LiveTV

Live

National

എന്‍.പി.ആര്‍: 118 കോടി പൌരന്‍മാരുടെ വിവരംശേഖരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖ

2010ലെ സെൻസസിനൊപ്പമാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന്; കേന്ദ്രസര്‍ക്കാര്‍ രേഖയുടെ പകര്‍പ്പ് മീഡിയവണ്ണിന്

എന്‍.പി.ആര്‍: 118 കോടി പൌരന്‍മാരുടെ വിവരംശേഖരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖ

കോഴിക്കോട്: കേരളമടക്കം വിവിധ സംസ്ഥാനങ്ങൾ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച നാഷണൽ പോപുലേഷൻ രജിസ്റ്റർ (എൻ.പി.ആർ) ഏറെക്കുറെ തയാറാക്കിക്കഴിഞ്ഞെന്ന് കേന്ദ്ര സർക്കാർ രേഖ. 2010ലെ സെൻസസിനൊപ്പമാണ് ഈ വിവരങ്ങൾ കൂടി ശേഖരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ എൻ.പി.ആർ-സെൻസസ് നടപടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഓഫീസ് ഓഫ് ദി രജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മീഷണർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. എന്‍.പി.ആറിനു വേണ്ടി വിവര ശേഖരണം പൂര്‍ത്തിയായവരുടെ കണക്ക് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം പുറത്തുവിടുന്നത് ഇത് ആദ്യമാണ്.

റിപ്പോർട്ട് പ്രകാരം 118 കോടി പൌരൻമാരുടെ ഇലക്ട്രോണിക് വിവര ശേഖരണം പൂർത്തിയായി. ഇവരുടെ രജിസ്റ്റർ തയാറാക്കി കഴിഞ്ഞു. ഇതിൽ 25.80 കോടി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു.

രാജ്യത്തെ സെൻസസിന്റെയും എന്‍.പി.ആറിന്റെയും ചുമതല വഹിക്കുന്ന രജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മീഷണറുടെ കീഴിൽ നടക്കുന്ന വിവിധ കണക്കെടുപ്പുകളുടെ വിശദാംശങ്ങളും അതിന്റെ സംഗ്രഹ വിവരവും ഉൾപെടുത്തിയ റിപ്പോർട്ടിൽ 'സ്റ്റാറ്റസ് ഓഫ് എന്‍.പി.ആർ/എൻ.ആർ.ഐ.സി' എന്ന തലക്കെട്ടിന് കീഴിലാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്. പൌരത്വ പട്ടിക തയാറാക്കുന്നതിന്റെ ആദ്യഘട്ടമാണ് എന്‍.പി.ആർ എന്ന ആമുഖത്തോടെയാണ് വിവരശേഖരണത്തെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നത്. അടുത്തഘട്ടത്തിൽ ഇന്ത്യയിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് പൌരത്വ പട്ടിക തയാറാക്കുമെന്നും റിപ്പോർട്ടിലുണ്ട്.

2010ൽ എന്‍.പി.ആറിന് വേണ്ടി എങ്ങിനെയാണ് വിവരങ്ങൾ ശേഖരിച്ചത് എന്ന് ഓഫീസ് ഓഫ് ദി രജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മീഷണർ അവരുടെ ഒദ്യോഗിക വെബ്‌സൈറ്റിൽ വിശദീകരിക്കുന്നുണ്ട്. അതിപ്രകാരമാണ്: 2011 സെൻസസിനൊപ്പം (2010 ഏപ്രിൽ- സെപ്തംബർ മാസങ്ങളിൽ) എന്യുമറേറ്റർമാർ വീടുകൾ സന്ദർശിച്ച് എന്‍.പി.ആർ 2010ന് വേണ്ട വിവരങ്ങൾ ശേഖരിച്ചു. വിവരങ്ങൾ രേഖപ്പെടുത്തിയ ഫോം സ്‌കാൻ ചെയ്ത് ഇലക്ട്രോണിക് ഡാറ്റാബേസിൽ എത്തിച്ചു. ഇവരുടെ ബയോമെട്രിക് വിവരങ്ങൾ പ്രാദേശികമായി സംഘടിപ്പിക്കുന്ന എൻറോൾമെന്റ് ക്യാന്പുകൾ വഴി ഇതിലേക്ക് ചേർത്തുകൊണ്ടിരിക്കുകയാണ്. ഫോട്ടോഗ്രാഫ്, വിരടലടയാളം, രണ്ട് കണ്ണുകളുടെയും ചിത്രം (ഐറിസ് പ്രിന്റ്) എന്നിവയാണ് ബോയമെട്രിക് വിവരങ്ങൾക്കായി ശേഖരിക്കുന്നത്. എന്‍.പി.ആർ തയാറാക്കുന്നതിനായി നിയോഗിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്. എൻ ആർ ഐ നിർവചനപ്രകാരം പ്രവാസികൾ ഇന്ത്യയിലെ താമസക്കാരല്ല. അതിനാൽ 2010ലെ എന്‍.പി.ആറിൽ അവരെ ഉൾപെടുത്തിയിട്ടില്ല. അവർ തിരിച്ചുവന്ന് നാട്ടിൽ താമസമാക്കിയാൽ എന്‍.പി.ആറിൽ ഉൾപെടുത്തുമെന്നും രജിസ്ട്രാർ വിശദീകരിക്കുന്നു.

