LiveTV

Live

National

ഷാഹിന്‍ ബാഗ് സമരപ്പന്തലിന് പൊലീസ് കാവല്‍

സരിത വിഹാറില്‍ നിന്ന് ഷാഹിന്‍ ബാഗിലേക്കുള്ള സഞ്ചാരം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി

ഷാഹിന്‍ ബാഗ് സമരപ്പന്തലിന് പൊലീസ് കാവല്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ഡല്‍ഹിയിലെ ഷാഹിന്‍ ബാഗ് സമരപ്പന്തലിന് പൊലീസ് കാവലേര്‍പ്പെടുത്തി. സരിത വിഹാറില്‍ നിന്ന് ഷാഹിന്‍ ബാഗിലേക്കുള്ള സഞ്ചാരം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി. ദേഹപരിശോധനക്ക് ശേഷമാണ് പ്രദേശവാസികള്‍ക്ക് പോലും പ്രവേശം അനുവദിക്കുന്നത്.

ഹിന്ദു സേനയുടെ ഭാഗത്ത് നിന്നടക്കം ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി. കഴിഞ്ഞ ദിവസം നുഴഞ്ഞു കയറിയ ഹിന്ദുത്വവാദി കപില്‍ ഗുജ്ജര്‍ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് കൂടി കണക്കിലെടുത്താണ് പൊലീസ് നീക്കം. ഷാഹിന്‍ ബാഗ് സമരപ്പന്തലിന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ ആര്‍.എസ് കൃഷ്ണയ്യ പറഞ്ഞു.

സരിത വിഹാറില്‍ നിന്ന് ഷാഹിന്‍ ബാഗിലേക്കുള്ള സഞ്ചാരം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് പോലും ദേഹ പരിശോധനക്ക് ശേഷമാണ് പ്രവേശം അനുവദിക്കുന്നത്. സ്ഥലത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഹിന്ദു സേന ഇന്നലെ മൂന്ന് തവണയായി പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ഷാഹിന്‍ ബാഗ് പരിസരത്ത് സംഘടിച്ചത്. തോക്കുധാരിയെ സമരപ്പന്തലില്‍വെച്ച് പിടികൂടി ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പാണ് കഴിഞ്ഞ ദിവസം കപില്‍ ഗുജ്ജറും ഷാഹിന്‍ ബാഗിലെത്തി സമരക്കാര്‍ക്ക് നേരെ നിറയൊഴിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്നയിടങ്ങളിലെല്ലാം സംഘ്പരിവാര്‍ അനുകൂലികള്‍ തോക്കുമായി പ്രത്യക്ഷപ്പെടുന്നത് സാധാരണമാവുകയാണ്.