LiveTV

Live

National

വിവാഹ പന്തല്‍ സി.എ.എ വിരുദ്ധ പ്രതിഷേധ കേന്ദ്രമാണെന്ന് തെറ്റിദ്ധരിച്ചു; പന്തല്‍ പൊളിച്ച് പൊലീസ്

തന്റെ വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് മകളുടെ വിവാഹത്തിനായി അച്ഛന്‍ പന്തല്‍ ഒരുക്കിയത്.   

വിവാഹ പന്തല്‍ സി.എ.എ വിരുദ്ധ പ്രതിഷേധ കേന്ദ്രമാണെന്ന് തെറ്റിദ്ധരിച്ചു; പന്തല്‍ പൊളിച്ച് പൊലീസ്

സി‌.എ‌.എ, എൻ‌.ആർ.‌സി വിരുദ്ധ പ്രതിഷേധക്കാരെ ഉത്തര്‍പ്രദേശ് പൊലീസ് നേരിടുന്ന വിധം ഇതിനോടകം വിവാദമായിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രീതിപ്പെടുത്താന്‍ യു.പി പൊലീസ് കിണഞ്ഞുശ്രമിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഉത്തര്‍പ്രദേശില്‍ ഒരു ശഹീൻ ബാഗ് പോലുള്ള പ്രതിഷേധ കേന്ദ്രം വളര്‍ന്നു വരാതിരിക്കാനാണ് പൊലീസുകാരുടെ ജാഗ്രത. എന്നാല്‍ മുന്നുംപിന്നും നോക്കാതെയുള്ള നടപടികള്‍ക്കിടെ കഴിഞ്ഞദിവസം യു.പി പൊലീസിന് ഒരു അമിളി പിണഞ്ഞുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Representative Image
Representative Image

സി‌.എ‌.എ - എൻ‌.ആർ‌.സി വിരുദ്ധ പ്രതിഷേധത്തിനായി സ്ഥാപിച്ച പന്തലാണെന്ന് തെറ്റിദ്ധരിച്ച് വിവാഹ ചടങ്ങിനായി നിര്‍മ്മിച്ച പന്തല്‍ യു.പി പൊലീസ് പൊളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബിജ്‌നോർ നഗരത്തിലെ മൊഹല്ല മിർദാഗനിലാണ് വിവാഹ ചടങ്ങിനായി പന്തല്‍ ഒരുക്കിയിരുന്നതെന്ന് ലൈവ് ഹിന്ദുസ്ഥാൻ റിപ്പോര്‍ട്ടു ചെയ്തു. ഫെബ്രുവരി നാലിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തന്റെ വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് മകളുടെ വിവാഹത്തിനായി അച്ഛന്‍ പന്തല്‍ ഒരുക്കിയത്. വധുവിനുള്ള സമ്മാനങ്ങളും വിവാഹത്തിനുള്ള മറ്റ് വസ്തുക്കളുമൊക്കെ ഈ പന്തലിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സി.‌എ‌.എ - എൻ‌.ആർ.‌സി വിരുദ്ധ പ്രതിഷേധത്തിനായി ഒരുക്കിയതാണ് ഈ പന്തലെന്ന് തെറ്റിദ്ധരിച്ച പൊലീസ് സംഘം സ്ഥലത്തെത്തി ഇത് പൊളിക്കുകയായിരുന്നു.

വിവാഹ പന്തല്‍ സി.എ.എ വിരുദ്ധ പ്രതിഷേധ കേന്ദ്രമാണെന്ന് തെറ്റിദ്ധരിച്ചു; പന്തല്‍ പൊളിച്ച് പൊലീസ്

പൊളിച്ചടുക്കലൊക്കെ കഴിഞ്ഞ് സ്ഥലംവിടാന്‍ ഒരുങ്ങിയപ്പോഴാണ് പ്രതിഷേധത്തിനല്ല വിവാഹത്തിനാണ് പന്തല്‍ ഒരുക്കിയിരുന്നതെന്ന് സത്യം പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെ പന്തല്‍ വീണ്ടും നിര്‍മ്മിക്കാന്‍ പൊലീസുകാര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു. തെറ്റ് പറ്റിയതാണെന്ന് മനസിലായിട്ടും പന്തിനുള്ള ഒരു കാല്‍ പോലും നാട്ടാതെയാണ് പൊലീസുകാര്‍ ഇവിടംവിട്ടതെന്നും വീട്ടുകാര്‍ പറയുന്നു. ഇത് ജനക്കൂട്ടത്തിന്റെ ആക്രമണമായിരുന്നില്ല. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തെ തടസപ്പെടുത്തിയത് നിർഭാഗ്യവശാൽ സംസ്ഥാന പൊലീസാണ്. ഇത് വളരെയധികം ആശങ്കപ്പെടേണ്ട കാര്യമാണെന്നും വീട്ടുകാര്‍ പറയുന്നു.