LiveTV

Live

National

സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന് കോടതി

പ്രാതിനിധ്യം സംബന്ധിച്ച കണക്കെടുപ്പ് നടത്തണമെന്ന് സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീംകോടതി

സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് സംവരണം മൌലികാവകാശമല്ലെന്ന് സുപ്രീംകോടതി. ഇതിനായി പ്രാതിനിധ്യം സംബന്ധിച്ച കണക്കെടുപ്പ് നടത്തണമെന്ന് സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.

പട്ടിക വര്‍ഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കേണ്ടെന്ന് 2012 സെപ്തംബറില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് ചോദ്യം ചെയ്തുള്ള ഹരജിയില്‍ സ്ഥാനക്കയറ്റത്തില്‍ സംവരണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ നിലവിലെ പ്രാതിനിധ്യം സംബന്ധിച്ച് സര്‍ക്കാര്‍ കണക്കെടുക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ‌‌ഈ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജികളിലാണ് സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കണമെന്നോ അതിനായി കണക്കെടുക്കണമെന്നോ സര്‍ക്കാറുകളെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചത്.

സംവരണ സമുദായങ്ങള്‍ക്ക് പൊതുമേഖലയില്‍ മതിയായ പ്രാതിനിധ്യമില്ലെങ്കില്‍ സ്ഥാനക്കയറ്റത്തില്‍ സംവരണം പരിഗണിക്കണോ വേണ്ടയോ എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. അത് പക്ഷെ സംസ്ഥാനങ്ങളുടെ തീരുമാനാധികാരത്തില്‍ പെട്ടതാണ്. ഭരണഘടന അനുച്ഛേദം 16(4), (4എ) എന്നിവയനുസരിച്ച് സ്ഥാനക്കയറ്റത്തിലെ സംവരണം ഒരു മൌലികാവകാശമല്ലെന്ന് ‌കൂടി നിരീക്ഷിച്ചാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്.