LiveTV

Live

National

രാജീവ് ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം; ബി.ജെ.പി എം.പിക്ക് പ്രചാരണ നിരോധനം

സാമുദായികമായി ഭിന്നിപ്പുണ്ടാക്കുന്ന വിവാദ പ്രസ്താവനകള്‍ തുടരെ തുടരെ ജനങ്ങളിലേക്ക് എത്തിക്കുന്ന പര്‍വേഷിനെതിരെ കടുത്ത നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.  

രാജീവ് ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം; ബി.ജെ.പി എം.പിക്ക് പ്രചാരണ നിരോധനം

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാൻ എന്നു വിളിച്ച ബി.ജെ.പി. എം.പി. പർവേഷ് വർമക്കെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 96 മണിക്കൂര്‍ സമയത്തേക്ക് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പര്‍വേഷിനെ അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ശഹീന്‍ ബാഗില്‍ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ ദേശവിരുദ്ധമാണെന്നും പൗരത്വ നിയമം പിൻവലിക്കില്ലെന്നും ഇന്ത്യ ഭരിക്കുന്നത് രാജീവ് ഫിറോസ് ഖാന്റെ സർക്കാരല്ലെന്നുമാണ് പര്‍വേഷ് പറഞ്ഞത്. ഡൽഹി മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഭീകരൻ എന്നുവിളിച്ചതിന് വർമ കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി നേരിട്ടിരുന്നു. സാമുദായികമായി ഭിന്നിപ്പുണ്ടാക്കുന്ന വിവാദ പ്രസ്താവനകള്‍ തുടരെ തുടരെ ജനങ്ങളിലേക്ക് എത്തിക്കുന്ന പര്‍വേഷിനെതിരെ കടുത്ത നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

‘’സി‌.എ‌.എയ്‌ക്കെതിരായ ശഹീൻ ബാഗ് പ്രതിഷേധം ദേശവിരുദ്ധമാണ്. കാരണം അവർ അസമിനെയും ജമ്മു കശ്മീരിനെയും ഇന്ത്യയിൽ നിന്ന് വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. അവർക്ക് ജിന്നയുടെ 'ആസാദി' വേണം... ഇത് രാജീവ് ഫിറോസ് ഖാന്റെ സർക്കാരല്ല. ഇത് നരേന്ദ്ര മോദിയുടെ സർക്കാരാണ്... സി.എ.എ ഒരുകാരണവശാലും പിന്‍വലിക്കില്ല.'' - പര്‍വേഷ് വര്‍മ പറഞ്ഞു. തിങ്കളാഴ്ച പാർലമെന്റിൽ പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിനിടയിലാണ് സി‌.എ‌.എയെ പിൻ‌വലിക്കില്ലെന്നും രാജീവ് ഗാന്ധിയെ കുറിച്ചുള്ള വിവാദ പരാമര്‍ശവും പര്‍വേഷ് നടത്തിയത്. ഫിറോസ് ഖാന്‍ എന്ന സൂചനയിലൂടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പിതാവിനെ മുസ്‍ലിംമായി ചിത്രീകരിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള എം.പി.

അന്തരിച്ച ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമ ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന പ്രചാരകരിലൊരാളാണ്. സി.എ.എക്കെതിരെ ശഹീൻ ബാഗില്‍ നടക്കുന്ന പ്രതിഷേധങ്ങളെ ഇത്രത്തോളം മോശമായി പരാമര്‍ശിച്ച വേറൊരു ബി.ജെ.പി നേതാവുണ്ടാകില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധം നടക്കുന്ന കേന്ദ്രമാണ് ശഹീന്‍ ബാഗ്. എന്നാല്‍ ഇവിടെയുള്ളവര്‍, നിങ്ങളുടെ വീടുകളിൽ കയറുമെന്നും, നിങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുമെന്നുമാണ് കഴിഞ്ഞദിവസം എം.പി പറഞ്ഞത്. ഇദ്ദേഹത്തിന് 96 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് പര്‍വേഷ് വീണ്ടും വര്‍ഗീയ പരാമര്‍ശം നടത്തിയത്.