LiveTV

Live

National

‘’എനിക്ക് എന്റെ ഉമ്മയെ തിരികെ വേണം’’; കണ്ണീരോടെ ബിദര്‍ സ്കൂള്‍ വിദ്യാര്‍ഥിനി പറയുന്നു...

അമ്മ വിധവയായതിനാലും അടുത്ത കുടുംബാംഗങ്ങൾ ബിദറിലില്ലാത്തതിനാലും ആയിഷ* അയൽവാസിയുടെ വീട്ടിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി താമസിക്കുന്നത്.

‘’എനിക്ക് എന്റെ ഉമ്മയെ തിരികെ വേണം’’; കണ്ണീരോടെ ബിദര്‍ സ്കൂള്‍ വിദ്യാര്‍ഥിനി പറയുന്നു...

കർണാടകയിലെ ബിദർ ജില്ലയിലുള്ള ശഹീൻ പ്രൈമറി - ഹൈസ്‌കൂളിലെ ‘ചോദ്യം ചെയ്യൽ’ മുറിയിൽ നിന്ന് പുറത്തുവരുമ്പോൾ ആയിഷയുടെ (യഥാര്‍ഥ പേരല്ല) കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് അരങ്ങേറിയ സി.എ.എക്കെതിരായ നാടകത്തിലെ പങ്കിനെക്കുറിച്ച് സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞ ഒരാഴ്ചയായി കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥർ ഇവിടെയുണ്ട്.

“പൊലീസുകാരുടെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകി, പക്ഷേ എന്റെ ഉമ്മ ഇപ്പോഴും അറസ്റ്റിലാണ്. ഉമ്മ എപ്പോൾ തിരിച്ചുവരുമെന്ന് എനിക്കറിയില്ല, ” 11 വയസുകാരിയായ വിദ്യാർഥിനി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പുതിയ വിവാദ പൗരത്വ നിയമത്തോടും എതിർപ്പ് പ്രകടിപ്പിച്ച് സ്കൂളില്‍ ഒരു നാടകം അരങ്ങേറിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അമ്മ നസ്ബുന്നിസയെയും സ്കൂളിലെ പ്രധാന അധ്യാപികയായ ഫരീദ ബീഗത്തെയും ജനുവരി 30 നാണ് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അമ്മ വിധവയായതിനാലും അടുത്ത കുടുംബാംഗങ്ങൾ ബിദറിലില്ലാത്തതിനാലും ആയിഷ* അയൽവാസിയുടെ വീട്ടിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി താമസിക്കുന്നത്. “എന്റെ ഉമ്മയെ അറസ്റ്റ് ചെയ്ത അന്നുമുതല്‍ ഞാൻ എന്റെ അയൽവാസിയുടെ വീട്ടിലാണ് താമസിക്കുന്നത്. എനിക്ക് വേണ്ടതെല്ലാം അവര്‍ എനിക്ക് തരുന്നുണ്ട്, സ്വന്തം മകളെ പോലെ. പക്ഷേ എനിക്ക് എന്റെ ഉമ്മയെ തിരിച്ചുവേണം.” ആയിഷ ഇത് പറയുമ്പോൾ സങ്കടമടക്കാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു.

പ്രധാനമന്ത്രിയെ ‘കളിയാക്കി’ നാടകം; പ്ര​ധാ​നാ​ധ്യാ​പി​ക​യും ര​ക്ഷി​താ​വും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തിന് അ​റ​സ്റ്റി​ൽ
Also Read

പ്രധാനമന്ത്രിയെ ‘കളിയാക്കി’ നാടകം; പ്ര​ധാ​നാ​ധ്യാ​പി​ക​യും ര​ക്ഷി​താ​വും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തിന് അ​റ​സ്റ്റി​ൽ

പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയും വായിച്ച് ജനുവരി 21 ഒരു നാടകം അവതരിപ്പിക്കാന്‍ സ്കൂള്‍ വിദ്യാര്‍ഥികളോട് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് 4, 5, 6 ക്ലാസുകളിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികൾ ഒരു നാടകം അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി മോദിയെ അപമാനിച്ചുവെന്നാരോപിച്ച് ഒരു എ.ബി.വി.പി പ്രവർത്തകൻ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ പരാതി നൽകിയതിനെത്തുടർന്ന് ബിദർ ന്യൂ ടൌൺ പൊലീസ് എഫ്‌.ഐ‌.ആര്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ബിദർ പൊലീസ് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുത്തത്. തുടര്‍ന്ന് ബിദർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബസവേശ്വര ഹിരയുടെ നേതൃത്വത്തിലുള്ള സംഘം നാടകത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ചോദ്യം ചെയ്യാൻ നാല് തവണ ശഹീൻ സ്‌കൂളിൽ എത്തിയത് വലിയ വാര്‍ത്തയായിരുന്നു.

“എങ്ങനെയാണ് നാടകം പരിശീലിച്ചുവെന്ന് പൊലീസ് ഞങ്ങളോട് ചോദിച്ചു. ആശയം ഓര്‍മ്മയുണ്ടായിരുന്നതില്‍ ഞങ്ങൾക്ക് കൂടുതൽ പരിശീലനം വേണ്ടിയിരുന്നില്ലെന്ന് ഞാൻ മറുപടി നൽകി,” ആയിഷ പറയുന്നു. പ്രധാനമന്ത്രിയെ ചെരുപ്പ് കൊണ്ട് അടിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് പൊലീസ് ഞങ്ങളോട് ചോദിച്ചു. അത് തെറ്റാണെന്ന് ഞങ്ങൾ മറുപടി നൽകി. അവസാനമായി, നാടകത്തിൽ ഞാൻ പറഞ്ഞത് ആവർത്തിക്കാമോ എന്ന് എന്നോട് ചോദിച്ചു, ഇല്ല എന്ന് ഞാൻ പറഞ്ഞു. അവരുടെ ചോദ്യങ്ങൾക്ക് ഞാൻ സത്യസന്ധമായി ഉത്തരം നൽകിയിട്ടും എന്റെ അമ്മ അറസ്റ്റിലായി.” ആയിഷ പറഞ്ഞു. തുടര്‍ന്ന് പൊലീസ് സമര്‍പ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ, സ്കൂളിനെതിരെയും രണ്ട് സ്ത്രീകള്‍ക്കെതിരെയും കുറ്റം ചാര്‍ത്തി. സി‌.എ‌.എയെയും എൻ‌.ആർ.‌സിയെയും കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെരുപ്പ് കൊണ്ട് അടിക്കണം എന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് പറയിച്ചുവെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് എഴുതിയത്. നാടകത്തിലെ ഒരു പ്രത്യേക സംഭാഷണമാണ് കേസിലേക്ക് നയിച്ചത്. “ആരെങ്കിലും രേഖകൾ ചോദിച്ചാൽ അവരെ ചെരുപ്പ് കൊണ്ട് അടിക്കുക” എന്ന സംഭാഷണമാണ് പരാതിയില്‍ എടുത്തുപറഞ്ഞിരിക്കുന്നത്.

പ്രധാനമന്ത്രി മോദിയെക്കുറിച്ച് വിവാദ പ്രസ്താവന നടത്താൻ അമ്മ നസ്ബുന്നീസ തന്നോട് പറഞ്ഞതായി പെൺകുട്ടി മൊഴി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.