്മദ് ജഹാന്‍ കഴിഞ്ഞ മാസം 30 നാണ് മരിച്ചത്. സമരത്തില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ കുഞ്ഞിനെ വീട്ടിലേല്‍പ്പിച്ചു പോരാന്‍ ആരുമില്ലാത്തതിനാലാണ് നാസിയ മകനെയും കൊണ്ട് ശഹീന്‍ ബാഗിലെ സമരപന്തലിലെത്തിയത്. സമരവേദിയിലുള്ളവരുടെ പൊന്നോമനയായിരുന്നു ജഹാന്‍. സമരപ്പന്തലിലെ അതിശൈത്യത്തെ തുടര്‍ന്ന് ജലദോഷവും പനിയും ചുമയും പിടിപെട്ടാണ് കുഞ്ഞ് മരിച്ചത്.