LiveTV

Live

National

‘അവന്‍ മോദിയുടെയും ഷായുടെയും അനുയായി’: ശാഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത യുവാവിന്‍റെ പിതാവ് 

അക്രമി എ.എ.പിക്കാരനാണെന്ന് പറഞ്ഞ ഡല്‍ഹി പൊലീസും ബി.ജെ.പിയും വെട്ടിലായി.

‘അവന്‍ മോദിയുടെയും ഷായുടെയും അനുയായി’: ശാഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത യുവാവിന്‍റെ പിതാവ് 

തന്‍റെ മകന്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അനുയായിയാണെന്ന് ശാഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാറിന്‍റെ പിതാവ്. ഇതോടെ അക്രമി എ.എ.പിക്കാരനാണെന്ന് പറഞ്ഞ ഡല്‍ഹി പൊലീസും ബി.ജെ.പിയും വെട്ടിലായി.

നേരത്തെ തന്‍റെ മകന്‍ എ.എ.പിക്കാരനല്ലെന്ന് പിതാവ് പറഞ്ഞിരുന്നു. പിന്നീട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് കപില്‍ ഗുജ്ജാര്‍ മോദിയുടെയും അമിത് ഷായുടെയും അനുയായിയാണെന്ന് പിതാവ് വെളിപ്പെടുത്തിയത്.

കപില്‍ ഗുജ്ജാര്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്ന് സമ്മതിച്ചെന്ന് പറഞ്ഞ് പൊലീസ് ഒരു ഫോട്ടോ പുറത്തുവിട്ടിരുന്നു. കപില്‍ ഗുജ്ജാറിന്‍റെ ഫോണില്‍ നിന്ന് ലഭിച്ചതാണ് ഫോട്ടോ എന്നാണ് പൊലീസ് പറഞ്ഞത്. ആം ആദ്മി നേതാക്കളായ സഞ്ജയ് സിങ്, അതിഷി എന്നിവരോടൊപ്പം തൊപ്പി ധരിച്ചു നില്‍ക്കുന്ന കപില്‍ ഗുജ്ജാറിന്‍റെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണത്തിനെത്തിയ എ.എ.പി നേതാക്കള്‍ എല്ലാവരേയും എ.എ.പിയുടെ തൊപ്പികള്‍ ധരിപ്പിച്ചിരുന്നുവെന്നും അതാണ് ഫോട്ടോയില്‍ കണ്ടതെന്നും കപിലിന്റെ പിതാവ് വ്യക്തമാക്കി.

ശാഹീന്‍ബാഗില്‍ ഗതാഗതം തടസ്സപ്പെടുന്നതില്‍ കപില്‍ ഗുജ്ജാര്‍ അസ്വസ്ഥനായിരുന്നു. ഒരു മണിക്കൂറിന് പകരം നാല് മണിക്കൂര്‍ വരെയെടുക്കും അവിടെ കടന്നുപോവാന്‍. മകന്‍ എപ്പോഴും ഹിന്ദുസ്ഥാനെയും ഹിന്ദുത്വത്തെയും കുറിച്ച് സംസാരിക്കാറുണ്ടെന്നും കപിലിന്‍റെ പിതാവ് പറഞ്ഞു.

പിതാവിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ, അമിത് ഷാ പൊലീസുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആരോപിച്ചു. എ.എ.പിക്കെതിരെ വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ബി.ജെ.പി. ഡല്‍ഹിയിലെ ക്രമസമാധാനം സംബന്ധിച്ച് ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും കെജ്‍രിവാള്‍ വിമര്‍ശിച്ചു.