LiveTV

Live

National

ജാമിഅയിലെ മാധ്യമ വിഭാഗം റിപ്പബ്ലിക് ടിവി ബഹിഷ്കരിക്കും; ക്യാമ്പസ് പ്ലെയ്‌സ്‌മെന്റുകൾക്കായി ചാനലിനെ വിളിക്കില്ല

ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ യു.പി സ്വദേശി വെടിയുതിര്‍ത്ത വാര്‍ത്ത റിപ്പബ്ലിക് ടിവി വളച്ചൊടിച്ച് നല്‍കിയെന്ന് ആരോപിച്ചാണ് ചാനല്‍ ബഹിഷ്കരിക്കാന്‍ മാധ്യമ വിഭാഗം തീരുമാനിച്ചിരിക്കുന്നത്

 ജാമിഅയിലെ മാധ്യമ വിഭാഗം റിപ്പബ്ലിക് ടിവി ബഹിഷ്കരിക്കും; ക്യാമ്പസ് പ്ലെയ്‌സ്‌മെന്റുകൾക്കായി ചാനലിനെ വിളിക്കില്ല

ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്റര്‍ റിപ്പബ്ലിക് ടിവിയെ ബഹിഷ്കരിക്കുന്നു. ക്യാമ്പസ് പ്ലേസുമെന്റുകള്‍ക്കായി ഇനി ചാനലിനെ വിളിക്കണ്ടെന്നാണ് മാധ്യമ ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം. ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ യു.പി സ്വദേശി വെടിയുതിര്‍ത്ത വാര്‍ത്ത റിപ്പബ്ലിക് ടിവി വളച്ചൊടിച്ച് നല്‍കിയെന്ന് ആരോപിച്ചാണ് ചാനല്‍ ബഹിഷ്കരിക്കാന്‍ മാധ്യമ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നുള്ളയാളാണ് വെടിയുതിര്‍ത്തതെന്നാണ് അര്‍ണാബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ ആദ്യം വാര്‍ത്ത നല്‍കിയത്. ജാമിയ പ്രക്ഷോഭകന്‍ തോക്ക് ഉപയോഗിച്ചുവെന്നും ബ്രേക്കിംഗ് വാര്‍ത്തയായി നല്‍കി.'' പ്രതിഷേധക്കാര്‍ അക്രമാസക്തരാകുന്നു, ജാമിയ പ്രക്ഷോഭകന്‍ തോക്ക് ഉപയോഗിക്കുന്നു. എന്നാണ് റിപ്പബ്ലിക് ടിവി വാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ റിപ്പബ്ലിക്കിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. വെടിവെപ്പ് നടന്ന സ്ഥലത്തുണ്ടായിരുന്ന റിപ്പബ്ലിക് ടിവി വാര്‍ത്താ സംഘത്തെ ഇതേത്തുടര്‍ന്ന് പ്രക്ഷോഭകര്‍ തുരത്തുകയും ചെയ്തു.

 ജാമിഅയിലെ മാധ്യമ വിഭാഗം റിപ്പബ്ലിക് ടിവി ബഹിഷ്കരിക്കും; ക്യാമ്പസ് പ്ലെയ്‌സ്‌മെന്റുകൾക്കായി ചാനലിനെ വിളിക്കില്ല

ഗ്രേറ്റര്‍ നോയിഡയില്‍ നിന്നുള്ള രാംഭക്ത് ഗോപാല്‍ എന്നയാളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇയാള്‍ ആക്രമണത്തിന് മുമ്പ് ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. ആക്രമണം നടത്താനുള്ള സ്ഥലം തേടുന്നതിനിടെയായിരുന്നു ലൈവ്. ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം എന്നും ജയ് ശ്രീറാം എന്നും വിളിച്ചു പറഞ്ഞുകൊണ്ടാണ് ഇയാള്‍ വിദ്യാര്‍ത്ഥികളുടെ നേരെ വെടിവെച്ചത്. ഡല്‍ഹി പോലീസ് നോക്കിനില്‍ക്കെയായിരുന്നു സംഭവം. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു.

റിപ്പബ്ലിക് ടിവിയുടെ വ്യാജവാര്‍ത്തക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശമുയര്‍ന്നിരുന്നു. റിപ്പബ്ലിക് ടിവിയെ ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് #BanRepublicTV ഹാഷ് ടാഗുകളും ഉയര്‍ന്നിരുന്നു.