LiveTV

Live

National

ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് മുദ്രാവാക്യം; ഉര്‍വശി ചുദാവല അടക്കം 50 പേര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

124 (എ) (രാജ്യദ്രോഹം), 153 (ബി), 505, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രണയ് അശോക് പറഞ്ഞു.   

ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് മുദ്രാവാക്യം; ഉര്‍വശി ചുദാവല അടക്കം 50 പേര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

ജെ.എൻ.യു വിദ്യാർഥിയും ശഹീന്‍ ബാഗ് പ്രതിഷേധത്തിന്റെ മുന്‍നിരക്കാരില്‍ ഒരാളുമായ ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് 50 ലേറെ പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി മുംബൈ പൊലീസ് കേസെടുത്തു. ആക്ടിവിസ്റ്റും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ എം.എ വിദ്യാര്‍ഥിയുമായ ഉര്‍വശി ചുദാവല അടക്കം 50 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഫെബ്രുവരി ഒന്നിന് ആസാദ് മൈതാനത്ത് നടന്ന എൽ.ജി.ബി.ടി.ക്യു പരിപാടിയിൽ ഷർജീൽ ഇമാമിനെ പിന്തുണച്ച് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് കേസ്. 124 (എ) (രാജ്യദ്രോഹം), 153 (ബി), 505, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രണയ് അശോക് പറഞ്ഞു.

''ഉര്‍വശി ചുദാവാലയ്‌ക്കും മറ്റ് 50 പേർക്കും എതിരെ ഞങ്ങൾ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഞങ്ങൾ അവരെ ആസാദ് മൈതാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കും.'' അശോക് പറഞ്ഞു. ഫെബ്രുവരി ഒന്നിന് നടന്ന പരിപാടിക്ക് ശേഷം ചുദാവാല മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് ആസാദ് മൈതാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഷാർജീൽ, നിങ്ങളുടെ സ്വപ്നങ്ങൾ ഞങ്ങൾ സാക്ഷാത്കരിക്കും എന്ന മുദ്രാവാക്യം ഉയർന്നപ്പോള്‍ അതിന് ചുക്കാന്‍പിടിച്ചത് ഉര്‍വശിയായിരുന്നുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുസംബന്ധിച്ച് ബി.ജെ.പി മുൻ എം.പി കിരിത് സോമയ്യയാണ് ഫെബ്രുവരി രണ്ടിന് പരാതി നൽകിയത്. പരിപാടിയിൽ ഒരു സ്ത്രീ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ചുദാവാലയ്‌ക്കും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസ് പരാജയപ്പെട്ടാൽ പ്രതിഷേധം നടത്തുമെന്ന് സോമയ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‍ലാമിയ സർവകലാശാലയിലും അലിഗഡിലും പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ജനുവരി 28 ന് ബിഹാറിലെ ജെഹാനാബാദിൽ നിന്ന് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തിരുന്നു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ പി.എ.ച്ച്ഡി വിദ്യാർഥിയായ ഇമാമിനെതിരെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളിൽ നിരവധി സംസ്ഥാനങ്ങളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.