LiveTV

Live

National

പന്തയക്കാരുടെ താരം കെജ്‌രിവാൾ; ഡൽഹി എ.എ.പി പിടിക്കുമെന്ന് പ്രവചനം

ജാര്‍ഖണ്ഡിലേതിനു സമാനമായ ഫലം ഡൽഹിയിലും ഉണ്ടായാൽ മോദി-ഷാ ദ്വയത്തിന് പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്ന വലിയ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും

പന്തയക്കാരുടെ താരം കെജ്‌രിവാൾ; ഡൽഹി എ.എ.പി പിടിക്കുമെന്ന് പ്രവചനം

ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയെ എങ്ങനെയും തോൽപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. വെറും 70 സീറ്റുള്ള, പൂർണ സംസ്ഥാന പദവി പോലുമില്ലാത്ത ഡൽഹി പിടിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമടക്കമുള്ള തങ്ങളുടെ ഫയർബ്രാൻഡ് നേതാക്കളെയെല്ലാം ബി.ജെ.പി രംഗത്തിറക്കിയിട്ടുണ്ട്.

കേന്ദ്രവുമായി കൊണ്ടുംകൊടുത്തുമുള്ള അഞ്ചുവർഷത്തെ ഭരണത്തിനു ശേഷം ജനവിധി തേടുന്ന കെജ്‌രിവാൾ തന്റെ സർക്കാറിന്റെ നേട്ടങ്ങളാണ് എടുത്തുകാണിക്കുന്നതെങ്കിൽ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പരീക്ഷിച്ചു വിജയിച്ച വർഗീയ കാർഡാണ് ബി.ജെ.പി ഇറക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന ശാഹീൻ ബാഗിനെ വർഗീയമായി ചിത്രീകരിച്ചാണ് ബി.ജെ.പിയുടെ പ്രചരണം. കെജ്‌രിവാളും ആം ആദ്മി പാർട്ടിയും ശാഹീൻ ബാഗിലെ പ്രക്ഷോഭകർക്കൊപ്പമാണെന്ന തരത്തിലുള്ള പ്രചരമാണ് വാട്ട്‌സാപ്പിലും സോഷ്യൽ മീഡിയയിലും ബി.ജെ.പി നടത്തുന്നത്. അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള ട്രസ്റ്റ് രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കം ഹിന്ദു വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി കേന്ദ്രീകരിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.

എന്നാൽ, വിവിധ ഏജൻസികൾ നടത്തിയ സർവേകളൊന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് നൽകുന്നത് ആശ്വസിക്കാവുന്ന കണക്കുകളല്ല. മിക്കവരും പ്രവചിക്കുന്നത് ആം ആദ്മി പാർട്ടി മികച്ച മാർജിനിൽ തന്നെ ഭരണം നിലനിർത്തുമെന്നാണ്. 2015-ൽ നേടിയ 67 സീറ്റ് നേട്ടം ഇത്തവണ ആവർത്തിക്കാൻ ഇടയില്ലെങ്കിലും 45 മുതൽ 60 വരെ സീറ്റുകൾ കെജ്‌രിവാളിന്റെ പിടിക്കുമെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. ടൈംസ് നൗ - ഇപ്‌സോസ്, എ.ബി.പി ന്യൂസ് - സിവോട്ടർ, ഐ.എ.എൻ.എസ് - സിവോട്ടർ സർവേകളെല്ലാം ആപ്പിന് സുരക്ഷിതമായ വിജയം പ്രവചിക്കുന്നു. ബി.ജെ.പിക്ക് ലഭിക്കാൻ സാധ്യതയുള്ള പരമാവധി സീറ്റ് പന്ത്രണ്ട് മുതൽ പതിനാല് വരെ മാത്രമാണെന്നാണ് പ്രവചനം.

സർവേകൾ ആം ആദ്മി പാർട്ടിക്ക് നൽകുന്ന മുൻതൂക്കം ഗ്രൗണ്ട് വർക്കിലൂടെ ഇല്ലാതാക്കാൻ ബി.ജെ.പി ബൂത്ത്തല പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനിടെ, അവരുടെ ആത്മവിശ്വാസം തകർക്കുന്നതാണ് പന്തയ കേന്ദ്രങ്ങളായ സട്ട ബസാറിൽ നിന്നു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കെജ്‌രിവാൾ സർക്കാർ വ്യക്തമായ മാർജിനിൽ വിജയിക്കുമെന്നും ബി.ജെ.പിക്ക് പ്രതീക്ഷയ്ക്കു വകയില്ലെന്നുമാണ് പന്തയക്കാർ പറയുന്നത്. ഒരാഴ്ച മുമ്പ് ആം ആദ്മി പാർട്ടിക്കുണ്ടായിരുന്ന മുൻതൂക്കം ശക്തമായ പ്രചരണ പരിപാടികളോടെ കുറക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിലും അത് ഭരണമാറ്റത്തിലേക്ക് എത്തിക്കാനിടയില്ലെന്ന് സട്ട ബസാറിലെ ബുക്കികൾ പറയുന്നു.

സമീപകാലത്തു നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയേറ്റ ബി.ജെ.പി ഡൽഹി തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഡൽഹിയിൽ ശക്തമായ പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിൽ പാർട്ടിക്കുള്ളിൽ കലാപമുണ്ടാകാനുള്ള സാധ്യതയുണ്ട്. ബാബരി മസ്ജിദ് കേസിലെ അനുകൂല വിധിക്കും പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനും ശേഷം നടന്ന ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്. വലിയ ഒറ്റക്കക്ഷിയാകാമെന്ന മോഹംപോലും കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടു മത്സരിച്ച ജെ.എം.എം തകർത്തു. ഡൽഹിയിലും സമാനമായ ഫലമുണ്ടായാൽ മോദി-ഷാ ദ്വയത്തിന് പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്ന വലിയ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും.