LiveTV

Live

National

ഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നിലപാടിൽ ഉറച്ച് നില്‍ക്കുന്നു: അനന്ത്കുമാർ ഹെഗ്ഡെ

അനാവശ്യമായ വിവാദമാണ് പ്രസ്താവനയുടെ പേരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നിലപാടിൽ ഉറച്ച് നില്‍ക്കുന്നു: അനന്ത്കുമാർ ഹെഗ്ഡെ

മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന വിവാദ പരാമര്‍ശത്തില്‍ പശ്ചാത്താപിക്കാൻ തയാറാകാതെ ബി.ജെ.പി എം.പി അനന്ത്കുമാർ ഹെഗ്ഡെ. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും മഹാത്മാ ഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അനന്ദ്കുമാർ ഹെഗ്ഡെ വ്യക്തമാക്കി. അനാവശ്യമായ വിവാദമാണ് പ്രസ്താവനയുടെ പേരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ നുണയാണ് പറഞ്ഞത്. പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ ഗാന്ധിയെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. ഗാന്ധിയെക്കുറിച്ചോ ജവഹർലാൽ നെഹ്റുവിനെക്കുറിച്ചോ അല്ലെങ്കിൽ ഏതെങ്കിലും സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചോ ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ആദ്യം അതു കാണിക്കൂ– ഹെഗ്ഡെ വ്യക്തമാക്കി.

ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം ‘നാടകം’ ആയിരുന്നുവെന്ന് ബി.ജെ.പി എം.പി
Also Read

ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം ‘നാടകം’ ആയിരുന്നുവെന്ന് ബി.ജെ.പി എം.പി

ബെംഗളൂരുവില്‍ നടന്ന പൊതുപരിപാടിയിലാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് അനന്തകുമാര്‍ ഹെഗ്ഡെ സംസാരിച്ചത്. ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്നുപറഞ്ഞ ഹെഗ്ഡെ, ഗാന്ധിജിയെ മഹാത്മാവെന്ന് വിളിക്കുന്നതിനെ ചോദ്യംചെയ്തു. രാജ്യത്തുനടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും പോലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.

മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ജനങ്ങള്‍ പിന്തുണയ്ക്കുകയാണ്. എന്നാല്‍, ഇത് സത്യമല്ല. ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലമാണ്. മഹാത്മാഗാന്ധിയുടെ വധവുമായി ആര്‍.എസ്.എസിന് ബന്ധമില്ലെന്നും അനന്തകുമാര്‍ ഹെഗ്ഡെ പറഞ്ഞു.

അനന്ദ്കുമാർ ഹെഗ്ഡെയുടെ പ്രതികരണത്തിൽ ബി.ജെ.പിയുടെ ദേശീയ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഹെഗ്ഡെയുടെ വാക്കുകൾക്കെതിരെ പാര്‍ലമെന്റിൽ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറി.

അതിനിടെ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ആനന്ദ് ഹെഗ്ഡെ മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ലോക്സഭയിൽ ഭരണ പ്രതിപക്ഷ വാക് പോര്. വിഷയം ചർച്ച ചെയ്യാൻ സ്‌പീക്കർ സമയം അനുവദിച്ചില്ല. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ വ്യാജ ഗാന്ധിമാരെ ബി.ജെ.പി ബഹുമാനിക്കുന്നില്ലെന്ന പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ സഭയിൽ നിന്നിറങ്ങി പോയി. അതേസമയം പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ഹെഗ്‌ഡെ വ്യക്തമാക്കി. ബി.ജെ.പിയുടെ അച്ചടക്ക സമിതി പരാമര്‍ശം പരിശോധിക്കും

ബി.ജെ.പി നേതാവ് അനന്ദ് കുമാർ ഹെഗ്‌ഡെ മാഹാത്മ ഗാന്ധിയെ മോശമായി ചിത്രികരിച്ചതിൽ മാപ്പ് പറയണമെന്ന് കോൺഗ്രസ്‌ ലോകസഭയിൽ ആവശ്യപ്പെട്ടു. രാവണൻമാർ സ്വാതന്ദ്ര്യ സമര നേതാക്കളെ അവഹേളിക്കുകയാണെന്ന് കോൺഗ്രസ്‌ ലോകസഭ കക്ഷി നേതാവ് അതിർരഞ്ജൻ ചൗധരി ആരോപിച്ചു.

എന്നാൽ ഹെഗ്‌ഡെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ബി.ജെ.പി നിലപാട് എടുത്തു.