LiveTV

Live

National

ഹിന്ദുമഹാസഭ നേതാവ് കൊല്ലപ്പെടാന്‍ കാരണം ഭാര്യയുടെ അവിഹിതം

ഭീകരവാദികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നു പോലും അന്വേഷിച്ചിരുന്നു

ഹിന്ദുമഹാസഭ നേതാവ് കൊല്ലപ്പെടാന്‍ കാരണം ഭാര്യയുടെ അവിഹിതം

അഖില ഭാരതീയ ഹിന്ദുമഹാസഭാ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ രഞ്ജിത്ത് ബച്ചന്‍ വെടിയേറ്റു മരിച്ച സംഭവത്തിന് ഭാര്യയുടെ അവിഹിതമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റിലായിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഭാത നടത്തത്തിനിടെ രഞ്ജിത് ബച്ചന്‍ വെടിയേറ്റ് മരിച്ചത്.

രഞ്ജിത്തില്‍നിന്ന് വിവാഹമോചനം നേടാനും ദീപേന്ദ്രയെ വിവാഹം ചെയ്യാനും സ്മൃതി ആഗ്രഹിച്ചിരുന്നു. 2016 മുതല്‍ കുടുംബകോടതിയില്‍  ഇവരുടെ വിവാഹമോചന കേസ് നടന്നുവരികയാണ്. എന്നാല്‍ സ്മൃതിക്ക് വിവാഹമോചനം നല്‍കാന്‍ രഞ്ജിത്ത് തയ്യാറായിരുന്നില്ല. ജനുവരി 17ന് രഞ്ജിത്തും സ്മൃതിയും തമ്മില്‍ കണ്ടിരുന്നു. കൂടിക്കാഴ്ചക്കിടെ സ്മൃതിയെ രഞ്ജിത്ത് മര്‍ദിച്ചു. ഇതാണ് കൊലപാതകത്തിന് പ്രചോദനമായതെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്തിന്റെ രണ്ടാം ഭാര്യ സ്മൃതി ശ്രീവാസ്തവ, സ്മൃതിയുടെ കാമുകന്‍ ദീപേന്ദ്ര, ഡ്രൈവര്‍ സഞ്ജീവ് ഗൗതം എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. രഞ്ജിത്തിനു നേര്‍ക്ക് വെടിയുതിര്‍ത്ത ജിതേന്ദ്ര എന്നയാളെ പിടികൂടാനുണ്ടെന്ന് ലഖ്‌നൗ പൊലീസ് കമ്മീഷണര്‍ സുജിത് പാണ്ഡേ അറിയിച്ചു.

രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്നറിയാന്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. ഭീകരവാദികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നു പോലും അന്വേഷിച്ചു. ഇതിനു പിന്നാലെയാണ് കൊലപാതകത്തിനു പിന്നില്‍ സ്മൃതിയും അവരുടെ കാമുകനുമാണെന്ന് പൊലീസ് കണ്ടെത്തുന്നത്. ഞായറാഴ്ച രാവിലെ രഞ്ജിത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ സഹോദരന് പരിക്കേറ്റിരുന്നു.