LiveTV

Live

National

"തരംതാഴ്‍ന്ന ആരോപണങ്ങള്‍"; ബി.ജെ.പിക്കെതിരെ കേജ്‌രിവാളിന്റെ മകൾ

ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ, കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവര്‍ കെജ്‍രിവാളിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു

"തരംതാഴ്‍ന്ന ആരോപണങ്ങള്‍"; ബി.ജെ.പിക്കെതിരെ കേജ്‌രിവാളിന്റെ മകൾ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌‌രിവാളിനെതിരായ ബി.ജെ.പി നേതാക്കള്‍ക്ക് മറുപടിയുമായി കെജ്‍രിവാളിന്റെ മകള്‍ ഹര്‍ഷിത കെജ്‍രിവാള്‍. രാഷ്ട്രീയം കൂടുതൽ തരംതാണതിന്റെ ലക്ഷണമാണിതെന്ന് ഹർഷിത പ്രതികരിച്ചു. ‘ആരോഗ്യ സേവനങ്ങൾ സൗജന്യമാക്കിയതാണോ ഭീകരവാദം? കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് ഭീകരവാദമാണോ? ആളുകൾക്ക് വൈദ്യുതിയും വെള്ളവും നൽകുന്നത് ഭീകരവാദമാണോ?’ – ഇരുപത്തിനാലുകാരിയായ ഹർഷിത കെജ്‍രിവാൾ ചോദിച്ചു. അച്ഛന്‍ തങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ചിട്ടുണ്ടെന്നും അത് അദ്ദേഹം തീവ്രവാദിയായതുകൊണ്ടാണോ എന്നും ഹര്‍ഷിത ചോദിച്ചു.

"എന്റെ പിതാവ് എല്ലായ്‌പ്പോഴും സാമൂഹ്യ സേവന രംഗത്തുണ്ടായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട് അദ്ദേഹം എന്നെയും സഹോദരനെയും അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ആറുമണിയാകുമ്പോഴേക്കും ഉണര്‍ത്തിയിരുന്നത്. എന്നിട്ട് ഭഗവത്ഗീത വായിപ്പിക്കുകയും 'ഇന്‍സാന്‍ സെ ഇന്‍സാന്‍ കാ ഹോ ബായ്ചാര' എന്ന ഗാനം പാടിക്കുകയും ചെയ്യുമായിരുന്നു. അതേ കുറിച്ച് ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. അപ്രകാരം ചെയ്യുന്നതാണോ തീവ്രവാദം?" ഹര്‍ഷിത ചോദിച്ചു.

ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ, കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവര്‍ കെജ്‍രിവാളിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഡൽഹിയിലെ വോട്ടർമാർ കേജ്‌രിവാളിനെതിരെ തിരിയുന്നതിനു കാരണമുണ്ടെന്നും നിഷ്കളങ്ക മുഖഭാവവുമായി ‘ഞാൻ ഭീകരനാണോ?’ എന്നാണ് ക‌േജ്‌രിവാൾ ചോദിക്കുന്നത്. അദ്ദേഹം ഭീകരനാണെന്നതിന് അനേകം തെളിവുകളുണ്ട്. അദ്ദേഹം ഒരു അരാജകവാദിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു; അരാജകവാദിയും ഭീകരനും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും ജാവഡേക്കർ പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി രാപകലില്ലാതെ അധ്വാനിച്ചിട്ടും തന്നെ തീവ്രവാദിയായിട്ടാണ് കാണുന്നത് എന്നതില്‍ വലിയ ദുഃഖമുണ്ടെന്ന് കെജ്‌രിവാളും പ്രതികരിച്ചിരുന്നു.