LiveTV

Live

National

ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം ‘നാടകം’ ആയിരുന്നുവെന്ന് ബി.ജെ.പി എം.പി

ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും പിന്തുണയോടെയുമാണ് ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരം അരങ്ങേറിയതെന്നാണ് ബി.ജെ.പി എം.പിയുടെ പ്രസ്താവന. 

ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം ‘നാടകം’ ആയിരുന്നുവെന്ന് ബി.ജെ.പി എം.പി

വിചിത്രമായ പല വാദങ്ങളും വിളിച്ചുപറയാറുള്ള മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ അനന്ത്കുമാർ ഹെഗ്‌ഡെക്ക് വിവാദങ്ങള്‍ പുതിയ കാര്യമല്ല. ഇത്തവണ മഹാത്മാഗാന്ധിക്ക് നേരെയാണ് ഹെഗ്ഡെയുടെ ആക്രമണം. ഗാന്ധിജി നയിച്ച സ്വാതന്ത്ര്യസമരം 'നാടകം' ആയിരുന്നുവെന്നാണ് ഹെഗ്ഡെയുടെ ആക്ഷേപം. ഇത്തരക്കാരെ എങ്ങനെയാണ് ഇന്ത്യയിൽ മഹാത്മാ എന്ന് വിളിക്കുന്നതെന്നും ബി.ജെ.പി എം.പി ചോദിച്ചു. ബംഗളൂരുവില്‍ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും പിന്തുണയോടെയുമാണ് ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരം അരങ്ങേറിയതെന്നാണ് ബി.ജെ.പി എം.പിയുടെ പ്രസ്താവന. ഉത്തര കന്നഡയിൽ നിന്നുള്ള ലോക്സഭാ എം.പിയാണ് അനന്ത്കുമാര്‍ ഹെഗ്ഡെ. "ഈ നേതാക്കൾ എന്ന് വിളിക്കപ്പെടുന്ന ആരെയും പൊലീസുകാർ ഒരിക്കൽ പോലും തല്ലിയിട്ടില്ല. അവരുടെ സ്വാതന്ത്ര്യസമരം ഒരു വലിയ നാടകമായിരുന്നു. ബ്രിട്ടീഷുകാരുടെ അംഗീകാരത്തോടെ ഈ നേതാക്കൾ ആ നാടകം ഭംഗിയായി കളിച്ചു. അതൊരു യഥാർത്ഥ പോരാട്ടമായിരുന്നില്ല. വെറുമൊരു നീക്കുപോക്ക് സ്വാതന്ത്ര്യസമരമായിരുന്നു, ” ഹെഗ്‍ഡെ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ നിരാഹാര സമരവും, സത്യഗ്രഹവും വെറുമൊരു നാടകം മാത്രമായിരുന്നുവെന്നും ഹെഗ്ഡെ പറഞ്ഞു. സത്യഗ്രഹവും സഹനസമരവും കൊണ്ടാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കോൺഗ്രസിനെ പിന്തുണയ്ക്കുന്ന ആളുകൾ പറയുന്നത്. അത് ശരിയല്ല. സത്യഗ്രഹം കാരണം ബ്രിട്ടീഷുകാർ രാജ്യം വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം വായിക്കുമ്പോൾ തന്റെ രക്തം തിളച്ചുമറിയുകയാണ്. ഇത്തരക്കാർ നമ്മുടെ രാജ്യത്ത് മഹാത്മാവായി മാറുകയാണെന്നും ഹെഗ്‌ഡെ തന്റെ പ്രസ്താവനയിൽ പറഞ്ഞു.

അതെ സമയം അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് വിവാദത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അനന്ത്കുമാര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടെന്നാണ് സൂചന.