LiveTV

Live

National

വര്‍ഗീയ ധ്രുവീകരണ പ്രചാരണത്തെ ഡല്‍ഹി തള്ളിക്കളഞ്ഞെന്ന സൂചന നല്‍കി എക്സിറ്റ് പോളുകള്‍

ബി.ജെ.പി സമീപകാലത്ത് നടത്തിയ ഏറ്റവും കൊടിയ വര്‍ഗീയ പ്രചാരണമായിരുന്നു ഡല്‍ഹിയില്‍ രാജ്യം കണ്ടത്

വര്‍ഗീയ ധ്രുവീകരണ പ്രചാരണത്തെ ഡല്‍ഹി തള്ളിക്കളഞ്ഞെന്ന സൂചന നല്‍കി എക്സിറ്റ് പോളുകള്‍

പ്രധാനമന്ത്രി മുന്നില്‍ നിന്ന് നയിച്ച വര്‍ഗീയ ധ്രുവീകരണ പ്രചാരണത്തെ ഡല്‍ഹി തള്ളിക്കളയുന്നുവെന്ന സൂചനയാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. ബി.ജെ.പി സമീപകാലത്ത് നടത്തിയ ഏറ്റവും കൊടിയ വര്‍ഗീയ പ്രചാരണമായിരുന്നു ഡല്‍ഹിയില്‍ രാജ്യം കണ്ടത്. പാര്‍ട്ടിയുടെ മുഴുവന്‍ കരുത്തും പണവും ആള്‍ബലവും ആം ആദ്മി പാര്‍ട്ടിക്കെതിരെ രംഗത്തിറക്കിയിട്ടും എക്‌സിറ്റ് പോളുകള്‍ പരമാവധി 23 സീറ്റുകളാണ് ബി.ജെ.പിക്ക് ഇത്തവണ പ്രവചിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി നടത്തുന്ന തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി സംസ്ഥാനങ്ങളില്‍ പരാജയപ്പെടുന്ന ചിത്രത്തിനാണ് ഡല്‍ഹിയും അടിവരയിടാനൊരുങ്ങുന്നത്. വികസന നായകന്‍ എന്ന മോദിയുടെ പ്രതിച്ഛായ തകരുകയും ഒപ്പം അരവിന്ദ് കെജ്‍രിവാള്‍ ഉയര്‍ത്തിക്കാട്ടിയ പുതിയ മാതൃക ബി.ജെ.പിക്ക് രാജ്യത്തുടനീളം ഭീഷണിയാവുകയും ചെയ്യുന്ന ചിത്രത്തിലേക്കാണ് ഡല്‍ഹി എക്‌സിറ്റ്‌പോളുകള്‍ വിരല്‍ ചൂണ്ടുന്നത്.

സര്‍വ്വെ ഫലങ്ങള്‍ ശരിയെങ്കില്‍ 200ല്‍ അധികം എം.പിമാരെയും 60ല്‍ അധികം കേന്ദ്ര മന്ത്രിമാരെയും ഒപ്പം നിര്‍ത്തി മോദിയും അമിത് ഷായും മുന്നില്‍ നിന്നു നയിച്ച പ്രചാരണം ഡല്‍ഹിയില്‍ എങ്ങുമെത്താതെ പോകും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി ജയിച്ചതിന്റെ പിന്നില്‍ വികസനമല്ല, വര്‍ഗീയ ധ്രുവീകരണമാണെന്ന നിരീക്ഷണത്തെയും ഡല്‍ഹി ഫലങ്ങള്‍ അടിവരയിടും.

എക്സിറ്റ് പോളില്‍ എ.എ.പിക്ക് മുന്‍തൂക്കം; ഡല്‍ഹി വോട്ടെടുപ്പ് പൂര്‍ത്തിയായി
Also Read

എക്സിറ്റ് പോളില്‍ എ.എ.പിക്ക് മുന്‍തൂക്കം; ഡല്‍ഹി വോട്ടെടുപ്പ് പൂര്‍ത്തിയായി

പൗരത്വ നിയമം ഉയര്‍ത്തിക്കാട്ടി ജാര്‍ഖണ്ഡില്‍ മോദി നടത്തിയ പ്രചാരണം തകര്‍ന്നടിഞ്ഞിട്ടും താരതമ്യേന അഭ്യസ്തവിദ്യരായ ഡല്‍ഹി വോട്ടര്‍മാരുടെ മുമ്പിലും ഇതേ വിഷയവുമായാണ് ബി.ജെ.പി വോട്ടുപിടിക്കാന്‍ ശ്രമിച്ചത്. ശാഹീന്‍ബാഗില്‍ നടക്കുന്ന പൗരത്വ നിയമ വിരുദ്ധ സമരത്തെ ഭീകരവല്‍കരിച്ച് കോണ്‍ഗ്രസുമായും ആം ആദ്മി പാര്‍ട്ടിയുമായും കൂട്ടിക്കെട്ടിയാണ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും റാലികളില്‍ പ്രസംഗിച്ചത്. അതേസമയം വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം മുതലായ അടിസ്ഥാന വിഷയങ്ങളില്‍ നിന്നും ഒരിക്കല്‍ പോലും കെജ്‍രിവാളിന്റെ പ്രചാരണം വഴിതെറ്റിയില്ല. മോദിയെ വ്യക്തിപരമായി ആക്രമിക്കാതിരിക്കാന്‍ ശ്രദ്ധിച്ച കെജ്‍രിവാള്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളെ നേര്‍ക്കു നേരെ ഏറ്റുപിടിച്ചതും കാണാനുണ്ടായിരുന്നില്ല.

പൗരത്വ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുമെന്ന് കണക്കുകൂട്ടിയ കെജ്‍രിവാള്‍ ഡല്‍ഹിയിലെ 21 മുസ്‌ലിം മണ്‌ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പ്രചാരണത്തിനെത്തിയത്. കോണ്‍ഗ്രസിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 23 ശതമാനം വോട്ട് ഇത്തവണ ആം ആദ്മിയിലേക്ക് പോയെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.