ഒരു വ്യക്തിയുടെ 15 വിവരങ്ങളാണ് ഇപ്പോൾ തയാറായിക്കഴിഞ്ഞ പോപുലേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിക്കുന്നത്. അവ: 1) വ്യക്തിയുടെ പേര്. 2) കുടുംബനാഥനുമായുള്ള ബന്ധം. 3) പിതാവിന്റെ പേര്. 4) മാതാവിന്റെ പേര്. 5) വിവാഹാവസ്ഥ. 6) വിവാഹിതരെങ്കിൽ ഭാര്യ/ർത്താവിന്റെ പേര്. 7) ലിംഗം. 8) ജനനത്തിയതി. 9) ജനനസ്ഥലം. 10) പൌരത്വം (nationality). 11) ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വിലാസം. 12) എത്ര നാളായി നിലവിലെ സ്ഥലത്ത് തിമസിക്കുന്നു? 13) സ്ഥിരം മേൽവിലാസം. 14) ജോലി. 15) വിദ്യാഭ്യാസ യോഗ്യത. ഇതിന് പുറമേയാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത്.

2020 ലെ എന്‍.പി.ആറിൽ 6 പുതിയ ചോദ്യങ്ങൾകൂടി കേന്ദ്ര സർക്കാർ ഉൾപെടുത്തിയിട്ടുണ്ട് എന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്‍.പി.ആർ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 74 ജില്ലകളിൽ നടത്തിയ പൈലറ്റ് സർവേയിലാണ് പുതിയ ചോദ്യങ്ങൾ ഇടംപിടിച്ചത്. മാതാപിതാക്കളുടെ ജനനത്തിയതി, ജനനസ്ഥലം, പാസ്‌പോർട്ട് വിവരങ്ങൾ, ആധാർ,വോട്ടർ ഐഡി, ലൈസൻസ് വിവരങ്ങൾ തുടങ്ങിയവയാണ് പുതുതായി ചേർത്തത്. ആകെ 21 ചോദ്യം. എന്നാൽ 2020 എന്‍.പി.ആറിന്റെ ചോദ്യപ്പട്ടികയിൽ ഇവ ഉൾപെടുത്തിയതായി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവ ഉൾപെടുത്തിയാലും ഇല്ലെങ്കിലും കേന്ദ്ര സർക്കാർ രേഖപ്രകാരം ഇപ്പോൾ അവരുടെ കൈവശമുള്ള വിവരങ്ങൾ പൌരത്വ പട്ടികയായി (എൻ.ആർ.സി) മാറ്റാൻ കഴിയുന്ന എന്‍.പി.ആർ തന്നെയാണെന്ന് രജിസ്ട്രാറുടെ റിപ്പോർട്ടിൽനിന്ന് വ്യക്തമാണ്.

ഓഫീസ് ഓഫ് ദി രജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മീഷണറുടെ വെബ്‌സൈറ്റിൽ 2010ലെ എന്‍.പി.ആറിനെ കുറിച്ച് സംക്ഷിപ്ത വിവരണമുണ്ട്. അതിൽ പറയുന്നത് 2011 സെൻസിനൊപ്പം വിവരങ്ങൾ ശേഖരിച്ചു, 2015ൽ വീടുകൾതോറും സർവെ നടത്തി ഈ വിവരങ്ങൾ പുതുക്കി, അവ ഡിജിറ്റൈസ് ചെയ്തു എന്നുമാണ്. 2021ലെ സെൻസസിനൊപ്പം വീണ്ടും എന്‍.പി.ആർ അപ്‌ഡേഷൻ നടക്കുമെന്നും അതിന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നും വൈബ്‌സൈറ്റിലുണ്ട്. ഇത്തവണ നടക്കുന്നത് പുതിയ എന്‍.പി.ആർ വിവര ശേഖരണമല്ല, മറിച്ച് പുതുക്കൽ (അപ്‌ഡേഷൻ) മാത്രമാണ് എന്നാണ് ഇതിനർഥം. അഥവാ, എന്‍.പി.ആർ നടപ്പാക്കില്ല എന്ന സംസ്ഥാന സർക്കാർ വാദവും എൻ.പി.ആർ നടപ്പാക്കരുത് എന്ന പ്രക്ഷോഭകരുടെ ആവശ്യവും അപ്രസക്തവും യുക്തിരഹിതവുമാണ് എന്നർഥം. ഇപ്പോൾ തന്നെ തയാറായിക്കഴിഞ്ഞ എൻ.പി.ആറിനെ പൌരത്വ പട്ടികയായി (എൻ.ആർ.സി) പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാറിന് മുന്നിൽ മറ്റ് തടസ്സങ്ങളൊന്നുമില്ല. അങ്ങിനെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ അവശേഷിക്കുന്ന വിവരങ്ങൾ നൽകേണ്ടത് പൌരത്വം ഉറപ്പാക്കേണ്ടവരുടെ നിയമപരമായ ബാധ്യതയും ഉത്തരവാദിത്തവുമായി മാറും.

organization_details_functions_and_duties_etc.pdf
download