LiveTV

Live

National

കേരളത്തിൽ ലവ് ജിഹാദില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍

ബെന്നി ബെഹനാന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്രത്തിന്റെ വിശദീകരണം. 

കേരളത്തിൽ ലവ് ജിഹാദില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍

കേരളത്തിലെ ലവ് ജിഹാദ് വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാര്‍ലമെന്റിനെ അറിയിച്ചു. ലവ് ജിഹാദ് കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും നിത്യാനന്ദ റായി അറിയിച്ചു. ബെന്നി ബെഹനാന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്രത്തിന്റെ വിശദീകരണം.

കേരളത്തിൽ ലവ് ജിഹാദ് കേസില്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന് അറിയാമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ലോക്സഭയില്‍ രേഖാമൂലം മറുപടി നൽകിയത്. കേരളത്തിൽ ലവ് ജിഹാദ് ശക്തിപ്പെടുന്നതായി അടുത്തിടെ സീറോ മലബാർ സഭ മെത്രാൻ സിനഡ് വിലയിരുത്തിയിരുന്നു. ഇക്കാര്യം ആവർത്തിച്ച് ഇടയലേഖനവും വന്നിരുന്നു. ഇത് സഭക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ മിശ്ര വിവാഹങ്ങള്‍ക്ക് എതിരെയല്ല, ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ച് മുസ്‍ലിം യുവാക്കള്‍ വിവാഹം കഴിക്കുകയും മതം മാറ്റുകയും ചെയ്യുന്ന ലവ് ജിഹാദിന് എതിരെയാണ് തങ്ങളെന്ന് ആവര്‍ത്തിച്ച് വി.എച്ച്.പിയും രംഗത്തുവന്നിരുന്നു. ഏതായാലും കേരളത്തിലെ രണ്ട് മിശ്ര വിവാഹങ്ങൾ എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. നിയമത്തിൽ ലവ് ജിഹാദിന് വ്യാഖ്യാനം ഇല്ലെന്നും മന്ത്രി പറഞ്ഞു.