LiveTV

Live

National

രണ്ട് നാടകങ്ങള്‍; ഒന്ന് ബാബരി തകര്‍ക്കല്‍, രണ്ട് സി.എ.എ... നീതിയും രണ്ട്

ബാബരി തകർത്തത് “നിയമവാഴ്ചയുടെ അതിരുകടന്ന ലംഘനമാണ്” എന്ന് സുപ്രിംകോടതി പറഞ്ഞതിന് ഒരു മാസത്തിനുള്ളിലാണ് കല്ലഡ്കയിലെ ശ്രീരാമ വിദ്യകേന്ദ്ര ഹൈസ്കൂളിൽ ഒരു നാടകം അരങ്ങേറിയത്.   

രണ്ട് നാടകങ്ങള്‍; ഒന്ന് ബാബരി തകര്‍ക്കല്‍, രണ്ട് സി.എ.എ... നീതിയും രണ്ട്

ഒരു മാസത്തിനുള്ളിൽ നടന്ന രണ്ട് നാടകങ്ങൾ. രണ്ടും വിവാദമായി. രണ്ട് നാടകങ്ങളിലും അഭിനയിച്ചത് സ്കൂള്‍ കുട്ടികള്‍. രണ്ടും നടന്നത് കര്‍ണാടകയില്‍. അതിലൊന്നില്‍ ബാബരി മസ്‍ജിദ് തകര്‍ക്കലിന്റെ പുനരാവിഷ്കരണവും രണ്ടാമത്തേതില്‍ വിവാദമായ പൌരത്വ നിയമത്തിനെതിരായ പ്രതിഷേധവുമായിരുന്നു പ്രമേയം. എന്നാല്‍ പൊലീസ് നടപ്പാക്കിയ ഇരട്ട നീതിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച രണ്ട് നാടകങ്ങളിലും ആക്ഷേപകരമായ ഉള്ളടക്കമുണ്ടായിരുന്നുവെങ്കിലും പൊലീസ് ഒരു കേസിൽ മാത്രമേ അധികാരം ഉപയോഗിച്ചുള്ളൂവെന്ന് നിരീക്ഷകര്‍ ആരോപിക്കുന്നു. അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തത് “നിയമവാഴ്ചയുടെ അതിരുകടന്ന ലംഘനമാണ്” എന്ന് സുപ്രിംകോടതി പറഞ്ഞതിന് ഒരു മാസത്തിനുള്ളിലാണ് ദക്ഷിണ കന്നഡ ജില്ലയിലെ കല്ലഡ്കയിലെ ശ്രീരാമ വിദ്യകേന്ദ്ര ഹൈസ്കൂളിൽ ഒരു നാടകം അരങ്ങേറിയത്. നാടകത്തിൽ, ഒരു കൂട്ടം വിദ്യാർഥികൾ, ബാബരി മസ്ജിദ് പൊളിച്ചുമാറ്റൽ പുനരാവിഷ്കരിച്ചു.

രണ്ട് നാടകങ്ങള്‍; ഒന്ന് ബാബരി തകര്‍ക്കല്‍, രണ്ട് സി.എ.എ... നീതിയും രണ്ട്

സാമുദായിക സൌഹൃദാന്തരീഷം തകര്‍ക്കുന്ന തരത്തില്‍ അരങ്ങേറിയ ഈ നാടകത്തിനെതിരെ പരാതി നൽകിയിട്ട് 50 ദിവസത്തിലേറെയായി. പക്ഷേ ഈ നാടകത്തിന് ചുക്കാന്‍ പിടിച്ച ആർ‌.എസ്‌.എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിനെ പൊലീസ് ഇതുവരെ ചോദ്യം ചെയ്യുകയോ കുറ്റപത്രം തയ്യാറാക്കുകയോ ചെയ്തിട്ടില്ല. ഇതേസമയം, ഫെബ്രുവരി 5 വരെ, 9 നും 11 നും ഇടയിൽ പ്രായമുള്ള 60 ലധികം വിദ്യാർഥികളെയാണ് ശഹീൻ പ്രൈമറി- ഹൈസ്കൂളില്‍ നടന്ന മറ്റൊരു നാടകത്തിന്റെ പേരില്‍ ബിദാറിലെ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. പൌരത്വ നിയമത്തിനെതിരായ പ്രതിഷേധമായിരുന്നു ഈ സ്കൂളില്‍ നടന്ന നാടകത്തിന്റെ പ്രമേയം.

