LiveTV

Live

National

ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കാന്‍ പ്രശാന്ത് കിഷോര്‍

പ്രശാന്ത് കിഷോർ നേതൃത്വം നൽകുന്ന ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റിയുമായി (ഐപാക്) ഡി.എം.കെ ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു

ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കാന്‍ പ്രശാന്ത് കിഷോര്‍

പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ 2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് വേണ്ടി പ്രവര്‍ത്തിക്കും. പ്രശാന്ത് കിഷോർ നേതൃത്വം നൽകുന്ന ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റിയുമായി (ഐപാക്) ഡി.എം.കെ ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. "2021 ലെ തെരഞ്ഞെടുപ്പിൽ ഞങ്ങളോടൊപ്പം പ്രവർത്തിക്കാനും തമിഴ്നാടിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കാനുള്ള ഞങ്ങളുടെ പദ്ധതികൾ രൂപപ്പെടുത്താനും സഹായിക്കുന്നതിന്" ഇന്ത്യൻ പി‌എസി "എന്ന ബാനറിൽ തമിഴ്‌നാട്ടിലെ മിടുക്കരും സമാന ചിന്താഗതിക്കാരായ നിരവധി യുവ പ്രൊഫഷണലുകൾ ഞങ്ങളോടൊപ്പം ചേരുന്നുവെന്ന് പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്!" സ്റ്റാലിന്‍ കുറിച്ചു.

"സ്റ്റാലിന്‍ ഇത്തരമൊരു അവസരം നല്‍കിയതിന് നന്ദി. 2021 ലെ തെരഞ്ഞെടുപ്പിൽ ശക്തമായ വിജയം നേടാൻ സഹായിക്കുന്നതിനും നിങ്ങളുടെ കഴിവുള്ള നേതൃത്വത്തിൽ സംസ്ഥാനത്തെ പുരോഗതിയുടെയും സമൃദ്ധിയുടെയും പാതയിലേക്ക് തിരിച്ചുവിടാൻ സഹായിക്കുന്നതിന്" ഇന്ത്യൻ പിഎസി തമിഴ്‌നാട് ടീം ഡി.എം.കെ.യുമായി പ്രവർത്തിക്കാൻ സാധിച്ചതില്‍ ആവേശത്തിലാണെന്ന് ഐപാക് ട്വീറ്റ് ചെയ്തു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയ സുനില്‍. കെ കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞതോടെയാണ് പ്രശാന്ത് കിഷോര്‍ ചുമതലയേല്‍ക്കുന്നത്.

ഹൈദരാബാദ് കേന്ദ്രമായാണ് ഐപാക് പ്രവർത്തിക്കുന്നത്. 2019-ൽ ആന്ധ്രയിൽ വൻ വിജയം നേടിയ ജഗൻ മോഹൻ റെഡ്ഡിയുടെ ഇലക്‌ഷൻ തന്ത്രങ്ങൾ ആവിഷ്കരിച്ചത് ഈ കമ്പനിയാണ്. പഞ്ചാബിൽ അമിരീന്ദർ സിംഗിന്റെയും ബീഹാറിൽ നിതീഷ് കുമാറിന്റെയും പ്രചാരണ തന്ത്രങ്ങൾ രൂപപ്പെടുത്തിയതും പ്രശാന്ത് കിഷോറായിരുന്നു. 2014-ൽ ബി.ജെ.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ചതോടെയാണ് പ്രശാന്ത് കിഷോർ പ്രശസ്തിയിലേക്ക് ഉയർന്നത്.

ബി.ജെ.പി സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് വൈസ് പ്രസിഡന്റ് പദവി സ്വീകരിച്ച് പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശനം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 2015 ല്‍ നിതീഷ് കുമാറിന് വേണ്ടിയും മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന് വേണ്ടിയും പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍ നീതി മയ്യവുമായുള്ള കരാര്‍ ജനുവരിയില്‍ അവസാനിച്ചിരുന്നു.

പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ പ്രതികരിച്ചതിനായിരുന്നു പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കിയത്. ജെഡിയുവില്‍ നിന്ന് പുറത്താക്കിയെങ്കിലും ബീഹാറില്‍ തന്നെ താന്‍ പ്രവര്‍ത്തനം നടത്തുമെന്ന് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.