LiveTV

Live

National

പൗരത്വ ഭേദഗതിക്കെതിരായ നാടകം: കുട്ടികളെ ചോദ്യംചെയ്തത് 9 ദിവസം 

ദിവസവും അഞ്ചും ആറും മണിക്കൂറാണ് ചോദ്യം ചെയ്യല്‍.

പൗരത്വ ഭേദഗതിക്കെതിരായ നാടകം: കുട്ടികളെ ചോദ്യംചെയ്തത് 9 ദിവസം 

കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ സ്‌കൂളിലെ കുട്ടികള്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ നേരിട്ടത് ഒന്‍പത് ദിവസം. പൌരത്വ നിയമ ഭേദഗതിക്കെതിരെ നാടകം കളിച്ചതിനാണ് കുട്ടികള്‍ പൊലീസിന്റെ പീഡനത്തിന് ഇരയാകുന്നത്. കുട്ടികള്‍ കടുത്ത മാനസിക വിഷമത്തിലാണെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

ജനുവരി 21നാണ് ബിദറിലെ ഷഹീന്‍ സ്‌കൂളിലെ കുട്ടികള്‍ പൌരത്വ നിയമം പ്രമേയമാക്കി നാടകം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു എന്നാരോപിച്ച് രാജ്യദ്രോഹത്തിനാണ് പൊലീസ് കേസെടുത്തത്. നാലും അ‍ഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് കേസില്‍ നിരന്തരം ചോദ്യം ചെയ്യുന്നത്. 85 വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ 9 ദിവസങ്ങളിലായി പൊലീസ് ചോദ്യം ചെയ്തത്. ദിവസവും അഞ്ചും ആറും മണിക്കൂറാണ് ചോദ്യം ചെയ്യല്‍. മൂന്നും നാലും പൊലീസുകാര്‍ ചേര്‍ന്നാണ് ചോദ്യം ചെയ്യുന്നത്. കുട്ടികളില്‍ ഒരാളുടെ മാതാവ് 26കാരി നസ്ബുന്നിസയെയും 52കാരി പ്രധാനാധ്യാപിക ഫരീദാ ബിഗത്തെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസ് യൂണിഫോമിലാണ് കുട്ടികളെ ക്ലാസില്‍ നിന്നിറക്കി ചോദ്യം ചെയ്തത്. പ്രതിഷേധം ശക്തമായപ്പോള്‍ യൂണിഫോം മാറ്റി പൊലീസ് സിവില്‍ വേഷത്തിലെത്തി. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പലരും കരഞ്ഞും വിറച്ചുമാണ് ക്ലാസുകളിലെത്തുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.

നിരന്തരം ചോദ്യം ചെയ്യലിന് വിധേയമാകുന്നതിലൂടെ കടുത്ത മാനസിക പീഡനമാണ് കുട്ടികള്‍ നേരിടുന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. പൊലീസ് അവരുടെ ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്നും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നുമാണ് പൊലീസിന്‍റെ വാദം.