കുട്ടികളെ ചോദ്യം ചെയ്യുന്നതിനു പുറമേ, പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ട് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാനമായ രണ്ട് കേസുകൾ അന്വേഷിക്കുന്നതിൽ കർണാടക പൊലീസ് ഇരട്ടത്താപ്പ് പ്രയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത ദാസ്കിന കന്നഡ ജില്ലയിലെ എസ്.പി ബി.എം ലക്ഷ്മി പ്രസാദുമായി ദ ക്വിന്റ് സംസാരിച്ചപ്പോൾ, അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ടെന്നായിരുന്നു പ്രതികരണം. കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയപരിധി അടുക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമുണ്ടെന്നായിരുന്നു എസ്.പിയുടെ മറുപടി.

കല്ലഡ്ക പ്രഭാകർ ഭട്ട്
കല്ലഡ്ക പ്രഭാകർ ഭട്ട്

നാടകം തയ്യാറാക്കിയ ഏതാനും മാതാപിതാക്കളെയും അധ്യാപകരെയും തങ്ങൾ ചോദ്യം ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2019 ഡിസംബർ 15 നാണ് നാടകം അരങ്ങേറിയത്. 11, 12 ക്ലാസുകളിലെ നൂറുകണക്കിന് വിദ്യാർഥികൾ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ച സംഭവങ്ങൾ വീണ്ടും അവതരിപ്പിച്ചു. നാടകത്തിന്റെ അവസാനത്തിൽ, സംവിധായകന്റെ നിര്‍ദേശപ്രകാരം, വിദ്യാർഥികൾ ബാബരി മസ്ജിദിന്റെ പോസ്റ്ററിലേക്ക് ഓടിക്കയറുന്നതും വലിച്ചു കീറുന്നതും കാണാം. നാടകം നടന്ന് ഒരു ദിവസത്തിനകം തന്നെ, ആർ‌.എസ്‌.എസ് നടത്തുന്ന സ്കൂളിന്റെ മാനേജ്മെന്റിനെതിരെ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌.ഐ‌.ആർ രജിസ്റ്റർ ചെയ്തു, ഈ നാടകം സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണ് പരാതിയില്‍ പറഞ്ഞത്. ആർ‌.എസ്‌.എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളാണിത്. ഭട്ടിന്റെ പേരാണ് എഫ്‌.ഐ‌.ആറിലുള്ളത്.

ഭട്ടിനെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ മൊഴി രേഖപ്പെടുത്തിയതായാണ് ഓഫീസർ പറഞ്ഞത്. എന്നാല്‍ ലോക്കൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ, ഭട്ടിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തിട്ടില്ലെന്നും ദ ക്വിന്റ് കണ്ടെത്തി. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. തെളിവ് ശേഖരണത്തിന്റെ ഭാഗമായി നാടകത്തിൽ പങ്കെടുത്ത വിദ്യാര്‍ഥികളെയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. കല്ലഡ്ക കേസിൽ പൊലീസ് കാല് കെട്ടിയിട്ടതു പോലെ പെരുമാറിയപ്പോള്‍ 700 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബിദാർ കേസിലെ പൊലീസിന്റെ അമിതാവേശം നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒരു എ‌.ബി.‌വി.‌പി പ്രവർത്തകൻ നാടകത്തിലെ ഒരു സംഭാഷത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു, ആ സംഭാഷണം ഇങ്ങനെ: “ഞാൻ അദ്ദേഹത്തോട് ചോദിക്കും, നിങ്ങള്‍ എവിടെയാണ് ജനിച്ചതെന്ന്, എവിടെയാണ് അതിന്റെ രേഖകൾ എന്ന്. രേഖകള്‍ കാണിച്ചില്ലെങ്കിൽ ഞാൻ ചെരുപ്പ് കൊണ്ട് അടിക്കും. അമ്മേ, എനിക്ക് ഭയമാകുന്നു. വീടും നാടും, ഉപജീവനമാർഗുമൊക്കെ ഉപേക്ഷിച്ച് നമ്മൾ എവിടെ പോകും? ”

