LiveTV

Live

National

കെജ്‍രിവാളിന് വോട്ട് ചെയ്താല്‍ പാകിസ്താന് സന്തോഷമാകും, അത് വേണ്ട: യോഗി

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ രോഷം പ്രകടിപ്പിക്കാനുള്ള ഒരു ഒഴികഴിവ് മാത്രമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം എന്നും യോഗി വാദിച്ചു. 

കെജ്‍രിവാളിന് വോട്ട് ചെയ്താല്‍ പാകിസ്താന് സന്തോഷമാകും, അത് വേണ്ട: യോഗി

അരവിന്ദ് കെജ്‌രിവാള്‍ പാകിസ്താന്റെ കൂട്ടുകച്ചവടക്കാരനാണെന്ന് ആരോപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആം ആദ്മി പാർട്ടി (എ.എ.പി) മേധാവി അരവിന്ദ് കെജ്‍രിവാളിന് ആരും വോട്ട് ചെയ്യരുതെന്നും അത് പാകിസ്താനെ മാത്രമെ സന്തോഷിപ്പിക്കൂവെന്നും യോഗി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ രോഷം പ്രകടിപ്പിക്കാനുള്ള ഒരു ഒഴികഴിവ് മാത്രമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം എന്നും യോഗി വാദിച്ചു. ശഹീൻ ബാഗ് പ്രതിഷേധത്തിനെതിരെയും യോഗി ആഞ്ഞടിച്ചു.

''ആർട്ടിക്കിൾ 370 വിഷയത്തില്‍ അവരുടെ പങ്കാളിത്തം നിങ്ങൾ കണ്ടിട്ടുണ്ടാകും. ആർട്ടിക്കിൾ 370 ൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അതേ ശബ്ദത്തിലാണ് അരവിന്ദ് കെജ്‌രിവാൾ സംസാരിച്ചിരുന്നത്. നിങ്ങൾ അത് കേട്ടിട്ടുണ്ടാകും. ഇപ്പോൾ ഡല്‍ഹിയിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായി സംസാരിക്കുന്നത് ആരൊക്കെയാണെന്ന് അറിയാമോ? ഇത് പാകിസ്താൻ മന്ത്രിമാരാണ്. ശഹീൻ ബാഗിലെ പ്രതിഷേധക്കാർക്ക് കെജ്‌രിവാൾ ബിരിയാണി വിളമ്പുന്നണ്ടെന്ന് അവർക്ക് അറിയാം.'' യോഗി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ ഇന്ത്യക്കാരോട് ആവശ്യപ്പെട്ട പാക് മന്ത്രി ഫവാദ് ചൗധരിയുടെ ട്വീറ്റിനെ പരാമർശിച്ചുകൊണ്ടായിരുന്നു യോഗിയുടെ പ്രസംഗം.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി ആദിത്യനാഥ് തിങ്കളാഴ്ച ദേശീയ തലസ്ഥാനത്ത് മൂന്ന് റാലികളെ അഭിസംബോധന ചെയ്തു. ‘’ഇന്ത്യക്കാർ ആർക്ക് വോട്ട് ചെയ്യണമെന്ന് പാകിസ്താനാണോ തീരുമാനിക്കുന്നത്? കെജ്‌രിവാളിന് വോട്ട് ചെയ്യുന്നത് പാകിസ്താനെ സന്തോഷിപ്പിക്കുമെങ്കിൽ അത് ചെയ്യണമോ എന്ന് മെഹ്‌റൗലിയിൽ നടന്ന റാലിയിൽ യോഗി ചോദിച്ചു. സാമൂഹ്യവിരുദ്ധ, ഇന്ത്യാ വിരുദ്ധരുടെ കൈകളിലെ കളിപ്പാട്ടമായി കെജ്‌രിവാള്‍ മാറിയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ശുദ്ധമായ കുടിവെള്ളം നൽകുന്നതുപോലുള്ള പ്രധാന കാര്യങ്ങളെക്കുറിച്ച് കെജ്‌രിവാളിന് ആശങ്കയില്ലെന്നും എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ കേന്ദ്രമായ ശഹീൻ ബാഗിനെക്കുറിച്ച് ആശങ്കയുണ്ടെന്നും യോഗി കുറ്റപ്പെടുത്തി.