LiveTV

Live

National

ഡല്‍ഹി: എക്സിറ്റ്പോള്‍ ഫലങ്ങള്‍ തള്ളി ബി.ജെ.പി 

പാര്‍ട്ടിയുടെ കണക്കനുസരിച്ച് 48 സീറ്റുകളില്‍ ജയിച്ചു കയറുമെന്ന് മനോജ് തിവാരി

ഡല്‍ഹി: എക്സിറ്റ്പോള്‍ ഫലങ്ങള്‍ തള്ളി ബി.ജെ.പി 

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങളെ തള്ളി ബി.ജെ.പി രംഗത്ത്. 48 സീറ്റുകള്‍ നേടി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ അവകാശവാദം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. രണ്ട് മുതല്‍ 23 സീറ്റുകളാണ് ബി.ജെ.പിക്ക് സര്‍വേകള്‍ പ്രവചിക്കുന്നത്.

ഡല്‍ഹിയിലെ ഏഴ് ബി.ജെ.പി എം.പിമാരുടെയും യോഗം വിളിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ അസംബ്‌ളി തെരഞ്ഞെടുപ്പിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളായ മനോജ് തിവാരിയും മീനാക്ഷി ലേഖിയും എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്.

എക്സിറ്റ് പോളില്‍ എ.എ.പിക്ക് ജയം; ഡല്‍ഹി ജനതക്കെതിരെ രോഷം പ്രകടിപ്പിച്ച് അവതാരകന്‍, ട്രോള്‍മഴ
Also Read

എക്സിറ്റ് പോളില്‍ എ.എ.പിക്ക് ജയം; ഡല്‍ഹി ജനതക്കെതിരെ രോഷം പ്രകടിപ്പിച്ച് അവതാരകന്‍, ട്രോള്‍മഴ

തെരഞ്ഞെടുപ്പ് ദിവസം ഓരോ മണിക്കൂറിലും ബി.ജെ.പി സ്വന്തം നിലയില്‍ എക്‌സിറ്റ് പോളുകള്‍ തയാറാക്കിയിരുന്നുവെന്നും പാര്‍ട്ടിയുടെ കണക്കനുസരിച്ച് 48 സീറ്റുകളില്‍ ജയിച്ചു കയറുമെന്നും തിവാരി ട്വീറ്റ് ചെയ്തു. ഈ വിജയത്തെ ആരും ഇ.വി.എമ്മുകളുമായി ചേര്‍ത്തുവായിക്കേണ്ടെന്ന ഒരു മുന്നറിയിപ്പ് കൂടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ഇതോടെ ഇ.വി.എം തിരിമറി അഭ്യൂഹം ശക്തമാകുകയും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമുകള്‍ക്കു ചുറ്റും എ.എ.പി പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി മുതല്‍ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ഡല്‍ഹിയില്‍ ചിത്രം തികച്ചും വ്യത്യസ്തമാകുമെന്നും അരവിന്ദ് കെജരിവാളിന് സ്വന്തം സീറ്റുപോലും നിലനിര്‍ത്താനാവില്ലെന്നുമാണ് ബി.ജെ.പി എം.പി മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് എക്‌സിറ്റ് പോളുകള്‍ തയാറാക്കിയതെന്നും അവസാന മണിക്കൂറില്‍ പോളിംഗില്‍ എട്ട് മുതല്‍ 11 വരെ ശതമാനം വരെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ലേഖി ചൂണ്ടിക്കാട്ടി.

വര്‍ഗീയ ധ്രുവീകരണ പ്രചാരണത്തെ ഡല്‍ഹി തള്ളിക്കളഞ്ഞെന്ന സൂചന നല്‍കി എക്സിറ്റ് പോളുകള്‍
Also Read

വര്‍ഗീയ ധ്രുവീകരണ പ്രചാരണത്തെ ഡല്‍ഹി തള്ളിക്കളഞ്ഞെന്ന സൂചന നല്‍കി എക്സിറ്റ് പോളുകള്‍

ക്രിക്കറ്റ് മല്‍സരവും ഒഴിവു ദിവസവും പോളിംഗ് ശതമാനം കുറച്ചിട്ടുണ്ടെങ്കില്‍ കൂടിയും ബി.ജെ.പിയുടെ ഉച്ചസ്ഥായിയിലുള്ള വര്‍ഗീയ പ്രചാരണം വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് ആകര്‍ഷിച്ചിട്ടില്ലെന്നു കൂടിയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് അടിവരയിട്ടത്. കോണ്‍ഗ്രസിന്റെ കുറഞ്ഞ വോട്ടിംഗ് ശതമാനം എ.എ.പിക്ക് അനുകൂലമാവുമെന്നും പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്.