രണ്ട് നാടകങ്ങള്‍; ഒന്ന് ബാബരി തകര്‍ക്കല്‍, രണ്ട് സി.എ.എ... നീതിയും രണ്ട്

സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ചുവെന്നാരോപിച്ച് ദക്ഷിണ കന്നഡ പൊലീസ് വകുപ്പ് എഫ്‌.ഐ.ആർ രജിസ്റ്റര്‍ ചെയ്തപ്പോൾ ബിദാർ പൊലീസ് രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്. ഈ വകുപ്പ് പ്രകാരം കുട്ടികള്‍ക്കെതിരെ കേസെടുക്കാൻ കഴിയാത്തതിനാൽ, പരാതി ലഭിച്ച ഒരു ദിവസത്തിനുള്ളിൽ തന്നെ അമ്മയെയും സ്‌കൂൾ പ്രിൻസിപ്പലിനെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ സ്‌കൂളിലെ 60 ലധികം വിദ്യാർഥികളെയാണ് പൊലീസ് ചോദ്യം ചെയ്തത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാത്ത കുട്ടികൾ തങ്ങളാലാവുന്ന വിധത്തിൽ പൊലീസുകാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകിയെന്ന് ഒരു സ്കൂള്‍ ജീവനക്കാരന്‍ പറഞ്ഞു. ''സന്ദര്‍ഭമൊന്നും മനസിലാക്കാതെയായിരുന്നു കുട്ടികള്‍ നാടകത്തിന് കയറിയത്. ഏതൊരു നാടകം പോലെ തന്നെയായിരുന്നു അവര്‍ക്ക് ഇതും. വലിയ പ്രാധാന്യമൊന്നും കുട്ടികള്‍ അതിന് നൽകിയില്ല. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും നാടകം തയ്യാറാക്കാൻ വിദ്യാർഥികളെ സഹായിച്ചവരെയും കുറിച്ച് പൊലീസ് കുട്ടികളോട് ചോദിച്ചു. ഓരോ വിദ്യാർഥി പറഞ്ഞതും ചെറിയ കാര്യങ്ങള്‍ പോലും പൊലീസുകാര്‍ രേഖപ്പെടുത്തുന്നുണ്ടായിരുന്നു.” - സ്കൂള്‍ ജീവനക്കാരന്‍ പറഞ്ഞു.

ബിദാർ കേസിൽ കുട്ടികളെ പൊലീസ് ചോദ്യം ചെയ്യുന്നതിനെതിരെ ഫെബ്രുവരി ആറിന് ഒരു കൂട്ടം അഭിഭാഷകരും ആക്ടിവിസ്റ്റുകളും ബംഗളൂരുവിലെ കർണാടക പൊലീസിന്റെ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത അഭിഭാഷകരിലൊരാളായ അവ്‌നി രണ്ട് കേസുകളും താരതമ്യം ചെയ്ത് പറഞ്ഞതിങ്ങനെ: “ബാബരി പൊളിച്ചുമാറ്റുന്നതിനെ പുനരാവിഷ്കരിച്ച മറ്റൊരു നാടകം ഇവിടെ അരങ്ങേറിയിരുന്നു. നൂറുകണക്കിന് വിദ്യാർഥികളാണ് ഈ നാടകത്തിന്റെ ഭാഗമായത്. ബാബരി പൊളിച്ചത് നിയമവാഴ്ചയുടെ അതിരുകടന്ന ലംഘനമാണെന്ന് സുപ്രിംകോടതി വിലയിരുത്തിയിട്ടുണ്ടെങ്കിലും ഈ കേസില്‍ അറസ്റ്റുകളൊന്നും ഉണ്ടായിക്കണ്ടില്ല. എന്നാല്‍ ബിദാര്‍ കേസില്‍ അറസ്റ്റിലായ അമ്മയെയും അധ്യാപികയെയും ഫെബ്രുവരി 11 വരെ ജാമ്യത്തിന് പോലും സാധ്യതയില്ലാത്ത വിധം കുടുക്കിയതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു.'' ''പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും സ്കൂൾ കുട്ടികളെ ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും കല്ലഡ്ക കേസിൽ അത്തരം അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല,” അഭിഭാഷകൻ ക്ലിഫ്ടൺ റൊസാരിയോ പറഞ്ഞു.