LiveTV

Live

National

മോദിയും കെജ്‍രിവാളും ദേശസ്നേഹം പഠിപ്പിക്കുന്നത് ജനങ്ങളെ വിഭജിക്കാന്‍: രാഹുല്‍

1998 മുതല്‍ 2013 വരെയുള്ള കോണ്‍ഗ്രസ് ഭരണമാണ് ഡല്‍ഹിക്ക് ആധുനിക സൌകര്യങ്ങള്‍ നല്‍കിയതെന്നും രാഹുല്‍ 

മോദിയും കെജ്‍രിവാളും ദേശസ്നേഹം പഠിപ്പിക്കുന്നത് ജനങ്ങളെ വിഭജിക്കാന്‍: രാഹുല്‍

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരു ദിനം മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ദേശസ്നേഹം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളെ വിഭജിക്കാനാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കോണ്ട്ലിയിലെ പ്രചാരണ റാലിയിലാണ് രാഹുലിന്‍റെ വിമര്‍ശനം.

1998 മുതല്‍ 2013 വരെയുള്ള കോണ്‍ഗ്രസ് ഭരണമാണ് ഡല്‍ഹിക്ക് ആധുനിക സൌകര്യങ്ങള്‍ നല്‍കിയതെന്നും രാഹുല്‍ അവകാശപ്പെട്ടു. മെട്രോ സര്‍വീസ് ഉള്‍പ്പെടെ ഡല്‍ഹിയിലെത്തിച്ചത് കോണ്‍ഗ്രസാണെന്നും രാഹുല്‍ പറഞ്ഞു.

ബി.ജെ.പിക്കായി കേന്ദ്രമന്ത്രിമാരും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണ രംഗത്തുണ്ട്. അതിനിടെ പെരുമാറ്റചട്ടലംഘനം നടത്തിയ ബി.ജെ.പി എം.പി പർവേശ് വർമക്ക് വീണ്ടും പ്രചാരണത്തിൽ നിന്ന് വിലക്കേര്‍പ്പെടുത്തി. അവസാന ദിനത്തിലേക്ക് പ്രചാരണം കടക്കുന്നതോടെ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും കോണ്‍ഗ്രസും.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നിലാണ് അരവിന്ദ് കെജ്‍രിവാളും ആം ആദ്മി പാര്‍ട്ടിയും. ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയും വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് പ്രചാരണം. 60 സീറ്റോളം ഉറപ്പിച്ചതായി നേതാക്കള്‍ അവകാശപ്പെടുന്നു.

വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്. ശാഹീന്‍ ബാഗ്, സീലംപൂര്‍, ജാമിഅ എന്നീവിടങ്ങളിലെ പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ ഭിന്നിപ്പിക്കാനാണ് എന്നാണ് പ്രചാരണം. ഇതിനെല്ലാം ഊര്‍ജം പകരുന്നത് കെജ്‍രിവാളാണെന്നും ബി.ജെ.പി ആരോപിക്കുന്നു.

ബി.ജെ.പിയുടെ വര്‍ഗീയ പ്രസ്താവകള്‍ക്ക് ശക്തമായ മറുപടി നല്‍കുന്നുണ്ടെങ്കിലും അവയിലേക്ക് മാത്രം ചര്‍ച്ചകള്‍ കേന്ദ്രീകരിക്കപ്പെടാതിരിക്കാന്‍ എ.എ.പിയും കോണ്‍ഗ്രസും ശ്രദ്ധിക്കുന്നുണ്ട്.