LiveTV

Live

National

അയോധ്യയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ മുസ്‌ലിംകള്‍ക്ക് 5 ഏക്കര്‍ ഭൂമി അനുവദിച്ചതായി റിപ്പോര്‍ട്ട്

ഭൂമി ഏറ്റെടുക്കുമെന്ന് ഇതുവരെ കേസിലെ കക്ഷികളാരും അറിയിച്ചിട്ടുമില്ല

 അയോധ്യയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ മുസ്‌ലിംകള്‍ക്ക് 5 ഏക്കര്‍ ഭൂമി അനുവദിച്ചതായി റിപ്പോര്‍ട്ട്

ബാബരി മസ്ജിദിന് പകരം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ ഭൂമി യുപി സര്‍ക്കാര്‍ അനുവദിച്ചത് 25 കിലോമീറ്റര്‍ അകലെ.സൊഹാവല്‍ താലൂക്കിലെ ദാനിപൂര്‍ ഗ്രാമത്തിലാണ് ഈ ഭൂമി. ബാബരി പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയിരുന്നവര്‍ക്ക് നഷ്ടപരിഹാരമായി കിട്ടേണ്ടിയിരുന്ന ഭൂമിയാണ് 25 കിലോമീറ്റര്‍ ദൂരെ അനുവദിച്ചിരിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡ് ഉള്‍പ്പെടെ കേസിലെ കക്ഷികളാരും ഈ ഭൂമി ഏറ്റെടുക്കുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

യു.പി സര്‍ക്കാറിന്റെ അറിയിപ്പ് ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വ്യക്തമാക്കിയത്. ഫെബ്രുവരി 24ന് ലഖ്‌നൗവില്‍ ചേരുന്ന സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ യോഗമാണ് അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത്. ബാബരി മസ്ജിദ് കേസില്‍ കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്ന് ബോര്‍ഡ് കഴിഞ്ഞ ഡിസംബറില്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഭൂമി സ്വീകരിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. പ്രധാനപ്പെട്ട മുസ്‌ലിം സംഘടനകളില്‍ ആരും തന്നെ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ച കോടതി വിധിയെ സ്വാഗതം ചെയ്തിട്ടുമില്ല. അയോധ്യാ മഹല്ലിലെ താമസക്കാരായ ആളുകളെയാണ് ബാബരി മസ്ജിദ് തകര്‍ത്ത് പ്രത്യക്ഷത്തില്‍ ബാധിച്ചത് എന്നിരിക്കെയാണ് അവര്‍ക്ക് നമസ്‌കരിക്കാനായി 25 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ സ്ഥലം അനുവദിച്ചത്.

മുസ്‌ലിംകള്‍ക്ക് അയോധ്യയുടെ 24 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമി അനുവദിക്കരുതെന്ന വി.എച്ച്.പിയുടെ ഭീഷണിയാണ് അന്തിമമായി വിജയിച്ചത്. തകര്‍ക്കപ്പെട്ട മസ്ജിദിനു സമീപം ഭൂമി നല്‍കുകയാണെങ്കില്‍ സ്വീകരിക്കാമെന്ന് കേസിലെ കക്ഷികളിലൊരാളായ ഹാഷിം അന്‍സാരിയുടെ മകന്‍ ഇഖ്ബാല്‍ അന്‍സാരി, കേസിലെ മറ്റൊരു കക്ഷിയും അയോധ്യാ നിവാസിയുമായ ഹാജി മഹ്ബൂബ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ബാബരി മസ്ജിദിനു ചുറ്റുമുണ്ടായിരുന്ന 67.3 ഏക്കര്‍ ഭൂമി പൂര്‍ണമായും പുതിയ രാംജന്‍മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റിന് വിട്ടു കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.