LiveTV

Live

National

സി.എ.എ പ്രതിഷേധത്തിന്റെ മറവില്‍ കേന്ദ്രമന്ത്രിയുടെ വീട് ആക്രമിച്ച രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ദേബാജിത് ഹസാരിക, വിക്കി സോനാർ, അരൂപ് കഹാർ എന്നിവരാണ് അറസ്റ്റിലായത്.

സി.എ.എ പ്രതിഷേധത്തിന്റെ മറവില്‍ കേന്ദ്രമന്ത്രിയുടെ വീട് ആക്രമിച്ച രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അസമിൽ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ കേന്ദ്രമന്ത്രി രമേശ്വർ തെലിയുടെ വസതിയിൽ ആക്രമണം നടത്തിയ കേസിൽ രണ്ട് ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കേന്ദ്ര ഭക്ഷ്യ സംസ്കരണ സഹമന്ത്രി തെലിയുടെ അപ്പർ അസമിലെ ദുലിയാജൻ പട്ടണത്തിലെ വീടാണ് ആക്രമിക്കപ്പെട്ടത്. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിനിടെ ഡിസംബർ 11 നായിരുന്നു ആക്രമണം.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ദേബാജിത് ഹസാരിക, വിക്കി സോനാർ, അരൂപ് കഹാർ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ഇവരെ പിടികൂടിയതെന്ന് ദിബ്രുഗഡ് പൊലീസ് സൂപ്രണ്ട് ശ്രീജിത്ത് ടി പറഞ്ഞു. തെലിയുടെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുലിയാജനിൽ പ്രതിഷേധത്തിനിടെ പൊലീസ് സംഘത്തിന് നേരെ കല്ലെറിയുന്നതിലും ഈ മൂന്നുപേർ പങ്കാളികളായിരുന്നുവെന്ന് ശ്രീജിത്ത് പറഞ്ഞു.

ദേബാജിത് ഹസാരികയും വിക്കി സോനാറും പാർട്ടി പ്രവർത്തകരാണെന്ന് ബി.ജെ.പി വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. തെലിയുടെ വീട് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ പങ്കിനെക്കുറിച്ച് പ്രതികളുടെ കുടുംബാംഗങ്ങൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

"അവരെ എന്ത് കാരണത്താലാണ് പിടികൂടിയതെന്ന് എനിക്കറിയില്ല. എന്നാൽ ശരിയായ അന്വേഷണത്തിന് ശേഷമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതെങ്കില്‍ അതില്‍ ചില സത്യങ്ങൾ ഉണ്ടായിരിക്കണം. മൂവരും എന്റെ വീടിനടുത്താണ് താമസിക്കുന്നത്. അവർ എല്ലായ്പ്പോഴും എന്റെ കുടുംബത്തിലെ പരിപാടികളിൽ പങ്കെടുത്തിരുന്നു. " - അറസ്റ്റിനെക്കുറിച്ച് തെലി പറഞ്ഞു.

സി.എ.എ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 88 പേരെ ഇതുവരെ ദിബ്രുഗഡ് ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.