LiveTV

Live

National

ആര്‍.എസ്.എസിന്റെ ക്ഷണം ലഭിച്ചതിന് പിന്നാലെ സി.എ.എക്കെതിരെ ആഞ്ഞടിച്ച് ഗോവ ആര്‍ച്ച് ബിഷപ്പ്

കഴിഞ്ഞദിവസം സുരേഷ് ഭയ്യജി ജോഷിയുടെ ഒരു പരിപാടിയിലേക്ക് ആർച്ച് ബിഷപ്പിനെ ആർ‌.എസ്‌.എസ് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. 

ആര്‍.എസ്.എസിന്റെ ക്ഷണം ലഭിച്ചതിന് പിന്നാലെ സി.എ.എക്കെതിരെ ആഞ്ഞടിച്ച് ഗോവ ആര്‍ച്ച് ബിഷപ്പ്

സുരേഷ് ഭയ്യാജി ജോഷിയുടെ പ്രസംഗത്തിൽ പങ്കെടുക്കാൻ ആർ‌.എസ്‌.എസിന്റെ ക്ഷണം ലഭിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രസർക്കാരിന്റെ വിവാദപരമായ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നെറി ഫെറാവോ. പൗരത്വ ഭേദഗതി നിയമം (സി.‌എ‌.എ) ഉടൻ റദ്ദാക്കണമെന്നും എൻ‌.പി.‌ആറും എൻ‌.ആർ.‌സിയും നിര്‍ത്തിവെക്കണമെന്നും ഗോവയിലെ കത്തോലിക്കാ സമൂഹത്തിന് വേണ്ടി ആവശ്യപ്പെടുന്നതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മതം അടിസ്ഥാനമാക്കിയുള്ളതാണ് സി‌.എ‌.എ. ഇത് രാജ്യത്തിന്റെ മതേതര അടിത്തറക്ക് വിരുദ്ധമാണ്. ഇത് നമ്മുടെ മണ്ണിന്റെ ആത്മാവിനും പൈതൃകത്തിനും വിരുദ്ധമാണ്. പണ്ടുമുതലേ, എല്ലാവരെയും സ്വാഗതം ചെയ്തിട്ടുള്ള ഒരു വീടായിരുന്നു ഇത്. ലോകം മുഴുവൻ ഒരു വലിയ കുടുംബമാണെന്ന വിശ്വാസത്തിൽ നിന്ന് കൊട്ടിപ്പൊക്കിയതാണ് ഈ മണ്ണ്. സി‌.എ‌.എ, എൻ‌.ആർ‌.സി, എൻ‌.പി.‌ആർ എന്നിവ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ വളരെയധികം ആശങ്കയും വേദനയും ഉണ്ടാക്കുന്നുണ്ട്.'' ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

എൻ‌.ആർ.‌സി, എൻ.‌പി.‌ആർ നടപടികള്‍ നിരാലംബരായ ദലിതർ, ആദിവാസികൾ, കുടിയേറ്റ തൊഴിലാളികൾ, നാടോടി സമൂഹങ്ങള്‍, ഇന്ത്യയിൽ തന്നെ കഴിഞ്ഞ 70 വര്‍ഷത്തോളമായി താമസിക്കുന്ന രേഖകളില്ലാത്ത എണ്ണമറ്റ ദരിദ്രര്‍ എന്നിവരെ നേരിട്ട് ബാധിക്കുമെന്നും ഗോവ ആർച്ച് ബിഷപ്പ് പറഞ്ഞു. ഈ ആളുകളെല്ലാം ഒരു ദിവസം പെട്ടെന്നുതന്നെ രാജ്യമില്ലാത്തവരാകുമെന്നും തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കപ്പെടാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ഫെറാവു കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം സുരേഷ് ഭയ്യാജി ജോഷിയുടെ ഒരു പരിപാടിയിലേക്ക് ആർച്ച് ബിഷപ്പിനെ ആർ‌.എസ്‌.എസ് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.