LiveTV

Live

National

സി.എ.എക്കെതിരെ ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിച്ച ഡ്രൈവറെ സസ്പെന്‍ഡ് ചെയ്ത് ഊബര്‍

തനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഇതിന് ശേഷം രോഹിതിന്റെ പ്രതികരണം. 

സി.എ.എക്കെതിരെ ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിച്ച ഡ്രൈവറെ സസ്പെന്‍ഡ് ചെയ്ത് ഊബര്‍

കഴിഞ്ഞ ദിവസം പൗരത്വ നിയമത്തിനെതിരെ സംസാരിച്ച യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിച്ചിച്ച മുംബൈയിലെ ഒരു ടാക്സി ഡ്രൈവറെ കുറിച്ചുള്ള വാര്‍ത്ത വന്‍ ചര്‍ച്ചാവിഷയമായിരുന്നു. ‍ഊബര്‍ ഡ്രൈവറായ രോഹിത് സിങിനെ അഭിനന്ദിച്ച് ബി.ജെ.പി നേതാക്കളും വിമര്‍ശിച്ച് ഒട്ടേറെ പേരും രംഗത്തെത്തി. കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബപ്പാദിത്യ സർക്കാറിനാണ് സി.എ.എക്കെതിരെ ഫോണില്‍ സംസാരിച്ചതിന് ഇത്തരമൊരു ദുരനുഭവമുണ്ടായത്.

ഇപ്പോഴിതാ, ഈ ഡ്രൈവറെ ഊബര്‍ സസ്പെന്‍ഡ് ചെയ്തുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ''നിങ്ങളുടെ സുരക്ഷയാണ് ഞങ്ങള്‍ക്ക് പ്രധാനം. താങ്കള്‍ക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നു. ഈ യാത്രക്ക് നിങ്ങള്‍ പണം നല്‍കേണ്ടതില്ല. ഞങ്ങള്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഡ്രൈവറെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.'' എന്നായിരുന്നു ബപ്പാദിത്യയുമായി ബന്ധപ്പെട്ട ഊബര്‍ അധികാരികള്‍ പറഞ്ഞത്. കഴിഞ്ഞദിവസം രോഹിതിനെ അഭിനന്ദിച്ച് രംഗത്തുവന്ന മുംബൈ ബി.ജെ.പി അധ്യക്ഷന്‍ മംഗള്‍ പ്രഭാത് ലോധ, ഡ്രൈവറെ ആദരിക്കുകയും ചെയ്തിരുന്നു. തനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഇതിന് ശേഷം രോഹിതിന്റെ പ്രതികരണം.

ഫെബ്രുവരി അഞ്ചിന് നടന്ന സംഭവം ഇങ്ങനെ:

ബുധനാഴ്ച രാത്രി മുംബ‌ൈയിലെ ജുഹുവില്‍ നിന്നും കുർലയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കാറിലിരുന്ന് ശാഹീന്‍ ബാഗില്‍ പൗരത്വനിയമഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു ബപ്പാദിത്യ. സംഭഷണം ശ്രദ്ധിച്ച ഡ്രൈവര്‍ വാഹനം നിര്‍ത്തി എ.ടി.എമ്മില്‍ നിന്നും പണമെടുത്ത് വരാമെന്ന് പറഞ്ഞ് പോയി. അല്‍പ്പം കഴിഞ്ഞ് പൊലീസുമായാണ് അയാള്‍ തിരിച്ചെത്തിയത്.

സി.എ.എക്കെതിരെ ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിച്ച ഡ്രൈവറെ സസ്പെന്‍ഡ് ചെയ്ത് ഊബര്‍

താന്‍ രാജ്യദ്രോഹിയാണെന്നും ഇത്തരത്തിലുള്ള ആളുകള്‍ രാജ്യത്തെ നശിപ്പിക്കുമെന്നും പറഞ്ഞ് മറ്റെവിടെയും കൊണ്ടുപോകാതെ പൊലീസിലേല്‍പിച്ചതിൽ അയാളോട് നന്ദി പറയുകയാണ് വേണ്ടതെന്നും ഡ്രൈവർ പറഞ്ഞതായി ബപ്പാദിത്യ പറയുന്നു. കാറിനടുത്തെത്തിയ പൊലീസ് അദ്ദേഹത്തിന്റെ വിലാസം ചോദിച്ചു. തുടര്‍ന്ന് ബപ്പാദിത്യയുടെ കയ്യിലുണ്ടായിരുന്ന ഡാഫില്‍ എന്ന സംഗീത ഉപകരണം എന്തിനാണ് കൊണ്ടു നടക്കുന്നതൊന്ന് ചേദിച്ചു. താൻ ജയ്പൂരിൽ നിന്നുള്ളയാളാണെന്നും സി.‌എ‌.എ വിരുദ്ധ മുംബൈ ബാഗ് പ്രതിഷേധം സന്ദർശിച്ചതായും മുദ്രാവാക്യം വിളിക്കുന്നതിനാലാണ് ഡാഫില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി സര്‍ക്കാറിനെ പൊലീസ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയ ശേഷം വളരെ മോശമായാണ് പൊലീസ് തന്നോട് പെരുമാറിയതെന്ന് അദ്ദേഹം പറയുന്നു. തന്റെ രാഷ്ട്രീയത്തെക്കുറിച്ചും താന്‍ വായിക്കുന്ന പുസ്തകങ്ങളെ കുറിച്ചുമെല്ലാം പൊലീസ് ചോദിച്ചു. തന്റെ അച്ഛന്റെ ശമ്പളത്തെക്കുറിച്ചും ജോലിയില്ലാതെ എങ്ങനെ ജീവിക്കുന്നു, എന്ന് തുടങ്ങി തന്നെ മനപ്പൂര്‍വ്വം അപമാനിക്കുന്നതിനായി കുറേ അനാവശ്യ ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. കൂടാതെ തന്റെ കയ്യിലുണ്ടായിരുന്ന ഡാഫില്‍ എന്തിനാണ് കൊണ്ടു വന്നതെന്നും ചോദിച്ചു. ബപ്പാദിത്യ പറഞ്ഞു. തുടര്‍ന്ന് ഒരു മണിയോടെ മറ്റൊരു സുഹൃത്ത് സ്റ്റേഷനിലെത്തിയ ശേഷമാണ് അദ്ദേഹത്തെ പൊലീസ് പോകാന്‍ അനുവദിച്ചത്.