LiveTV

Live

National

സി.എ.എക്കെതിരെ ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പൊലീസിലേല്‍പ്പിച്ച് ടാക്സി ഡ്രൈവര്‍

അന്തരീക്ഷം നല്ലതല്ലെന്നും എന്തും സംഭവിക്കാമെന്നുള്ളതിനാല്‍ ‘ഡാഫില്‍’ കൊണ്ടുനടക്കരുതെന്നും ചുവന്ന സ്കാർഫ് ധരിക്കരുതെന്നും പോലീസ് സർക്കാറിനെ ഉപദേശിച്ചതായും കവിത കൃഷ്ണന്‍റെ ട്വീറ്റില്‍ പറയുന്നു.

സി.എ.എക്കെതിരെ ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പൊലീസിലേല്‍പ്പിച്ച് ടാക്സി ഡ്രൈവര്‍

ഇന്ത്യയില്‍ പൗരത്വ ഭേദഗതിനിയമം നിലവില്‍ വന്നതോടുകൂടി രാജ്യത്തെ പൊതുജനം അനുഭവിക്കുന്ന ഭീതികരമായ അവസ്ഥയെ തെളിവുകള്‍ സഹിതം തുറന്നുകാട്ടുകയാണ് സാമൂഹ്യ പ്രവര്‍ത്തകയായ കവിത കൃഷ്ണന്‍. കഴിഞ്ഞ ദിവസം മുംബൈ നഗരത്തില്‍ തന്‍റെ സുഹൃത്തിനുണ്ടായ ഒരു സംഭവമാണ് അവര്‍ ഇതിനായി ഉദാഹരണമാക്കുന്നത്. പൗരത്വനിയമത്തിനെതിരെ സംസാരിച്ച യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിച്ചിരിക്കുകയാണ് മുംബൈയിലെ ഒരു ടാക്സി ഡ്രൈവര്‍. കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബപ്പാദിത്യ സർക്കാറിനാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്.

ബുധനാഴ്ച രാത്രി മുംബ‌ൈയിലെ ജുഹുവില്‍ നിന്നും കുർലയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കാറിലിരുന്ന് ഷഹീന്‍ബാഗില്‍ പൗരത്വനിയമഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭഷണം ശ്രദ്ധിച്ച ഡ്രൈവര്‍ വാഹനം നിര്‍ത്തി എ.ടി.എമ്മില്‍ നിന്നും പണമെടുത്ത് വരാമെന്ന് പറഞ്ഞ് പോയി. അല്‍പ്പം കഴിഞ്ഞ് പൊലീസുമായാണ് അയാള്‍ തിരിച്ചെത്തിയത്.

താന്‍ രാജ്യദ്രോഹിയാണെന്നും ഇത്തരത്തിലുള്ള ആളുകള്‍ രാജ്യത്തെ നശിപ്പിക്കുമെന്നും പറഞ്ഞ് മറ്റെവിടെയും കൊണ്ടുപോകാതെ പൊലീസിലേല്‍പിച്ചതിൽ അയാളോട് നന്ദി പറയുകയാണ് വേണ്ടതെന്നും ഡ്രൈവർ പറഞ്ഞതായി ബപ്പാദിത്യ പറയുന്നു.

കാറിനടുത്തെത്തിയ പൊലീസ് അദ്ദേഹത്തിന്‍റെ വിലാസം ചോദിച്ചു. തുടര്‍ന്ന് ബപ്പാദിത്യയുടെ കയ്യിലുണ്ടായിരുന്ന ഡാഫില്‍ എന്ന സംഗീത ഉപകരണം എന്തിനാണ് കൊണ്ടു നടക്കുന്നതൊന്ന് ചേദിച്ചു. താൻ ജയ്പൂരിൽ നിന്നുള്ളയാളാണെന്നും സി.‌എ‌.എ വിരുദ്ധ മുംബൈ ബാഗ് പ്രതിഷേധം സന്ദർശിച്ചതായും മുദ്രാവാക്യം വിളിക്കുന്നതിനാലാണ് ഡാഫില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി സര്‍ക്കാറിനെ പൊലീസ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയ ശേഷം വളരെ മോശമായാണ് പൊലീസ് തന്നോട് പെരുമാറിയതെന്ന് അദ്ദേഹം പറയുന്നു. തന്‍റെ രാഷ്ട്രീയത്തെക്കുറിച്ചും താന്‍ വായിക്കുന്ന പുസ്തകങ്ങളെ കുറിച്ചുമെല്ലാം പൊലീസ് ചോദിച്ചു.

തന്‍റെ അച്ഛന്‍റെ ശമ്പളത്തെക്കുറിച്ചും ജോലിയില്ലാതെ എങ്ങനെ ജിവിക്കുന്നു, എന്ന് തുടങ്ങി തന്നെ മനപ്പൂര്‍വ്വം അപമാനിക്കുന്നതിനായി കുറേ അനാവശ്യ ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. കൂടാതെ തന്‍റെ കയ്യിലുണ്ടായിരുന്ന ഡാഫില്‍ എന്തിനാണ് കൊണ്ടു വന്നതെന്നും ചോദിച്ചു. ബപ്പാദിത്യ പറഞ്ഞു. തുടര്‍ന്ന് ഒരു മണിയോടെ മറ്റൊരു സുഹൃത്ത് പൊലീസ് സ്റ്റേഷനിലെത്തിയ ശേഷമാണ് അദ്ദേഹത്തെ പൊലീസ് പോകാന്‍ അനുവദിച്ചതെന്ന് കവിത കൃഷ്ണന്‍ പറയുന്നു.

അന്തരീക്ഷം നല്ലതല്ലെന്നും എന്തും സംഭവിക്കാമെന്നുള്ളതിനാല്‍ 'ഡാഫില്‍' കൊണ്ടുനടക്കരുതെന്നും ചുവന്ന സ്കാർഫ് ധരിക്കരുതെന്നും പോലീസ് സർക്കാറിനെ ഉപദേശിച്ചതായും നിത കൃഷ്ണന്‍റെ ട്വീറ്റില്‍ പറയുന്നു. അതേസമയം സംഭവത്തെ ന്യായീകരിച്ച് ഊബര്‍ ഇന്ത്യയും രംഗത്തെത്തി. സംഭവം ഗൌരവമുള്ളതാണെന്നും, അദ്ദേഹത്തിന്‍റെ യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കാനും ഊബര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.