LiveTV

Live

National

തടങ്കല്‍ പാളയങ്ങളില്ലെന്ന് കേന്ദ്രമന്ത്രി; അസമില്‍ ഉയരുന്നത് 10 പടുകൂറ്റന്‍ പാളയങ്ങള്‍ 

വിസാ പ്രശ്‌നങ്ങളില്‍ പെട്ട യഥാര്‍ഥ വിദേശികളേക്കാളേറെ രേഖകള്‍ ശരിയല്ലാത്ത ഇന്ത്യക്കാരാണ് അസമിലെ തടങ്കല്‍ പാളയങ്ങളില്‍ ഇപ്പോഴുമുള്ളത്

 തടങ്കല്‍ പാളയങ്ങളില്ലെന്ന് കേന്ദ്രമന്ത്രി; അസമില്‍ ഉയരുന്നത് 10 പടുകൂറ്റന്‍ പാളയങ്ങള്‍ 

പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവരെ മാത്രം ലക്ഷ്യമിട്ട് അസമില്‍ തടങ്കല്‍ പാളയങ്ങളില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്‌സഭയില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത വിധത്തില്‍ പുതിയ തടങ്കല്‍ പാളയങ്ങളാണ് അസമില്‍ ഉയരുന്നത്. വിസാ പ്രശ്‌നങ്ങളില്‍ പെട്ട യഥാര്‍ഥ വിദേശികളേക്കാളേറെ രേഖകള്‍ ശരിയല്ലാത്ത ഇന്ത്യക്കാരാണ് അസമിലെ തടങ്കല്‍ പാളയങ്ങളില്‍ ഇപ്പോഴുമുള്ളത്.

വിസാ നിയമങ്ങള്‍ ലംഘിക്കുന്ന വിദേശികളെ ജയിലുകളില്‍ പാര്‍പ്പിക്കരുതെന്നും അവര്‍ക്കായി പ്രത്യേക തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കണമെന്നുമുള്ള കോടതി നിര്‍ദ്ദേശത്തിന്റെ മറ പിടിച്ചാണ് നിലവില്‍ അസമില്‍ മാത്രം 10 പടുകൂറ്റന്‍ തടങ്കല്‍ പാളയങ്ങള്‍ ഉയരുന്നത്. നേരത്തെ തന്നെ ഐ.എം.ഡി.ടി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന ആറ് തടങ്കല്‍ പാളയങ്ങള്‍ വേറെയുമുണ്ട്. വിവിധ കാലങ്ങളിലായി 988 പേരെയാണ് ഇവിടെ തടവിലിട്ടത്. എന്നാല്‍ വിസാ നിയമങ്ങള്‍ ലംഘിച്ച കുറ്റത്തിന് പിടിയിലായ വിദേശികളെ അസമിലെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിച്ചതിന് ഇതുവരെ രേഖകളില്ല. അസേതമയം ഡി. വോട്ടര്‍ പട്ടികയില്‍ പെട്ടവരും പിന്നീട് പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവരും ഈ തടവറകളില്‍ ഇപ്പോഴും നരകതുല്യമായ ജീവിതം തള്ളി നീക്കുന്നുണ്ട്.

എന്‍.ആര്‍.സി പട്ടികയുടെ ഒന്നാം ഘട്ടം പുറത്തു വന്നതിനു ശേഷമാണ് അസമില്‍ ഇപ്പോഴത്തെ തടങ്കല്‍ പാളയങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കിയത്. 2018 ഡിസംബറില്‍ നിര്‍മ്മാണം ആരംഭിച്ച ഗോല്‍പാറയിലെ പാളയത്തിനു മാത്രം 46.41 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ഒറ്റ വര്‍ഷം കൊണ്ടുതന്നെ 80 ശതമാനം പണിയും പൂര്‍ത്തിയാക്കിയ ഈ പാളയം അടുത്ത മാസം മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. ശേഷിച്ച പാളയങ്ങളുടെ പണിയും അതിവേഗതയിലാണ് പൂര്‍ത്തിയാകുന്നത്. യാഥാര്‍ഥ്യം തികച്ചും വ്യത്യസ്തമാണെന്നിരിക്കെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പാര്‍ലമെന്റിന് അസം സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്.