LiveTV

Live

National

പേര് കുനാല്‍ കമ്ര; യാത്രക്കാരന്‍റെ ടിക്കറ്റ് റദ്ദാക്കി എയര്‍ ഇന്ത്യ

 പേര് കുനാല്‍ കമ്ര; യാത്രക്കാരന്‍റെ ടിക്കറ്റ് റദ്ദാക്കി എയര്‍ ഇന്ത്യ

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് ചോദ്യം ചോദിച്ചതിന്റെ പേരില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് എയര്‍ ഇന്ത്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ പണി കിട്ടിയതാകട്ടെ ബോസ്റ്റണില്‍ സ്ഥിരതാമസക്കാരനായ മറ്റൊരു കുനാല്‍ കമ്രയ്ക്ക്.

എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ജയ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പോകാനാണ് കുനാല്‍ കമ്ര ടിക്കറ്റ് എടുത്തത്. ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് തന്റെ ടിക്കറ്റ് റദ്ദാക്കിയെന്ന് അറിഞ്ഞത്. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ കുനാല്‍ കമ്ര എന്ന പേര് ബ്ലാക്ക് ലിസ്റ്റ് ചെയ്തെന്ന മറുപടി ലഭിച്ചു. പേര് അതാണെന്ന് കരുതി തന്‍റെ ടിക്കറ്റ് എന്തിന് റദ്ദാക്കിയെന്നാണ് ഈ കുനാല്‍ കമ്രയുടെ ചോദ്യം. തുടര്‍ന്ന് അധികൃതര്‍ മറ്റൊരു ടിക്കറ്റ് അനുവദിച്ചു. എന്നാല്‍ രേഖകള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയ ശേഷം മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിച്ചത്.

കുനാല്‍ കമ്ര എന്ന പേര് എത്ര പേര്‍ക്ക് ഉണ്ടാവാം. ആ പേര് കാണുമ്പോള്‍ തന്നെ ടിക്കറ്റ് റദ്ദാക്കുന്നതില്‍ എന്താണ് യുക്തിയെന്ന് കുനാല്‍ കമ്ര ചോദിക്കുന്നു. ടിക്കറ്റ് റദ്ദാക്കിയ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ നിന്ന് തിരിച്ചുവരാന്‍ ഇന്‍ഡിഗോയിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇന്‍ഡിഗോയും കൊമേഡിയന്‍ കുനാല്‍ കമ്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് റദ്ദാക്കപ്പെടാതിരിക്കാന്‍ നേരത്തെ തന്നെ അധികൃതരെ വിളിച്ച് താന്‍ കൊമേഡിയന്‍ കുനാല്‍ കമ്ര അല്ലെന്ന് അറിയിച്ചെന്ന് അദ്ദേഹം പറഞ്ഞു.